ഖത്തറിലെ ബംഗ്ലാദേശുകാരുടെ എണ്ണം രണ്ട് വര്‍ഷത്തിനകം ഇരട്ടിയാവും
Published : 6th February 2016 | Posted By: SMR
ദോഹ: അടുത്ത രണ്ടു വര്‍ഷത്തിനകം മൂന്ന് ലക്ഷം ബംഗ്ലാദേശുകാരെ ഖത്തറിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചതായി റിപോര്‍ട്ട്. ഇക്കാര്യത്തില്‍ ഖത്തര്‍, ബംഗ്ലാദേശ് അധികൃതര്‍ ധാരണയിലെത്തിയതായി ബംഗ്ലാദേശി വാര്‍ത്താ ഏജന്‍സിയായ യുഎന്ബിയാണ് റിപോര്‍ട്ട് ചെയതത്. നിലവില്‍ 2,80,000 ബംഗ്ലാദേശുകാരാണ് ഖത്തറിലുള്ളത്. റിപോര്‍ട്ടില്‍ പറയുന്നത് യാഥാര്‍ഥ്യമായാല്‍ രണ്ടു വര്‍ഷത്തിനകം രാജ്യത്തെ ബംഗ്ലാദേശുകാരുടെ എണ്ണം ഇരട്ടിയിലേറെയാവും. ബംഗ്ലാദേശി വിദേശ തൊഴില്‍ മന്ത്രി നൂറുല്‍ ഇസ്ലാം, ഖത്തര്‍ തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രി ഇസ്സ സഅദ് അല്‍ജഫാലി അല്‍നുഐമി എന്നിവര്‍ തമ്മില്‍ കഴിഞ്ഞയാഴ്ച ദോഹയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അവിദഗ്ധ തൊഴിലാളികള്‍ക്ക് പകരം യോഗ്യതയുള്ള നഴ്സുമാര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഓഫിസ് ജോലിക്കാര്‍ എന്നിവരെയാണ് റിക്രൂട്ട് ചെയ്യുകയെന്നും യുഎന്‍ബി റിപോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ബംഗ്ലാദേശ് മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ബംഗാളികള്‍ക്ക് 50,000 വിസകള്‍ കൂടുതലായി അനുവദിക്കാന്‍ ധാരണയിലെത്തിയതായി റിപോര്‍ട്ടുണ്ടായിരുന്നു. ബംഗ്ലാദേശിലെ മുന്‍ വിദേശ തൊഴില്‍ മന്ത്രി ഖന്ദ്കര്‍ ഹുസയ്ന്റെ സന്ദര്‍ശന വേളയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.
സ്വരാജ്യത്തെ സര്‍ക്കാര്‍ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെ മാത്രം റിക്രൂട്ട് ചെയ്യാന്‍ ഖത്തറിലെ കമ്പനികളോട് ആവശ്യപ്പെടാന്‍ ധാരണയിലെത്തിയതായും റിപോര്‍ട്ടുണ്ടായിരുന്നു. തൊഴില്‍ അന്വേഷകര്‍ വിസ തട്ടിപ്പിന്റെ ഇരകളാവുന്നത് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഈ ധാരണ പ്രാവര്‍ത്തികമായോ എന്നത് വ്യക്തമല്ല. പുതിയ ധാരണയില്‍ നേരത്തേ പറഞ്ഞ 50,000 പേരും ഉള്‍പ്പെടുമോ എന്നതും അവ്യക്തമാണ്.
മൂന്ന് ലക്ഷം തൊഴിലാളികള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് അടുത്ത മാസം ബംഗ്ലാദേശ് അധികൃതര്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്കി പ്രവര്‍ത്തനമാരംഭിക്കും. ബംഗ്ലാദേശിന്റെ സാമ്പത്തിക മേഖലയില്‍ കാര്യമായ പങ്കു വഹിക്കുന്നവരാണ് പ്രവാസികള്‍. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 10 ശതമാനമാണ് പ്രവാസികളുടെ പങ്ക്. ബംഗ്ലാദേശി തൊഴിലാളികളില്‍ 97.4 ശതമാനവും പുരുഷന്മാരാണ്. അതില്‍ തന്നെ 97.8 ശതമാനം മുസ്ലിംകളുമാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.