|    Oct 21 Sun, 2018 2:08 pm
FLASH NEWS

ഖബറും പള്ളിയും പൊളിച്ചുള്ള വികസനത്തിനെതിരേ പ്രതിഷേധം

Published : 27th March 2018 | Posted By: kasim kzm

കഴക്കൂട്ടം: ഖബറുംപള്ളിയും പൊളിച്ച് മാറ്റി കൊണ്ടുള്ള ദേശീയ പാത വികസനത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ദേശീയ പാതക്കരികില്‍ സ്ഥിതി ചെയ്യുന്ന കഴക്കൂട്ടം ഖബറഡി മുസ്്‌ലിം ജമാഅത്ത് മസ്ജിദിന് മുന്നിലുള്ള ഖബര്‍ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ച് മാറ്റാനായുള്ള അധികൃതരുടെ നീക്കത്തിനെതിരേയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജമാഅത്ത് അംഗങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്.


സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മസ്ജിദ്ിനു മുന്നിലെ ദേശീയ പാതക്കരികില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ സംഗമം നടന്നു. നിലവിലെ ദേശീയ പാത നാലുവരി പാതയാക്കുന്നതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുമ്പു നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ പള്ളിയുടെ നല്ലൊരു ഭാഗവും പള്ളിക്കു മുന്നിലുള്ള ഖബറും  പള്ളി വക ഷോപ്പിങ് ക്ലോംപ്ലക്‌സും പൊളിച്ച് മാറ്റുന്ന തരത്തിലുള്ള അലയ്‌മെന്റായിരുന്നു നാഷനല്‍ ഹൈവേ അതോറിറ്റി പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരേ അന്ന് ജമാഅത്ത് അംഗങ്ങളും കമ്മിറ്റി ഭാരവാഹികളും വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളും ഒരുമിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാന, കേന്ദ്ര മന്ത്രിമാരെ നേരില്‍ കണ്ട് പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാമത് നടത്തിയ സര്‍വേയില്‍ ഖബറും പള്ളിയും പൂര്‍ണമായി സംരക്ഷിച്ച് കൊണ്ടുള്ള അലയ്്ന്‍മെന്റാണ് ബന്ധപ്പെട്ടവര്‍ പുറത്തുവിട്ടത്. എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് നാഷനല്‍ ഹൈവേ വിഭാഗം പള്ളിക്ക് മുന്നിലുള്ള ഖബര്‍ പൊളിച്ച് മാറ്റാതെയുള്ള റോഡ് വികസനം സാധ്യമല്ലെന്നു കാണിച്ച്്്്് പള്ളി അധികൃതര്‍ക്ക് കത്ത്് നല്‍കിയതായി മഹല്ല് ഭാരവാഹികള്‍ പറയുന്നു.
വാര്‍ത്ത പ്രചരിച്ചതോടെയാണ് ജനം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പള്ളിക്ക് ഓപോസിറ്റ് താമസക്കാരായ ചില വീട്ടുടമകള്‍ തങ്ങളുടെ സ്ഥലവും വീടും നഷ്ടപ്പെടാതിരിക്കാന്‍ നടത്തിയ നീക്കമാണ് ഇപ്പോള്‍ മഹല്ലിന് നാഷനല്‍ ഹൈവേ അതോറിറ്റി ഇങ്ങനെ ഒരു അറിയിപ്പ് നല്‍കാന്‍ കാരണമായതെന്നും ആരോപണമുണ്ട്. 1972ല്‍ നടന്ന ദേശീയ പാതയുടെ ആദ്യ വികസനത്തില്‍ ഭൂമി ഏറ്റെടുത്തത് പൂര്‍ണമായും പള്ളിക്ക് ഓപോസിറ്റ് നിന്നായിരുന്നു. വീണ്ടും വികസനം വന്നപ്പോല്‍ ഇതേ ഭാഗത്ത് നിന്നു തന്നെ സ്ഥലമെടുക്കുന്നത് നീതിപൂര്‍വമല്ലെന്നും ഒരു വിഭാഗം  പറയുന്നു.
സര്‍വീസ് റോഡ് ഉള്‍പ്പെടെ 45 മീറ്റര്‍ വീതിയിലാണ് ദേശീയ പാത വികസനം വരുന്നത്. നിലവിലെ ദേശീയ പാതയുടെ മധ്യത്തില്‍ നിന്നും 22.5 മീറ്റര്‍ കിഴക്ക് വശത്തും ഇതേ നീളത്തില്‍ പടിഞ്ഞാറ് വശത്തു നിന്നും ഭൂമി ഏറ്റെടുത്ത്് വികസനം പൂര്‍ണതയിലെത്തിക്കണമെന്ന വാദവും നിലവിലുണ്ട്. ഇത് നടപ്പാക്കുന്ന പക്ഷം പള്ളിക്ക് മുന്നില്‍ സ്ഥിതി ചെയ്യുന്ന ഖബര്‍ പൊളിച്ച് മാറ്റേണ്ടി വരും. അങ്ങനെ വരുമ്പോല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയാത്ത അവസ്ഥയായിരിക്കും. റോഡ് വികസനത്തിന്റെ വ്യക്തമായ അലയ്‌മെന്റ് ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഖബറും പള്ളിയും സംരക്ഷിച്ച് കൊണ്ടുള്ള അലൈയ്‌മെന്റ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കഴക്കൂട്ടം ഖബറഡി മുസ്്‌ലിം ജമാഅത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ മേടവാതിക്കല്‍ മുസ്്‌ലിം ജമാഅത്ത് ചീഫ് ഇമാം  ഉബൈദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സിപിഎം കഴക്കൂട്ടം ഏരിയ സെക്രട്ടറി ശ്രീകാര്യം അനില്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് അനില്‍, സിപിഎം ഏരിയ കമ്മിറ്റി അംഗം എസ് എസ് ബിജു, കഴക്കൂട്ടം മണ്ഡലം കോണ്‍ഗ്രസ് പ്രസി. ജി ജയചന്ദ്രന്‍, ആര്‍ ശ്രീകുമാര്‍, ജമാഅത്ത് പ്രസിഡന്റ് എ അബ്ദുല്‍ ഗഫൂര്‍, സെക്ര. എസ് എ വാഹിദ്, എം സിദ്ദീക്ക് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss