|    Jan 20 Fri, 2017 5:42 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തറിന്റെ മെഡല്‍ പ്രതീക്ഷ മുഅ്തസ് ബര്‍ഷിം ഫൈനലില്‍

Published : 17th August 2016 | Posted By: SMR

ദോഹ:  റിയോ ഒളിംപിക്സില്‍ ഖത്തറിന്റെ മെഡല്‍ പ്രതീക്ഷ വാനോളമുയര്‍ത്തി  മുഅ്തസ് ഈസ ബര്‍ഷിം ഫൈനലില്‍. റിയോ ഒളിംപിക്സ് സ്റ്റേഡിയത്തില്‍ ഇന്നു പുലര്‍ച്ചെ 2.30നാണ് ഫൈനല്‍. യോഗ്യതാ റൗണ്ടില്‍ 2.29 മീറ്റര്‍ ദൂരം മറികടന്നാണ് ബര്‍ഷിം യോഗ്യത നേടിയത്. 2012 ലണ്ടന്‍ ഒളിംപിക്സിലെ വെങ്കലമെഡല്‍ ജേതാവായ ബര്‍ഷിം  ഇത്തവണ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. യോഗ്യതാ റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളിലായി 43പേര്‍ മല്‍സരിച്ചതില്‍ 15 പേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. റിയോയില്‍ ബര്‍ഷിമിനു കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്ന കാനഡയുടെ ഡെറിക് ദ്രുയിന്‍, ബള്‍ഗേറിയയുടെ തിഹ്‌മൊയിര്‍ ഇവാനോവ്, ഉക്രെയ്‌ന്റെ ബൊഹ്ദന്‍ ബൊണ്ടാരങ്കോ എന്നിവരെല്ലാം 2.29 മീറ്റര്‍ ഉയരം മറികടന്ന് ഫൈനലിലെത്തിയിട്ടുണ്ട്.
2013ലെ മോസ്‌കോ ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവും 2014ലെ ലോക ഇന്‍ഡോര്‍ ചാംപ്യനുമായ ബര്‍ഷിമിലാണ് ഖത്തറിന്റെ പ്രതീക്ഷകളേറെയും. ബ്രസ്സല്‍സില്‍ 2.43 മീറ്റര്‍ ഉയരം മറികടന്ന ബര്‍ഷിമിന് ആ പ്രകടനം ബ്രസീലില്‍ ആവര്‍ത്തിക്കാനാകുമോയെന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.
അതേസമയം, ഇന്നലെ നടന്ന 200 മീറ്ററില്‍ ഖത്തറിന്റെ ഫെമി ഒഗുനോഡെ ഹീറ്റില്‍ പുറത്തായി. ആദ്യ ഹീറ്റില്‍ നാലാം സ്ഥാനത്തായാണ് ഖത്തര്‍ താരം ഫിനിഷ് ചെയ്തത്. 100 മീറ്റര്‍ വരെ നന്നായി മുന്നേറിയെങ്കിലും അവസാന നിമിഷങ്ങളിലാണ് ഒഗുനോഡെ പിന്തള്ളപ്പെട്ടത്. 20.36 സെക്കന്‍ഡിലാണ് ഒഗുനോഡെ ഫിനിഷ് ചെയ്തത്. 20.19 സെക്കന്‍ഡില്‍ ഓടിയെത്തിയ പനാമയുടെ അലന്‍സോ എഡ്വാര്‍ഡും 20.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബ്രിട്ടന്റെ ഡാനിയേല്‍ താല്‍ബോട്ടും സെമിഫൈനലിലേക്ക് യോഗ്യത നേടി. നേരത്തെ 100 മീറ്ററിലും ഫെമി ഒഗുനോഡെ ഹീറ്റില്‍ പുറത്തായിരുന്നു.
റിയോ ഒളിംപിക്സ് ഹാന്‍ഡ്ബോളില്‍ സെമിഫൈനല്‍ പ്രവേശനം തേടി ഖത്തര്‍ ടീം ഇന്നിറങ്ങും. ഗ്രൂപ്പ് ബി  ജേതാക്കളായ ജര്‍മനിയാണ് ഖത്തറിന്റെ എതിരാളികള്‍. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ അര്‍ജന്റീനയെ തകര്‍ത്തതോടെയാണ് ഖത്തറിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചത്. ഗ്രൂപ്പ് എയിലെ ദുര്‍ബലടീമുകളിലൊന്നായ അര്‍ജന്റീനയെ 22-18 എന്ന സ്‌കോറിനാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. രണ്ടു വിജയവും രണ്ടു തോല്‍വിയും ഒരു സമനിലയുമായി അഞ്ചുപോയിന്റോടെ ഗ്രൂപ്പിലെ അവസാനസ്ഥാനക്കാരായാണ് ഖത്തര്‍ ക്വാര്‍ട്ടറിലെത്തിയത്. നാലു വിജയവുമായി എട്ടു പോയിന്റ് നേടിയ ക്രൊയേഷ്യയാണ് ഗ്രൂപ്പ് ജേതാക്കള്‍. എന്നാല്‍, ഗ്രൂപ്പില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയ ഏക ടീം ഖത്തറാണ്. ഗ്രൂപ്പിലെ ആദ്യമല്‍സരത്തില്‍ 30-23 എന്ന സ്‌കോറിന് തികച്ചും ആധികാരികമായിട്ടായിരുന്നു ഖത്തറിന്റെ വിജയം. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കലമെഡല്‍ ജേതാക്കളായിരുന്നു ക്രൊയേഷ്യ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക