|    Jun 19 Tue, 2018 10:44 am
FLASH NEWS
Home   >  Pravasi   >  

ഖത്തറിലെ വിസാ ഇളവ് ; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രളയം

Published : 11th August 2017 | Posted By: fsq

 

എം ടി പി റഫീക്ക്

ദോഹ: ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങളിലുള്ളവര്‍ക്ക് ഇനി ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിസ വേണ്ടെന്ന തീരുമാനം സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍ക്ക് ചാകരയായി. പതിവ് പോലെ മലയാളികളായ പ്രവാസികളാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ അറിഞ്ഞാസ്വദിച്ചത്. ചിത്രങ്ങളായും ടെക്സ്റ്റുകളായും ശബ്ദമായും നിരവധി തമാശകളാണ് വിസാ ഇളവ് തീരുമാനവുമായി ബന്ധപ്പെട്ട് ഇറങ്ങുന്നത്. ഖത്തറിലുള്ള അടുപ്പക്കാരെ കാണാന്‍ നാട്ടില്‍ നിന്ന് കെട്ടും പെട്ടിയുമായി ഇറങ്ങുന്ന കുടുംബക്കാരുടെയും കൂട്ടുകാരുടെയും ചിത്രങ്ങളാണ് പ്രധാനമായും ട്രോളിന് പാത്രമായത്. സിഐഡി മൂസ എന്ന സിനിമയില്‍, കെട്ടിടത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നറിഞ്ഞ് കെട്ടും കിടക്കയും പാത്രങ്ങളുമൊക്കെയായി ഇറങ്ങി ഓടുന്ന ജഗതിയുടെയും സംഘത്തിന്റെയും ചിത്രമാണ് ഇതിനായി ഉപയോഗിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മുകളില്‍ കയറി യാത്ര ചെയ്യുന്ന ചിത്രമാണ് മറ്റൊന്ന്.”ബേക്കറി പലഹാരങ്ങളൊക്കെ കുറച്ച് അധികം കരുതി വച്ചോളൂ, എപ്പഴാ ബന്ധുക്കള്‍ കയറി വരിക എന്നറിയില്ലല്ലോ” എന്നാണ് ഒരു ട്രോളറുടെ കമന്റ്. ”മുറിയില്‍ അധികം കാശ് വെക്കണ്ട, ചിലപ്പോള്‍ വീട്ടുകാര്‍ ഖത്തര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിട്ട് മിസ്സ് കോള്‍ അടിക്കും”,  ”രാവിലെ തന്നെ നിരന്തരം കോളിങ് ബെല്ല് കേട്ടെങ്കിലും നാട്ടില്‍ നിന്നുള്ള പിരിവുകാരായിരിക്കുമെന്നോര്‍ത്ത് വാതില്‍ തുറന്നില്ല…”  ഇങ്ങിനെ പോകുന്ന കമന്റുകള്‍. ഇവിടെ വിസ കിട്ടാന്‍ വലിയ പാടാണെന്ന് പറഞ്ഞ് ഭാര്യമാരെ നാട്ടില്‍ തന്നെ ഒതുക്കിയ ഭര്‍ത്താക്കന്‍മാര്‍ എന്ത് ചെയ്യുമെന്നതാണ് ഒരു പ്രവാസിയുടെ ആശങ്ക. അതേ സമയം, കുടുംബക്കാരെയും കൂട്ടുകാരെയും കൊണ്ടു വരുന്നതിന് വിസയായിരുന്നില്ല തടസ്സം മറിച്ച് ടിക്കറ്റ് വിലയും ഇവിടെ താമസിക്കാനുള്ള ചെലവുമാണെന്ന് കണക്കുകള്‍ നിരത്തി സമര്‍ഥിക്കുന്നുമുണ്ട് ചിലര്‍. ഖത്തറില്‍ ഒരു മാസം കുടുബത്തോട് കൂടി ജീവിക്കാന്‍ ശരാശരി 4000 റിയാലും(70,000 രൂപ) ടിക്കറ്റിന് ശരാശരി 1500 (27,000) റിയാലും വേണമെന്ന് അവര്‍ കണക്കു നിരത്തുന്നു. വിസ വേണ്ടെന്നത് കേട്ട് ചാടിപ്പുറപ്പെട്ട് വരുന്നവര്‍ രാവിലെയും രാത്രിയും കുബ്ബൂസും ഉച്ചയ്ക്ക് പരിപ്പ് കറിയും ചോറും കഴിച്ച് ജീവിക്കാന്‍ പറ്റുമെങ്കില്‍ ഇങ്ങോട്ട് വന്നാല്‍ മതിയെന്നാണ് കാര്യങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ കാണുന്നവര്‍ അഭിപ്രായപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss