|    Nov 20 Tue, 2018 2:07 pm
FLASH NEWS
Home   >  News now   >  

ഖത്തറിനെതിരായ സൗദി-യുഎഇ ആക്രമണം തടഞ്ഞത് റെക്‌സ് ടില്ലേഴ്‌സണെന്ന് വെളിപ്പെടുത്തല്‍

Published : 2nd August 2018 | Posted By: G.A.G

ജിദ്ദ: കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉപരോധമേര്‍പ്പെടുത്തിയ കാലത്ത് ഖത്തറിനെതിരെ സൗദിയും യുഎഇയും യുദ്ധത്തിന് തയ്യാറെടുത്തിരുന്നതായും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന റെക്‌സ് ടില്ലേഴ്‌സണാണ് ഈ നീക്കം തടഞ്ഞതെന്നും വെളിപ്പെടുത്തല്‍.
യുഎഇയുടെ സഹായത്തോടെ കരമാര്‍ഗം സൗദിസേന ഖത്തറില്‍ പ്രവേശിക്കാനും ദോഹ പിടിച്ചെടുക്കാനുമായിരുന്നു പദ്ധതിയെന്ന് ദ ഇന്റര്‍സെപ്റ്റ് എന്ന അന്വേഷണാത്മക വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. മധ്യേഷ്യയിലെ അമേരിക്കയുടെ തന്ത്രപ്രധാന സൈനിക കേന്ദ്രമായ അല്‍ ഉദൈദ് എയര്‍ബേസ് ഒഴിവാക്കി ദോഹ കീഴടക്കാനായിരുന്നു പദ്ധതിയെന്നും സൗദിയിലുള്ള ഖത്തര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരില്‍ നിന്ന് സൗദിയുടെ നീക്കത്തെ കുറിച്ച് വിവരം ലഭിച്ച ടില്ലേഴ്‌സണ്‍ ദോഹയിലെ അമേരിക്കന്‍ എംബസിയെ അറിയിച്ചിരുന്നുവെന്നും വെബ്‌സൈറ്റ് റിപോര്‍ട്ട്് ചെയ്തു.

ടില്ലേഴ്‌സന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആക്രമണത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നുവത്രേ. ടില്ലേഴ്‌സന്റെ നീക്കം അബൂദാബി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സായിദിനെ ചൊടിപ്പിച്ചെന്നും ടില്ലേഴ്‌സണെ സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ട്രംപ് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധം തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ ടില്ലേഴ്‌സണ് ജോലി പോയി എന്നാണ് ഇന്റര്‍സെപ്റ്റ് വാര്‍ത്തയില്‍ പറയുന്നത്.
ഖത്തറിനെതിരായ ഉപരോധം തന്റെ മധ്യസ്ഥതയിലൂടെ അവസാനിപ്പിക്കാനുള്ള ടില്ലേഴ്‌സണ്‍റെ നീക്കങ്ങളില്‍ സൗദിക്കും യുഎഇയും അസന്തുഷ്ടരായിരുന്നുവെന്നും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിന് സമ്മര്‍ദം ചെലുത്തിയ രാജ്യങ്ങളില്‍ പ്രധാനം ഈ രണ്ടു രാജ്യങ്ങളാണെന്നും നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മധ്യസ്ഥ ശ്രമങ്ങളിലെ അസംതൃപ്തിക്കപ്പുറം ഖത്തറിനെ ആക്രമിച്ച് കീഴടക്കാനുള്ള സൗദി -യുഎഇ പദ്ധതി അട്ടിമറിച്ചതാണ് ടില്ലേഴ്‌സണ് വിനയായതെന്ന് വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു. ഖത്തറിനെതിരെ അറബ് രാഷ്ട്രങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതിന് ആഴ്ചകള്‍ക്കു ശേഷം സൈനികനീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നഭ്യര്‍ത്ഥിച്ച് ടില്ലേഴ്‌സണ്‍ സൗദി അധികൃതരുമായി നിരന്തരം ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയിരുന്നത്രേ. ടില്ലേഴ്‌സണ്‍റെ തിടുക്കപ്പെട്ട ഫോണ്‍കോളുകളെപ്പറ്റി നേരത്തേ വിവരം പുറത്തുവന്നിരുന്നുവെങ്കിലും ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അവയെന്നു മാത്രമാണ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റും മാധ്യമങ്ങളും വിശദീകരിച്ചിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss