|    Oct 17 Wed, 2018 7:28 am
FLASH NEWS

ഖനനത്തിന് നിയന്ത്രണം: ഊര്‍ങ്ങാട്ടിരി ഉരുള്‍പൊട്ടല്‍ ഭീതിയില്‍

Published : 20th September 2017 | Posted By: fsq

 

അരീക്കോട്: മഴ ശക്തമായതിനെ തുടര്‍ന്ന് ദുര്‍ബലമായ മലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകുമെന്ന ഭീതിയില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മുള്ളുംകാട് ചെക്കുന്ന് മലകള്‍ക്ക് താഴെ താമസിക്കുന്നവര്‍. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയത്തും എടവണ്ണയിലെ ചാത്തല്ലൂരിലും ഒരാഴ്ച്ച മുമ്പ് ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന്  മലകള്‍ക്ക് താഴെ താമസിക്കുന്നവര്‍ ഭീതിയോടെയാണ് കഴിയുന്നത്. ചാത്തല്ലൂര്‍ ഉരുള്‍ പൊട്ടിയത് ഊര്‍ങ്ങാട്ടീരി ചെക്കുന്ന് മലയുടെ അതിര്‍ത്തി പ്രദേശമാണ്. ഓടക്കയം വെറ്റിലപാറ കിണറടപ്പന്‍ പാക്കുളം തെച്ചാംപറമ്പ് ചൂളാട്ടിപ്പാറ പൂവത്തിക്കല്‍ മുതല്‍ ചാത്തല്ലൂര്‍ വരെ മലയുടെ താഴെ ഭാഗങ്ങളില്‍  ജനങ്ങള്‍ താമസിക്കുന്ന പ്രദേശമാണ്.  ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി ജില്ലയിലെ ക്വാറികളില്‍ ഖനന പ്രവര്‍ത്തനത്തിന് ജില്ലാകലക്ടര്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഏത് സമയത്തും അകടമുണ്ടാകുമെന്ന ഭീതിയിലാണ് ഇവിടുത്തുകാര്‍.ആദിവാസി മേഖലകളെ കേന്ദ്രീകരിച്ചാണ് ക്വാറികള്‍ ഏറെയും പ്രവര്‍ത്തിക്കുന്നത് ‘എട്ടിലേറെ ക്വാറികളാണ് ഒരു മലക്ക് ചുറ്റുമായുള്ളത്. കിണറടപ്പിലെ മുള്ളും കാട് മലയുള്‍പ്പടെ നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലെ കൊടുമ്പുഴ ഫോറസ്റ്റ് പരിതിയില്‍പ്പെട്ട വനഭൂമി ഉള്‍പ്പെടുന്ന മലകളെ കേന്ദ്രീകരിച്ച് നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. തുടര്‍ച്ചയായ സ്‌ഫോടനത്തിലൂടെയുള്ള ഖനനം മലകളുടെ ഉറപ്പിനെ പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തുന്നു. കൃത്യമായ പാരിസ്ഥിതിക പഠനം നടത്താതെയാണ് ഇവിടെ ക്വാറികള്‍ക്ക് അനുമതി നല്‍കിയത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട പരസ്ഥിതി ലോല പ്രദേശത്ത് ഖനന പ്രവര്‍ത്തനങ്ങള്‍  വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നുണ്ട്.ഇത്തരം പ്രദേശങ്ങളില്‍ ക്വാറി ലൈസന്‍സ് സംഘടിപ്പിക്കുന്നത് ക്വാറിമാഫിയകളും ഉദ്ദോഗസ്ഥലേബിയുടെയും രാഷ്ട്രീയ ഒത്തുകളികളിലൂടെയാണ്.    മുന്‍പ് ഉരുള്‍പ്പൊട്ടലുണ്ടായ ഓടക്കയം ആദിവാസി മേഖലക്ക് സമീപം തന്നെയാണ് വീണ്ടും ഉരുള്‍പ്പൊട്ടിയത്. ഓടക്കയത്ത് ആദിവാസികള്‍ താമസിക്കുന്ന ഭാഗങ്ങളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെഒത്തുകളിയാണന്ന് ആദിവാസികള്‍ ആരോപിക്കുന്നു.  കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിന് ബഹു: ഹൈകോടതി ഉത്തരവ് പ്രകാരം പാരിസ്ഥിതിക അനുമതിയില്ലാത്ത ക്വാറികള്‍ പൂട്ടാന്‍ ഉത്തരവ് നല്‍കിയതിന് ശേഷവും ജിയോളജി സ്‌റ്റോപ് മെമ്മോ നല്‍കിയിട്ടും ഈ ഭാഗങ്ങളില്‍ അനുമതിയില്ലാത്ത ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നതായി പരിസരവാസികള്‍ പറയുന്നു. മുള്ളും കാട് വനഭൂമിക്ക് സമീപം ക്വാറി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും നടപ്പടിയില്ലാത്തതിന് പിന്നില്‍ ഉദ്യോഗസ്ഥ ക്വാറി മാഫിയകളുടെ ഇടപ്പെടലിലൂടെയാണ് നടപടി വൈകുന്നത്.ഈ ഭാഗത്ത് വ്യാപകമായ വനഭൂമി കയ്യേറ്റവും നടക്കുന്നുണ്ട്

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss