|    May 22 Tue, 2018 8:08 am

ഖനനം തടഞ്ഞിരുന്നില്ലെങ്കില്‍ ‘എടക്കല്‍’ ഇല്ലാതായേനെ: എം ജി എസ് നാരായണന്‍

Published : 9th January 2017 | Posted By: fsq

കല്‍പ്പറ്റ: അമ്പുകുത്തി മലനിരകളില്‍ കരിങ്കല്‍ ഖനനം തുടര്‍ന്നിരുന്നുവെങ്കില്‍ എടക്കല്‍ റോക് ഷെല്‍ട്ടറും അതിലെ അതീവ ചരിത്രപ്രാധാന്യമുള്ള ലിഖിതങ്ങളും കഥാവശേഷമാവുമായിരുന്നെന്നു ചരിത്രകാരന്‍ പ്രഫ. എം ജി എസ് നാരായണന്‍. എടക്കല്‍ ഗുഹാ സംരക്ഷണ പ്രക്ഷോഭത്തിന്റെ മുപ്പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി വയനാട് പ്രകൃതി സംരക്ഷണ സമിതി ‘എടക്കല്‍ പൈതൃകം: സംരക്ഷണ ചരിത്രം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു പതിറ്റാണ്ടു മുമ്പ് നടന്ന എടക്കല്‍ ഗുഹാ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുഖ്യശത്രുക്കള്‍ അന്നത്തെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വലംകൈയായിരുന്ന മറ്റൊരാളുമായിരുന്നുവെന്ന് പ്രഫ. നാരായണന്‍ പറഞ്ഞു. റോക് ഷെല്‍ട്ടറിന്റെ സംരക്ഷണം മുന്‍നിര്‍ത്തി ജില്ലാ കലക്ടറായിരുന്ന ടി രവീന്ദ്രന്‍ തമ്പി എടക്കലിലും പരിസരങ്ങളിലും ഏര്‍പ്പെടുത്തിയ ക്വാറി നിരോധനം മുഖ്യമന്ത്രി നീക്കുകയുണ്ടായി. റോക് ഷെല്‍ട്ടറിന്റെ സംരക്ഷണത്തില്ല, ക്വാറി തൊഴിലാളികളുടെയും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതാക്കളുടെയും താല്‍പര്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരും പ്രാധാന്യം നല്‍കിയത്. പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ ചെലുത്തിയ സമ്മര്‍ദമാണ് എടക്കലില്‍ കല്‍മടകളുടെ പ്രവര്‍ത്തനത്തിനു താല്‍ക്കാലികമായി തടയിടാന്‍ ഉതകിയത്. റോക് ഷെല്‍ട്ടര്‍ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നു സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. കരിങ്കല്‍ ഖനനം മൂലം എടക്കല്‍ റോക് ഷെല്‍ട്ടറിന്റെ നിലനില്‍പ് തന്നെ അപകടത്തിലായ ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെയും  പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും താല്‍പര്യത്തിനു വിരുദ്ധമായി കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായത്- അദ്ദേഹം പറഞ്ഞു. പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ ആമുഖപ്രഭാഷണം നടത്തി. ഡോ. എം ആര്‍ രാഘവവാര്യര്‍, എം വിജയലക്ഷ്മി എന്നിവര്‍ യഥാക്രമം എടക്കല്‍ പൈതൃകം, എടക്കല്‍ ഗുഹാചിത്രങ്ങളും വ്യാഖ്യാനങ്ങളും എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു. ആര്‍ക്കിയോളജി വകുപ്പ് മുന്‍ ഡയക്ടടര്‍ കെ കെ മുഹമ്മദ് മോഡറേറ്ററായിരുന്നു. വയനാടിന്റെ പൈതൃക സംരക്ഷണ ചിന്ത എന്ന വിഷയത്തില്‍ ചര്‍ച്ചയും എടക്കല്‍ ദ റോക് മാജിക് എന്ന പേരില്‍ പി ടി സന്തോഷ്‌കുമാര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss