|    Nov 20 Tue, 2018 10:57 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഖബറടക്കം മുടക്കുന്നത് മനുഷ്യത്വവിരുദ്ധം

Published : 11th November 2018 | Posted By: kasim kzm

അവകാശങ്ങള്‍ നിഷേധങ്ങള്‍ – അംബിക

ഇന്ത്യന്‍ ഭരണഘടന പൗരന് മാന്യമായി ജീവിക്കാനും മരിക്കാനും മരണാനന്തരം അയാളുടെ ആഗ്രഹവും വിശ്വാസവും അനുസരിച്ച് അടക്കപ്പെടാനുമുള്ള അവകാശം ഉറപ്പുനല്‍കുന്നുണ്ട്. അതു നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. എന്നാല്‍, യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മില്‍ സ്വത്തവകാശ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പലപ്പോഴും യാക്കോബായക്കാരുടെ മൃതദേഹം അവരുടെ ആചാരാനുഷ്ഠാനങ്ങളനുസരിച്ച് ഖബറടക്കാനാവാത്ത അവസ്ഥയാണു നിലനില്‍ക്കുന്നത്. 92 വയസ്സു വരെ യാക്കോബായ വിശ്വാസിയായി ജീവിച്ച കട്ടച്ചിറ പള്ളിക്കലോത്ത് മാത്യു വര്‍ഗീസിന്റെ മൃതദേഹമാണ് ഓര്‍ത്തഡോക്‌സ് സഭ അനുമതി നല്‍കാത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഒമ്പതുമണിക്കൂറോളം റോഡില്‍ വയ്‌ക്കേണ്ടിവന്നത്. പിന്നീട് വീട്ടിലേക്കു മാറ്റി. കഴിഞ്ഞ 3നായിരുന്നു മരണം. ഇതുവരെയും ഖബറടക്കാനാവാതെ വീട്ടില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. അതുവരെ പ്രാര്‍ഥിച്ച പള്ളിയില്‍, വിശ്വാസമനുസരിച്ച് ഖബറടക്കപ്പെടാനാവാതെ, ദിവസങ്ങളോളം ആശുപത്രി മോര്‍ച്ചറിയിലും തുടര്‍ന്ന് വീട്ടിലെ ഫ്രീസറിലും വയ്‌ക്കേണ്ടിവന്ന അവസ്ഥ സുപ്രിംകോടതി വിധിയുടെ പേരിലാണെന്നത് ഏറെ ദുഃഖകരമാണ്.
ഇത് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് റവ. ബാര്‍ യുഹാനോന്‍ റമ്പാന്‍ പറയുന്നു. ”യാക്കോബായ സഭയുടെ പള്ളികള്‍ മെത്രാന്‍ കക്ഷികള്‍ എന്നു വിളിക്കപ്പെടുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണം എന്നതാണ് സുപ്രിംകോടതി വിധി. അതനുസരിച്ച് ഞങ്ങളുടെ പള്ളികള്‍ ഓരോന്നായി പൂട്ടിക്കുന്നു, പിടിച്ചെടുക്കുന്നു, ശവസംസ്‌കാരം പോലും നിരന്തരം മുടക്കുന്നു. ഇപ്പോള്‍ തര്‍ക്കം നടന്ന പള്ളിയില്‍ 90 ശതമാനവും യാക്കോബായക്കാരാണെങ്കിലും സുപ്രിംകോടതി വിധി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാണ്. ജ. വി ആര്‍ കൃഷ്ണയ്യര്‍ 2009ല്‍ കേരള ഗവണ്‍മെന്റിനു സമര്‍പ്പിച്ച ചര്‍ച്ച് ആക്റ്റ് നടപ്പാക്കുക മാത്രമാണ് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏക പോംവഴി. എങ്കില്‍ മാത്രമേ 15 ലക്ഷത്തോളം വരുന്ന യാക്കോബായക്കാരുടെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടൂ.” പള്ളിയുടെ ഉടമസ്ഥര്‍ വിശ്വാസികളാണ്. അത് അവര്‍ക്കു തന്നെ കൈമാറാന്‍ ചര്‍ച്ച് ആക്റ്റ് നടപ്പാക്കുന്നതിലൂടെ കഴിയും. കേരളത്തിലെ ക്രൈസ്തവ സഭകളുടെ സ്വത്തു ഭരണത്തില്‍ ജനാധിപത്യ ചട്ടക്കൂട് കൊണ്ടുവരുന്നതിനും അതു വഴിയൊരുക്കും.
വട്ടശ്ശേരില്‍ മെത്രാന്‍സഭയുടെ ‘മലങ്കര മെത്രാപോലീത്ത’ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇദ്ദേഹം ചില സ്വത്തുക്കള്‍ ഭരണസമിതിയുടെ യാതൊരു അറിവോ അനുവാദമോ കൂടാതെ തല്‍പ്പരകക്ഷികള്‍ക്ക്് കൈമാറ്റം ചെയ്തു. 1910ല്‍ കോട്ടയത്ത് കൂടിയ സഭയുടെ പള്ളി പ്രതിപുരുഷയോഗത്തില്‍ ഇതു ചോദ്യംചെയ്യപ്പെട്ടു. സ്വത്തുതര്‍ക്കം കോടതിയില്‍ എത്തി. 1876ലെ സഭാ ഭരണഘടന അംഗീകരിക്കുന്നവര്‍ പാത്രിയര്‍ക്കീസ് ബാവയുടെ നിര്‍ദേശം അനുസരിച്ചു പുതിയ മലങ്കര മെത്രാപോലീത്തയെ തിരഞ്ഞെടുത്തു. ആരോപണവിധേയനായ മെത്രാന്‍ താനാണ് മലങ്കര മെത്രാപോലീത്ത എന്ന് കോടതിയില്‍ വാദിച്ചു. സഭയില്‍ വലിയ ഭിന്നിപ്പിന്റെ തുടക്കം അതായിരുന്നു. മെത്രാനെ അനുകൂലിച്ചവര്‍ ‘മെത്രാന്‍ കക്ഷി’ എന്നും ബാവയെ അനുകൂലിച്ചവര്‍ ‘ബാവകക്ഷി’ എന്നും തിരിഞ്ഞു കോടതി വ്യവഹാരം തുടങ്ങി.
1934ല്‍ വട്ടശേരില്‍ മെത്രാന്‍ മരിച്ചു. ആ വര്‍ഷം തന്നെ മെത്രാന്‍കക്ഷികള്‍ ഒരു ഭരണഘടന ഉണ്ടാക്കി. 1958ല്‍ പാത്രിയര്‍ക്കീസ് ബാവ കേരളത്തില്‍ എത്തി തര്‍ക്കം പരിഹരിച്ച് ഇരുകക്ഷികളെയും ഒരുമിപ്പിച്ചു. എന്നാല്‍, സമാധാനസ്ഥാപനത്തിനു ശേഷം മെത്രാന്‍ കക്ഷികള്‍ കോടതി വഴി 1934 ഭരണഘടന സ്ഥാപിച്ചെടുത്തു. ഇതു വീണ്ടും സഭകളുടെ ഭിന്നിപ്പിനു കാരണമായി. കേസ് വീണ്ടും തുടങ്ങി. 1995ല്‍ സുപ്രിംകോടതി വിധിയുണ്ടായി. 2002ല്‍ 1934 ഭരണഘടന അനുസരിച്ചു തിരഞ്ഞെടുപ്പു നടത്താന്‍ കോടതി ജ. മളിമഠിനെ ചുമതലപ്പെടുത്തി. 1934 അംഗീകരിക്കാന്‍ യാക്കോബായ സഭയ്ക്കു സാധിക്കില്ലായിരുന്നു. അവര്‍ 2002ല്‍ 1876ലെ ഭരണഘടന(മുളന്തുരുത്തി പടിയോല)യുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന വിധത്തില്‍ പുതിയ ഭരണഘടന രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, അത് കോടതി റദ്ദാക്കുകയാണുണ്ടായത്.
2017 ജൂലൈ 3നു സുപ്രിംകോടതിയുടെ അന്തിമ വിധി വന്നു. ഇനി അവശേഷിക്കുന്നത് ക്യൂറേറ്റീവ് പെറ്റീഷനാണ്. അല്ലെങ്കില്‍ ഭരണഘടനാ ബെഞ്ചില്‍ പോവുക എന്നതു മാത്രമേ മുന്നിലുള്ളൂ. അതുകൊണ്ട് ചര്‍ച്ച് ആക്റ്റ് നടപ്പാക്കുന്നതിനായുള്ള പ്രക്ഷോഭങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് റവ. ബാര്‍ യുഹാനോന്‍ റമ്പാനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും. മുഴുവന്‍ യാക്കോബായക്കാരുടെയും ശവം ആറ്റില്‍ എറിയേണ്ടിവന്നാലും ഒരു പള്ളിയിലും അടക്കാന്‍ സമ്മതിക്കില്ലെന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രസ്താവന മനുഷ്യത്വവിരുദ്ധമാണെന്നു പറയാതെ വയ്യ. അതിന്റെ പിറകിലെ നിയമവശം എന്തുതന്നെയായാലും. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss