|    Jul 23 Sun, 2017 10:30 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തറില്‍ കനത്ത ചൂട്: പുറം ജോലികള്‍ വൈകുന്നേരങ്ങളിലേക്ക് മാറ്റി

Published : 17th July 2016 | Posted By: sdq

ദോഹ: രാജ്യത്ത് ചൂട് കനത്തതോടെ മിക്ക കമ്പനികളും പുറംജോലികള്‍ വൈകുന്നേരങ്ങളിലേക്ക് മാറ്റി. മിക്ക കമ്പനികളും പുറംജോലികള്‍ക്കായി പുലര്‍ച്ചെയും വൈകുന്നേരങ്ങളിലുമാണ് തൊഴിലാളികളെ ഉപയോഗിക്കുന്നത്. മധ്യാഹ്‌ന വിശ്രമനിയമം രാജ്യത്ത് പ്രാബല്യത്തിലായതിനാല്‍ ഉച്ച സമയങ്ങളില്‍ ഒരു കാരണവശാലും തൊഴിലാളികളെക്കൊണ്ട് പുറംജോലി ചെയ്യിക്കാനാവില്ല. ഇതു കണക്കിലെടുത്ത് മിക്ക കമ്പനികളും രാവിലെയും വൈകുന്നേരങ്ങളിലുമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പല കമ്പനികളും ഭാഗികമായോ പൂര്‍ണമായോ പുറംജോലികള്‍ പുലര്‍ച്ചെയോ വൈകുന്നേരങ്ങളിലേക്കോ മാറ്റിയതായി ഗള്‍ഫ് ടൈംസ് റിപോര്‍ട്ട് ചെയ്തു. ദോഹയിലും സമീപപ്രദേശങ്ങളിലും വമ്പന്‍ പദ്ധതികള്‍ ഏറ്റെടുത്തിട്ടുള്ള കമ്പനികളും ഇതിലുള്‍പ്പെടും. കമ്പനികള്‍ പ്രവര്‍ത്തനം ഈ രീതിയില്‍ പുനര്‍വിന്യസിച്ചത് തൊഴിലാളികള്‍ക്കും ഏറെ ആശ്വാസമായിട്ടുണ്ട്. ദിവസങ്ങളായി ദോഹയിലെ പകല്‍സമയങ്ങളിലെ താപനില 45 ഡിഗ്രി സെല്‍ഷ്യല്‍സിനു മുകളിലാണ്. ജോലി സമയത്തില്‍ വരുത്തിയ മാറ്റം നിര്‍മാണപ്രവര്‍ത്തികള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായിക്കുന്നുണ്ടെന്നും ഉല്‍പാദന ക്ഷമതയില്‍ വലിയ പുരോഗതി കൈവരിക്കാനായിട്ടുണ്ടെന്നും കമ്പനിവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രാലയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാവര്‍ഷവും വേനലില്‍ ഖത്തറില്‍ മധ്യാഹ്ന വിശ്രമനിയമം നടപ്പാക്കുന്നത്. ഈ കാലയളവില്‍ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്കു മൂന്നുവരെ തൊഴിലാളികളെ കൊണ്ട് പുറംജോലികള്‍ ചെയ്യിക്കാനാവില്ല. ജൂണ്‍ മധ്യം മുതല്‍ ആഗസ്ത് അവസാനം വരെയാണ് മധ്യാഹ്ന വിശ്രമനിയമം പ്രാബല്യത്തിലുള്ളത്. രാജ്യത്ത് ചൂട് കടുത്ത സാഹചര്യത്തില്‍ പല കമ്പനികളും പുറംജോലികള്‍ പുലര്‍ച്ചെ രണ്ടരയ്ക്കും രാത്രി ഏഴിനുശേഷവുമായി നിശ്ചയിച്ചിട്ടുണ്ട്. പല കമ്പനികളും പുലര്‍ച്ചെയുള്ള ഷിഫ്റ്റ് രാവിലെ രണ്ടര മുതല്‍ പതിനൊന്ന് വരെയായി നിജപ്പെടുത്തിയിട്ടുണ്ട്.
പുലര്‍ച്ചെയുള്ള സമയങ്ങളിലാണ് നേരത്തെ പുറംജോലികള്‍ ചെയ്തിരുന്നതെങ്കിലും തൊഴിലാളികളുടെ ആവശ്യാര്‍ഥം അവരുടെ സൗകര്യം കൂടി കണക്കിലെടുത്ത് ഇപ്പോള്‍ ജോലികള്‍ വൈകുന്നേരം ഏഴുമണിക്കുശേഷം തുടങ്ങുന്ന ഷിഫ്റ്റിലേക്ക് മാറ്റിയതായി ഒരു കമ്പനി സീനിയര്‍ സൂപ്പര്‍വൈസര്‍ പറഞ്ഞു. പുറം ജോലി വൈകുന്നേരത്തിലേക്ക് മാറ്റിയത് ജോലിയില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ടെന്നും മികച്ച ഫലമാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുംവര്‍ഷങ്ങളിലും വേനലില്‍ പുറംജോലിസമയം ഇതേരീതിയില്‍ ക്രമീകരിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ ഗതാഗതക്കുരുക്കും മറ്റും വളരെ കുറവായിരിക്കുമെന്നതിനാല്‍ തൊഴിലാളികളെ താമസസ്ഥലത്തുനിന്നു തൊഴിലിടങ്ങളിലേക്ക് വേഗത്തില്‍ കൊണ്ടുപോകാനാകുമെന്നതും സൗകര്യപ്രദമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക