|    Oct 20 Fri, 2017 9:05 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഖത്തറില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസത്തിന് അനുമതി

Published : 4th August 2017 | Posted By: fsq

 

എം ടി പി  റഫീഖ്

ദോഹ: നിശ്ചിത യോഗ്യതയുള്ള പ്രവാസികള്‍ക്ക് ഖത്തറില്‍ സ്ഥിരതാമസ അനുമതിരേഖ (പെര്‍മനന്റ് റസിഡന്‍സി ഐഡന്റിഫിക്കേഷന്‍ കാര്‍ഡ്) നല്‍കാനുള്ള കരടുനിയമത്തിനു മന്ത്രിസഭയുടെ അംഗീകാരം. ബുധനാഴ്ച അമീരി ദിവാനില്‍ അമീറിന്റെ അധ്യക്ഷതയിലായിരുന്നു ആദ്യം മന്ത്രിസഭാ യോഗം ചേര്‍ന്നത്. ഗള്‍ഫ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഖത്തറിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും ഭാവിപ്രവര്‍ത്തനങ്ങളെക്കുറിച്ചും അമീര്‍ വിശദീകരിച്ച ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ പതിവു സെഷനിലാണ് വിദേശികള്‍ക്ക് സ്ഥിരം തിരിച്ചറിയല്‍ കാ ര്‍ഡ് അനുവദിക്കുന്നതിനുള്ള കരടുനിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഈ യോഗമാണ് കരടുനിയമത്തിന് അംഗീകാരം നല്‍കിയത്. കരടുനിയമത്തില്‍ നിഷ്‌കര്‍ഷിച്ച വ്യവസ്ഥകള്‍ പാലിക്കുന്ന പ്രവാസികള്‍ക്കാണ് സ്ഥിരതാമസാനുമതി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. ആഭ്യന്തരമന്ത്രിയാകും തിരിച്ചറിയല്‍ കാര്‍ഡിന് അനുമതി നല്‍കുക. ഖത്തറിനു പുറത്തുനിന്നുള്ളവരെ വിവാഹം കഴിച്ച ഖത്തരി സ്ത്രീയില്‍ ജനിക്കുന്ന കുട്ടികള്‍, രാജ്യത്തിനു വേണ്ടി നിസ്തുല സേവനം കാഴ്ചവയ്ക്കുന്ന പ്രവാസികള്‍, രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ച് പ്രത്യേക ശേഷിയുള്ളവര്‍ എന്നിവര്‍ക്കാണ് സ്ഥിരതാമസത്തിനുള്ള അനുമതിരേഖ നല്‍കുന്നത്. ഇത്തരത്തില്‍ സ്ഥിരം ഐഡി കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം എന്നീ മേഖലകളില്‍ ഖത്തരികള്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ലഭിക്കും. പൊതു-സൈനിക-സിവില്‍ ജോലികളില്‍ ഖത്തരികള്‍ കഴിഞ്ഞാല്‍ അടുത്ത പരിഗണന സ്ഥിരതാമസാനുമതി രേഖയുള്ളവര്‍ക്കായിരിക്കും. മാത്രമല്ല, സ്വത്ത് ഉടമസ്ഥാവകാശത്തിനും അനുമതിയുണ്ടാകും. ഖത്തരി പങ്കാളി ഇല്ലാതെത്തന്നെ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അനുമതിയുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം മന്ത്രിസഭ പുറപ്പെടുവിക്കുന്ന  എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഈ വ്യവസ്ഥകള്‍ നടപ്പാക്കുക. സ്ഥിരതാമസ അനുമതിരേഖ അനുവദിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പെര്‍മനന്റ് റസിഡന്‍സി ഐഡി ഗ്രാന്റിങ് കമ്മിറ്റി എന്ന സ്ഥിരം സമിതി രൂപവത്കരിക്കും.  അപേക്ഷകള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനുള്ള ചുമതല ഈ സമിതിക്കാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക