|    Aug 21 Tue, 2018 1:43 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖത്തറിനെ ആക്രമിക്കാന്‍ സൗദി പദ്ധതിയിട്ടു; തടഞ്ഞത് ടില്ലേഴ്‌സണ്‍

Published : 3rd August 2018 | Posted By: kasim kzm

ദോഹ: ഖത്തറിനെ ആക്രമിക്കാന്‍ സൗദി അറേബ്യയും യുഎഇയും പദ്ധതിയിട്ടിരുന്നുവെന്നും മുന്‍ യുഎസ് വിദേശകാര്യ സെക്രട്ടറിയായ റെക്‌സ് ടില്ലേഴ്‌സണ്‍ ഇടപെട്ട് തടയുകയായിരുന്നുവെന്നും റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് സൗദി സൈനിക നീക്കത്തിനു പദ്ധതിയിട്ടതെന്നും ദി ഇന്റര്‍സെപ്റ്റ് പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.
സൗദി കരസേനയാണ് ആക്രമണത്തിന് തയ്യാറെടുത്തത്. യുഎഇയുടെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു. കരമാര്‍ഗം ഖത്തറിലേക്ക് പ്രവേശിച്ച് 100 കിലോമീറ്റര്‍ അകത്തേക്ക് കടന്നു തലസ്ഥാനമായ ദോഹ പിടിച്ചെടുക്കാനായിരുന്നു പദ്ധതിയെന്നും റിപോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനില്‍ നിന്നും രണ്ടു മുന്‍ ഉദ്യോഗസ്ഥരില്‍ നിന്നുമാണ് തങ്ങള്‍ക്ക് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നും ഇന്റര്‍സെപ്റ്റ് റിപോര്‍ട്ട് ചെയ്തു. സൗദി അറേബ്യയും യുഎഇ കിരീടാവകാശിയുമായിരുന്നു പദ്ധതി ആസൂത്രണം ചെയ്തതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ തടങ്കലിലാക്കാനും അമേരിക്കന്‍ സൈന്യം തമ്പടിച്ച ഉദൈദ് വ്യോമതാവളം ആക്രമിക്കാനുമായിരുന്നു സൗദിയുടെ പരിപാടി. ആക്രമണവിവരം ഖത്തര്‍ ഇന്റലിജന്‍സ് സര്‍വീസ് ചോര്‍ത്തുകയും ഭരണകൂടം റെക്‌സ് ടില്ലേഴ്‌സനെ അറിയിക്കുകയുമായിരുന്നു. ടില്ലേഴ്‌സണ്‍ സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട് ആക്രമണം തടഞ്ഞു. ആക്രമണമുണ്ടായാല്‍ സംഭവിക്കാവുന്ന ഭവിഷ്യത്തുക്കളേക്കുറിച്ച് ബോധ്യപ്പെടുത്തുകയായിരുന്നുവെന്നു ദി ഇന്റര്‍സെപ്റ്റ് റിപോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയുമായുള്ള ബന്ധം വഷളാവുമോ എന്ന് ആശങ്കപ്പെട്ടാണ് ആക്രമണത്തില്‍ നിന്നു പിന്മാറിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഖത്തര്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നു, ഇറാനുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നു എന്നീ ആരോപണങ്ങളുന്നയിച്ച് 2017 ജൂണ്‍ അഞ്ചിനാണ് സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. സൗദിക്കും യുഎഇക്കും പുറമെ ബഹ്‌റയ്‌നും ഈജിപ്തും ഉപരോധത്തില്‍ പങ്കാളികളാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss