|    Apr 27 Fri, 2018 4:05 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തറില്‍ ആട് ജീവിതം നയിച്ച സൈനുല്‍ അറബിയയുടെ വീട് ദയനീയ കാഴ്ച്ച

Published : 9th October 2016 | Posted By: SMR

എ ടി പി റഫീക്ക്

ദോഹ: ഖത്തറിലെ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരില്‍ നിന്ന് വിവരമറിഞ്ഞ് സൈനുല്‍ അറബിയയുടെ വീട് തേടി ചെന്ന പുതുക്കോട്ടയിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് അമ്പരപ്പ് മാറുന്നില്ല. ഇടിഞ്ഞു പൊളിഞ്ഞ മൂന്ന് ചുവരുകള്‍ക്ക് മുകളില്‍ നാല് ഓലക്കീറുകള്‍. രണ്ട് അടുപ്പ് കല്ലും പിന്നെ ഏതാനും പാത്രങ്ങളും. ജീവിതത്തിലെ നല്ല കാലം മുഴുവന്‍ ഖത്തര്‍ മരുഭൂമിയില്‍ ആട് ജീവിതം നയിച്ചും അടുക്കള പണി ചെയ്തും എരിഞ്ഞു തീര്‍ന്ന സൈനുല്‍ അറബിയ്യക്ക് നാട്ടിലേക്കു മടങ്ങുമ്പോള്‍ നെഞ്ചു കത്തുന്നത് ഈ വീടിനെ കുറിച്ചോര്‍ത്താണ്. പുതുക്കോട്ട എസ്ഡിപിഐ ഏരിയ പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് 50 കിലോമീറ്റര്‍ ദൂരെ സമ്പപ്പെട്ടിയിലുള്ള അറബിയ്യയുടെ വീട് അന്വേഷിച്ച് കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെയുള്ള അറബിയ്യയുടെ മൂത്ത സഹോദരിയുടെ വീട്ടിലാണ് ഇപ്പോള്‍ ഉമ്മയും അറബിയ്യയുടെ മൂന്ന് പെണ്‍മക്കളും കഴിയുന്നത്. വിവാഹ പ്രായമെത്തിയ പെണ്‍മക്കളെയും കൊണ്ട് ഇവിടെ താമസിക്കുന്നത് സുരക്ഷിതമല്ലാതായതോടെയാണ് ഇവര്‍ അങ്ങോട്ട് മാറിയത്. സൈനുല്‍ അറിബയ്യക്കും രണ്ട് സഹോദരിമാര്‍ക്കുമായി ആകെ 10 സെന്റ് സ്ഥലമാണുള്ളത്. മൂത്ത സഹോദരിയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. ആണ്‍ തുണയെന്ന് പറയാന്‍ ആരുമില്ല. ഉമ്മയുടെ കൈയിലും കാലിലും വ്രണങ്ങള്‍ വന്ന് വീര്‍ത്തിരിക്കുന്നു. സ്ഥലത്തെ മഹല്ല് ജമാഅത്തുമായി സ്ഥലത്തിന്റെ പേരില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അവരും സഹായിക്കാന്‍ തയ്യാറാവുന്നില്ലെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറിയിച്ചു. സൈനുല്‍ അറബിയ്യയെ കുറിച്ച് ഗള്‍ഫ് തേജസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഖത്തറിലെ പ്രമുഖ വ്യാപാരികള്‍ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇതിന് വേണ്ടി നാട്ടില്‍ ജോയിന്റ് എക്കൗണ്ട് തുടങ്ങുമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് സലാം കുന്നുമ്മല്‍ അറിയിച്ചു. സൈനുല്‍ അറബിയ്യ നാട്ടിലെത്തിയാല്‍ മാത്രമേ അവര്‍ ഉള്‍പ്പെടുന്ന രീതിയില്‍ ജോയിന്റ് എക്കൗണ്ട് തുടങ്ങാനാവൂ. അറബിയ്യയുടെ രേഖകള്‍ ശരിയാക്കി എത്രയും പെട്ടെന്ന് നാട്ടിലേക്കു മടങ്ങാനുള്ള സഹായങ്ങള്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആംനസ്റ്റി ഹെല്‍പ് ഡസക് ചെയ്തു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എഴ് വര്‍ഷം മരുഭൂമിയില്‍ ആടിനെയും ഒട്ടകങ്ങളെയും പരിപാലിച്ച് ജീവിതം കഴിച്ച ശേഷം നാട്ടില്‍ പോയി തിരിച്ച് വന്ന ശേഷം വിസയോ മറ്റു രേഖകളോ ഇല്ലാതെ വീട്ടു ജോലി ചെയ്ത് കുടുംബം പോറ്റുകയായിരുന്നു. ഒമ്പതു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ പൊതുമാപ്പില്‍ സൈനുല്‍ അറബിയ്യ നാട്ടിലേക്കു മടങ്ങാനൊരുങ്ങുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss