|    Mar 21 Wed, 2018 10:42 am
Home   >  Pravasi  >  Gulf  >  

ഖദ്ദാമ വിസയുടെ മറവില്‍ ചൂഷണം വ്യാപകമാവുന്നു

Published : 20th October 2016 | Posted By: SMR

റഷീദ് ഖാസിമി

റിയാദ്: വീട്ടുവേലക്കാരുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് വിസ ഏജന്‍സികളുടെ തട്ടിപ്പും ചൂഷണവും ശക്തമാവുന്നു. സൗദി ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കു വീട്ടുവേലക്കാരെ എത്തിക്കുന്നതിനു മറവില്‍ വിസ ഏജന്‍സികള്‍ കൊയ്യുന്നത് ലക്ഷങ്ങളാണ്. വിദേശരാജ്യങ്ങളിലേക്കു വീട്ടുവേലക്കായി പോവുന്ന സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയവും എമിഗ്രേഷന്‍ വിഭാഗവും നിരവധി നിയമങ്ങളും നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും ചില ഉദ്യോസ്ഥരും റിക്രൂട്ട്‌മെന്റ് ഏജന്‍സികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തട്ടിപ്പുകള്‍ വ്യാപകമാവുന്നതിന്റെ പ്രധാന കാരണം.
യുവതികളെ ബ്യൂട്ടീഷ്യന്‍ വിസയില്‍ എത്തിച്ച് വീട്ടുവേല ചെയ്യിക്കുക, വിസ സ്റ്റാംപിങ് മായ്ച്ചുകളഞ്ഞ് മാറ്റി മറ്റൊരു രാജ്യത്ത് എത്തിക്കുക, ചില വിമാനത്താവള ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നിയമവിരുദ്ധമായി രാജ്യംകടത്തുക തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെയാണ് വിസ റാക്കറ്റുകള്‍ സ്ത്രീകളെ സൗദിയിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്തരം നിരവധി സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം അടിസ്ഥാനമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും എമിഗ്രേഷന്‍ വിഭാഗത്തിനും ഇന്ത്യന്‍ എംബസി റിപോര്‍ട്ട് നല്‍കാറുണ്ടെങ്കിലും വിസാ റാക്കറ്റുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുന്നില്ല.
എമിഗ്രേഷന്‍ വിഭാഗം കരിമ്പട്ടികയില്‍പെടുത്തിയ റിക്രൂട്ടിങ് ഏജന്‍സികളില്‍ പലതും ഇപ്പോഴും സജീവമാണ്. മുംബൈ കേന്ദ്രമാക്കിയുള്ള ഇംതിയാസ് എന്ന റിക്രൂട്ടിങ് ഏജന്റിനെതിരേ ഇന്ത്യന്‍ എംബസി നിരവധി തവണ റിപോര്‍ട്ട് ചെയ്ത ശേഷമാണ് എമിഗ്രേഷന്‍ വിഭാഗം നടപടി സ്വീകരിക്കാന്‍ തയ്യാറായത്. യുവതികളെ വീട്ടുവേലയ്‌ക്കെത്തിച്ചു ചൂഷണം ചെയ്യല്‍, മറ്റു ജോലിക്കെന്ന പേരില്‍ എത്തിച്ച് ഒട്ടകത്തെ മേയ്ക്കാന്‍ ഉപയോഗിക്കല്‍ തുടങ്ങിയക്കു പിന്നില്‍ അധികവും മുംബൈ ആസ്ഥാനമായുള്ള റിക്രൂട്ടിങ് ഏജന്‍സികളാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിമാനത്താവളങ്ങളിലെ ചില എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വ്യക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ രഹസ്യാന്വേഷണ വിഭാഗം വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ആരംഭിച്ചതോടെ റിക്രൂട്ടിങ് ഏജന്‍സികള്‍ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ്. മുംബൈയിലെയോ ദല്‍ഹിയിലെയോ സൗദി എംബസി മുഖേനെ വിസ അടിച്ച ശേഷം അത് വിദഗ്ധമായി ഇളക്കിമാറ്റുന്നു. പിന്നീട് യുഎഇയിലേക്കു സന്ദര്‍ശക വിസയെടുത്ത ശേഷം സ്ത്രീകളെ ദുബയിലെത്തിക്കുന്നു. തുടര്‍ന്ന് ഇളക്കിമാറ്റിയ സൗദി വിസ വീണ്ടും പാസ്‌പോര്‍ട്ടില്‍ പതിച്ച് സ്ത്രീകളെ വീട്ടുവേലയ്ക്കായി എത്തിക്കുന്നതാണ് പുതിയ രീതി. സ്റ്റാംപ് ചെയ്ത വിസ ഇളക്കിമാറ്റാനും വീണ്ടും പതിക്കാനും അതിവിദഗ്ധരായ ഏജന്റുമാര്‍ കേരളത്തിലും ദുബയിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ബ്യൂട്ടീഷ്യന്‍ വിസയിലാണ് മറ്റു ചില ഏജന്‍സികളെ ഖദ്ദാമകളെ സൗദിയില്‍ എത്തിച്ചു കൈമാറുക. ഒരു വീട്ടുവേലക്കാരിയെ സൗദിയില്‍ എത്തിക്കുന്നതിന് തൊഴിലുടമയില്‍ നിന്ന് 25,000 റിയാല്‍ വരെ ഏജന്‍സികള്‍ ഈടാക്കുന്നു. തബൂക്ക്, വാദിദവാസിര്‍, ഹായില്‍ തുടങ്ങി ഉള്‍നഗരങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍മാരാണ് ഇത്തരം ഏജന്‍സികള്‍ക്ക് സഹായം ലഭ്യമാക്കുന്നത്. ഇടുക്കി, വയനാട് പോലെയുള്ള മലയോര ജില്ലകളിലും ഉള്‍ഗ്രാമങ്ങളിലുമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളാണ് പലപ്പോഴും ഇത്തരം തട്ടിപ്പുകളില്‍ വീണുപോവുന്നത്.
വന്‍തുക നല്‍കി സ്വന്തമാക്കിയ വേലക്കാരിയായതിനാല്‍ പലപ്പോഴും അടിമകളോട് എന്ന തരത്തിലാണ് തൊഴിലുടമകള്‍ പെരുമാറുക. ഒരേ സമയം മൂന്നും നാലും വീടുകളില്‍ വീട്ടുവേല ചെയ്യിപ്പിക്കുക, ശാരീരികമായും മാനസികമായും ഉപദ്രവിക്കുക, ചെറിയ വീഴ്ചകള്‍ക്കു പോലും ക്രൂരമായി ശിക്ഷിക്കുക, ശമ്പളവും ഭക്ഷണവും കൃത്യമായി നല്‍കാതിരിക്കുക തുടങ്ങിയ നിരവധി തൊഴില്‍ പീഡനങ്ങളാണ് റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പിന് ഇരയായി എത്തിപ്പെടുന്ന സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തന്നെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
തബൂക്കില്‍ ഒരു സര്‍വകലാശാല ഉദ്യോഗസ്ഥന്റെ വീട്ടില്‍ ജോലിക്കെത്തിയ ഇടുക്ക ശാന്തമ്പാറ സ്വദേശിനി മോളി സെബാസ്റ്റിയന്‍, വാദിദവസാറില്‍ എത്തിയ ഇടുക്കി സ്വദേശിനി ഷൈനി തുടങ്ങി എന്നിവരെ സന്നദ്ധപ്രവര്‍ത്തകര്‍ ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. ഷൈനിയുടെ സഹോദരി ഷൈബി കഴിഞ്ഞ എട്ടുമാസമായി ഇത്തരത്തില്‍ റിയാദില്‍ കഴിയുന്നു. കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങിയ ആലപ്പുഴ തുമ്പോളി സ്വദേശിനി മേരി ബാസി സെബാസ്റ്റിയന്‍ ഉള്‍പ്പെടെ ചതിക്കുഴികളില്‍ അകപ്പെട്ടവര്‍ നിരവധിയാണ്. തൊഴിലുടമക്ക് 6,000 റിയാല്‍ നഷ്ടപരിഹാരം നല്‍കിയാണ് എട്ടു മാസം മുമ്പ് ജോലിക്കെത്തിയ മേരിക്കു നാട്ടിലേക്കു മടങ്ങാന്‍ സാധിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss