|    Jul 23 Sun, 2017 4:43 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തറില്‍ പൂച്ചകള്‍ക്കായി ഒരു ഹോട്ടല്‍

Published : 23rd August 2016 | Posted By: SMR

ദോഹ: വീട്ടില്‍ ഓമനിച്ച് വളര്‍ത്തുന്ന പൂച്ചകള്‍ക്ക് ഉടമകള്‍ യാത്ര പോകുന്ന സമയത്ത് താല്‍ക്കാലിക താവളമൊരുക്കാന്‍ ഖത്തറില്‍ ഒരു ഹോട്ടല്‍. രണ്ട് വര്‍ഷം മുമ്പ് അല്‍ഖോറിന് സമീപമുള്ള സ്വകാര്യ ഫാമില്‍ ആരംഭിച്ച കാറ്ററി കാറ്റ് ഹോട്ടലിന് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. മൃദുവായ കിടക്കകള്‍, ഓടിക്കളിക്കാന്‍ പുല്‍ത്തകിടി, ഇണചേരാനുള്ള സൗകര്യം, മൂന്ന് ഇനങ്ങള്‍ അടങ്ങിയ ഭക്ഷണം തുടങ്ങി എല്ലാ ആഡംബരങ്ങളും ഒരുക്കിയിട്ടുണ്ട്. സാധാരണ ഹോട്ടലുകള്‍ പോലെ ചെക്ക് ഇന്‍, ചെക്ക് ഔട്ട് ടൈം രേഖപ്പെടുത്തും. താമസിക്കാനെത്തുന്ന പൂച്ചകളെ അതിഥികള്‍ എന്നാണ് വിശേഷിപ്പിക്കുക. വ്യത്യസ്ത സൗകര്യങ്ങളില്‍ വ്യത്യസ്ത നിരക്കുകളിലുള്ള മുറികളുണ്ട്.
മൃഗസ്‌നേഹികളായ മാര്‍ഗരറ്റ് അല്‍ഹുമൈദിയും മകള്‍ ആശ അല്‍ഹുമൈദിയും ചേര്‍ന്ന് തുടങ്ങിയതാണ് കാറ്ററി കാറ്റ് ഹോട്ടല്‍. സുഹൃത്തുക്കള്‍ ദൂര യാത്ര പോവുമ്പോള്‍ അവരുടെ മൃഗങ്ങളെ താന്‍ വീട്ടില്‍ നോക്കാറുണ്ടായിരുന്നു. ആ അനുഭവത്തില്‍ നിന്നാണ് കുറേക്കൂടി പ്രൊഫഷനലായി എല്ലാവര്‍ക്കും സേവനം ലഭ്യമാവുന്ന രീതിയില്‍ ഹോട്ടല്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചന വന്നതെന്ന് മാര്‍ഗരറ്റ് അല്‍ഹുമൈദി പറഞ്ഞു. ബ്രിട്ടനിലെ ഇന്റര്‍നാഷനല്‍ കാറ്റ് കെയറിന്റെ ആനിമല്‍ ബോര്‍ഡിങ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് ഖത്തര്‍ സര്‍ക്കാരിന്റെ പൂര്‍ണ പ്രവര്‍ത്തന ലൈസന്‍സുണ്ട്.
നിലവില്‍ 46 എയര്‍കണ്ടീഷന്‍ ചെയ്ത മുറികളാണ് ഹോട്ടലിലുള്ളത്. ഇവിടെ 70 പൂച്ചകളെ താമസിപ്പിക്കാനാവും. നായകള്‍ക്കു വേണ്ടിയും സമാനമായ സൗകര്യം ഒരുക്കാന്‍ പദ്ധതിയുണ്ടെന്ന് മാര്‍ഗരറ്റ് അല്‍ഹുമൈദി പറഞ്ഞു. അതിന് സൗണ്ട് പ്രൂഫ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ആവശ്യമാണ്.
പൂച്ചകള്‍ക്കായി ജനലുകളും വാതിലുമുള്ള ഇന്‍ഡോര്‍ മുറികളും ഔട്ട്‌ഡോര്‍ കൂടുകളുമുണ്ട്. മേല്‍ക്കൂരയോട് കൂടിയ നടുമുറ്റത്തേക്ക് തുറക്കുന്ന രീതിയില്‍ കൂടുകള്‍ക്ക് പ്രത്യേക കവാടങ്ങളും ഒരുക്കിയിട്ടുണ്ട്. ദി പാം, ദി ഡസര്‍ട്ട് റോസ്, ദി ഡ്യൂണ്‍, ദി ഒറിക്‌സ്, ദി പേള്‍ എന്നീ പേരുകളില്‍ ഉള്ള വ്യത്യസ്ത മുറികള്‍ക്ക് 65 റിയാല്‍ മുതല്‍ 200 റിയാല്‍ വരെയാണ് ഒരു രാത്രി താമസിക്കാനുള്ള ചാര്‍ജ്. വീടുകളില്‍ വന്ന് പൂച്ചകളെ കൊണ്ടു പോകാനും തിരിച്ചു കൊണ്ടു വരാനും പെറ്റ് ടാക്‌സി സര്‍വീസുമുണ്ട്.
രാവിലെ 6.30ന് മുറികള്‍ ശുചീകരിക്കുന്നതോട് കൂടിയാണ് ഹോട്ടലിലെ ഒരു ദിവസം ആരംഭിക്കുന്നത്. തുടര്‍ന്ന് ഭക്ഷണത്തിനും കളിക്കാനും ഇണചേരാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഉടമകളെ കൂടാതെ മൂന്ന് മുഴുസമയ ജോലിക്കാര്‍ ഇവിടെ ഉണ്ട്. വിദേശത്ത് അവധിക്കാലം ചെലവഴിക്കുന്ന പൂച്ചയുടെ ഉടമകള്‍ക്ക് ആവശ്യപ്പെടുന്നത് അനുസരിച്ച് അപ്പപ്പോള്‍ ഫോട്ടോകളും വീഡിയോകളും അയച്ചു കൊടുക്കും. രാത്രി 9 മണിയോടെ മുറികളില്‍ വിളക്കണയും. സംഗീതം നിശ്ശബ്ദമാവും. പിന്നെ ഉറങ്ങാനുള്ള സമയമാണ്. പൂച്ചകള്‍ക്ക് അസുഖം വരാതിരിക്കാനുള്ള കുത്തിവയ്പ്പുകളും പകര്‍ച്ച വ്യാധികള്‍ തടയാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
നിലവില്‍ 200ലേറെ അതിഥികള്‍ കാറ്ററി കാറ്റ് ഹോട്ടലില്‍ ഉണ്ട്. ഇതിനകം 450ഓളം പേര്‍ ഹോട്ടലില്‍ അതിഥികളായി എത്തി മടങ്ങിയതായും ഉടമസ്ഥര്‍ പറയുന്നു. മൃഗങ്ങള്‍ക്കുള്ള കളിപ്പാട്ടങ്ങളും ഭക്ഷ്യ വസ്തുക്കളും വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുടങ്ങാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക