|    Jan 22 Sun, 2017 5:06 am
FLASH NEWS

ഖത്തറില്‍ 12 വര്‍ഷത്തിനു ശേഷം പൊതുമാപ്പ്

Published : 27th August 2016 | Posted By: SMR

ദോഹ: ഖത്തര്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ച പൊതുമാപ്പ് രാജ്യത്ത് അനധികൃതമായി തങ്ങുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി. 12 വര്‍ഷത്തിനു ശേഷമാണ് അനധികൃത താമസക്കാര്‍ക്കു നിയമവിധേയമായി നാട്ടിലേക്കു മടങ്ങുന്നതിനു സഹായിക്കുന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സപ്തംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിന്റെ കാലാവധി. 2004 മാര്‍ച്ചിലായിരുന്നു ഇതിനു മുമ്പത്തെ പൊതുമാപ്പ്. മാര്‍ച്ച് 21ന് ആരംഭിച്ച് ജൂലൈ 21ന് അവസാനിച്ച ഇളവുകാലത്ത് 10,000ഓളം പ്രവാസികള്‍ നാട്ടിലേക്കു മടങ്ങിയിരുന്നു. ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണു ഇളവ് പ്രയോജനപ്പെടുത്തിയവരില്‍ ഭൂരിഭാഗവും.
ആദ്യം ജൂണ്‍ 21വരെയാണു പൊതുമാപ്പ് പ്രഖ്യാപിച്ചതെങ്കിലും നാട്ടിലേക്കു മടങ്ങാന്‍ അവസരം തേടിയെത്തിയവരുടെ തിരക്കു കാരണം ഒരു മാസം കൂടി നീട്ടുകയായിരുന്നു. ചില ദിവസങ്ങളില്‍ 200 പേര്‍ സല്‍വ റോഡിലുള്ള സെര്‍ച്ച് ആന്റ് ഫോളോഅപ് ഡിപാര്‍ട്ട്‌മെന്റില്‍ എത്തിയിരുന്നു.
നേരത്തേ പ്രഖ്യാപിച്ച പൊതുമാപ്പില്‍ നാട്ടിലേക്കു മടങ്ങിയവര്‍ക്കു രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചുവരുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. രാജ്യത്തേക്കുള്ള എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സി എന്നിവയെ നിയന്ത്രിക്കുന്ന നിയമം 2009ല്‍ ഭേദഗതി ചെയ്ത ശേഷം ആദ്യമായി പ്രഖ്യാപിക്കുന്ന പൊതുമാപ്പാണ് ഇപ്പോഴത്തേത്. ഈ നിയമത്തിലെ വകുപ്പുകള്‍ ലംഘിക്കുന്നവര്‍ 90 ദിവസത്തിനകം രാജ്യം വിടേണ്ടതുണ്ട്. അല്ലാത്തപക്ഷം മൂന്നു വര്‍ഷം വരെ തടവോ 50,000 റിയാല്‍ വരെ പിഴയോ ലഭിക്കും. നിലവില്‍ നിയമം ലംഘിച്ചവരായി ആയിരക്കണക്കിനു പേര്‍ രാജ്യത്തുണ്ടാവുമെന്നാണു കരുതുന്നത്. സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവര്‍, സന്ദര്‍ശന വിസയിലെത്തി നാട്ടിലേക്കു മടങ്ങാത്തവര്‍, സ്‌പോണ്‍സര്‍ക്കു കീഴിലല്ലാതെ മറ്റു തൊഴിലുടമകള്‍ക്കു കീഴില്‍ ജോലിചെയ്യുന്നവര്‍ തുടങ്ങിയവരെല്ലാം നിയമലംഘകരില്‍പ്പെടും. ഒളിച്ചോടിയവര്‍ക്കു ജോലി നല്‍കുന്നവരും നിയമലംഘകരാണ്. നിയമം ലംഘിച്ച് കഴിയുന്നവര്‍ക്കു ശിക്ഷ കൂടാതെ നാട്ടിലേക്കു മടങ്ങാനുള്ള നല്ല അവസരമാണു പൊതുമാപ്പെന്നു പ്രമുഖ ലീഗല്‍ കണ്‍സള്‍ട്ടന്റ് അബ്ദലലാല്‍ അല്‍ഖലീല്‍  പറഞ്ഞു.
ഡിസംബറില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമവുമായി ബന്ധപ്പെട്ടുള്ളതാണ് ഇപ്പോഴത്തെ പൊതുമാപ്പ് പ്രഖ്യാപനമെന്നാണു കരുതുന്നത്. പൊതുമാപ്പ് കാലാവധി കഴിയുന്നതിനു പിന്നാലെ സാധാരണ ഗതിയില്‍ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനു വ്യാപക പരിശോധന നടക്കാറുണ്ട്.
രാജ്യത്തെ ജനസംഖ്യ ആറര ലക്ഷത്തോളം ഉണ്ടായിരുന്ന സമയത്താണ് ഇതിനു മുമ്പ് പൊതുമാപ്പ് പ്രഖ്യാപനം നടന്നത്. ഇപ്പോള്‍ 25 ലക്ഷത്തിലേറെ ജനങ്ങള്‍ ഖത്തറിലുണ്ട്. നാട്ടിലേക്കു മടങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സെര്‍ച്ച് ആന്റ് ഫോളോ അപ് ഡിപാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പൊതുമാപ്പ് തേടുന്ന പ്രവാസികള്‍ക്ക് സപ്തംബര്‍ 1 മുതല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങള്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ സെര്‍ച്ച് ആന്റ്‌ഫോളോ അപ് ഡിപാര്‍ട്ട്‌മെന്റിനെ സമീപിക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ രേഖകള്‍ ശരിയാക്കുന്നതിനും മറ്റുമുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്കന്‍, നേപ്പാള്‍ എംബസികളും അറിയിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക