|    Nov 15 Thu, 2018 5:53 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖഷഗ്ജിയുടെ മൃതദേഹം കഷണങ്ങളാക്കി പെട്ടികളിലേക്ക് മാറ്റി

Published : 5th November 2018 | Posted By: kasim kzm

ഇസ്താംബൂള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ മൃതദേഹം കഷണങ്ങളാക്കി അഞ്ച് സ്യൂട്ട്‌കേസുകളിലേക്ക് മാറ്റിയതായി റിപോര്‍ട്ട്. തുര്‍ക്കിയിലെ സര്‍ക്കാര്‍ അനുകൂല പത്രമായ സബഹ് ആണ് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ അധികരിച്ച് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 2ന് തുര്‍ക്കിയിലെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനകത്തു പ്രവേശിച്ച ഖഷഗ്ജിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കി പെട്ടികളിലാക്കുകയും തൊട്ടടുത്ത ദിവസം സൗദി കോണ്‍സല്‍ ജനറലിന്റെ വസതിയിലേക്ക് പെട്ടികള്‍ മാറ്റുകയും ചെയ്തതായി സബഹ് റിപോര്‍ട്ട് ചെയ്തു.
ഖഷഗ്ജിയുടെ മൃതദേഹങ്ങള്‍ ഛേദിക്കുന്നതില്‍ പങ്കാളികളായ 15 അംഗ സംഘത്തില്‍ മഹര്‍ മുത്‌രിബ്, സലാഹ് തുബെയ്ജി, തഅര്‍ അല്‍ ഹര്‍ബി എന്നീ മുഖ്യ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത സഹായിയാണ് മുത്‌രിബ്. സൗദി ഫോറന്‍സിക് സയന്‍സ് കൗണ്‍സില്‍ തലവനും സൗദി സൈന്യത്തില്‍ കേണലുമാണ് തുബെയ്ജി. സൗദി റോയല്‍ ഗാര്‍ഡില്‍ ലെഫ്റ്റനന്റായി കഴിഞ്ഞ വര്‍ഷം സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥനാണ് അല്‍ ഹര്‍ബി.ഖഷഗ്ജിയെ കൊലപ്പെടുത്താന്‍ സൗദി ഭരണകൂടത്തിന്റെ ഉന്നത തലങ്ങളില്‍ നിന്നു നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തില്‍ തുര്‍ക്കി പ്രസിഡന്റ്് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടിരുന്നു. കൊലപാതകം ഒരുകൂട്ടം സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രം നടത്തിയ പ്രവൃത്തിയല്ലെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോണ്‍സുലേറ്റില്‍ നിന്ന് 200 മീറ്ററോളം അകലെയാണ് കോണ്‍സലര്‍ ജനറലുടെ വസതി. ഖഷഗ്ജിയെ വധിച്ചുവെന്ന് കരുതുന്ന സമയത്തിനുശേഷം മൂന്നുപേര്‍ കോണ്‍സുലേറ്റില്‍ നിന്ന് കോണ്‍സലര്‍ ജനറലുടെ വസതിയിലേക്ക് വിവിധ വാഹനങ്ങളിലായി പലതവണ സഞ്ചരിക്കുന്നതായി അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. രണ്ടുമണിക്കൂറിനു ശേഷം വസതിയില്‍ നിന്നു മുത്രേബ് പുറത്തിറങ്ങുന്നതായും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ഖഷഗ്ജിയുടെ മൃതദേഹം എവിടെയാണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുള്ളതായാണ് തുര്‍ക്കി സര്‍ക്കാരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമുള്ള പ്രതികരണം. മൃതദേഹം വെട്ടിനുറുക്കിയതിനു ശേഷം ആസിഡുപയോഗിച്ച് നശിപ്പിച്ചുകളഞ്ഞുവെന്ന് തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കഴിഞ്ഞ ദിവസം റിപോര്‍ട്ട് പുറത്തുവന്നിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss