|    Mar 23 Thu, 2017 10:06 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തര്‍ സര്‍ക്കാര്‍ ഗസയില്‍ നിര്‍മിച്ചു നല്‍കുന്ന ഭവനങ്ങളുടെ ഒന്നാംഘട്ടം വിതരണം ചെയ്തു

Published : 24th July 2016 | Posted By: sdq

ദോഹ: ഫലസ്തീന്‍ ജനതയുടെ പുനരധിവാസത്തിനായി ഗസയില്‍ ഖത്തര്‍ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ഭവനങ്ങളുടെ ഒന്നാംഘട്ടം വിതരണം ചെയ്തു. ദക്ഷിണ ഗസയില്‍ നടപ്പാക്കുന്ന പിതാവ് അമീര്‍ ശെയ്ഖ് ഹമദ് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 1060 അപ്പാര്‍ട്ട്മെന്റുകളാണ് വിതരണം ചെയ്തത്. വെള്ളം, വൈദ്യുതി തുടങ്ങി എല്ലാ സേവനങ്ങളും സൗകര്യങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദേശപ്രകാരമാണ് ഗസയില്‍ ഖത്തര്‍ വലിയതോതില്‍ പാര്‍പ്പിട പദ്ധതി നടപ്പാക്കുന്നത്. ഇസ്രായേല്‍ അധിനിവേശത്തിന്റെയും ആക്രമണത്തിന്റെയും കെടുതികള്‍ അനുഭവിക്കുന്ന ദുരിതബാധിതര്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. റസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ നിര്‍മാണം ഉള്‍പ്പടെ വിപുലമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും സേവനങ്ങളുമാണ് പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി നഗരപദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്ക് നല്‍കുന്ന പിന്തുണയ്ക്ക് ഖത്തറിനും അമീറിനും ഭരണനേതൃത്വത്തിനു ഖത്തരി ജനതയ്ക്കും നന്ദി അറിയിക്കുന്നതായി ഫലസ്തീനിയന്‍ പൊതുമരാമത്ത് ഭവന നിര്‍മാണ മന്ത്രി മൊഫീദ് അല്‍ ഹസയ്ന പറഞ്ഞു.
ദക്ഷിണ ഗസ മുനമ്പിലെ ഖാന്‍ യൂനിസില്‍ നടപ്പാക്കുന്ന ശെയ്ഖ് ഹമദ് നഗരപദ്ധതിയുടെ ഒന്നാംഘട്ടത്തിലെ 1060 പാര്‍പ്പിട യൂണിറ്റുകളാണ് കൈമാറിയത്. പാര്‍പ്പിടയൂണിറ്റുകള്‍ ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് ഫലസ്തീന്‍ ഹൗസിങ് പൊതുമരാമത്ത് വിഭാഗവുമായി ഖത്തര്‍ നേരത്തെതന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു. വീടുകള്‍ വിതരണം ചെയ്യേണ്ട ഫലസ്തീന്‍ കുടുംബങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അടുത്ത രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന വീടുകളിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ബജറ്റില്ലാത്തതിനാല്‍ മൂന്നാംഘട്ട പദ്ധതി ഉപേക്ഷക്കുന്നതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ ബന്ധപ്പെട്ട ഖത്തര്‍, ഫലസ്തീന്‍ അധികൃതര്‍ തള്ളി. മൂന്നു വര്‍ഷം മുന്‍പാണ് ഫലസ്തീന്‍ ജനതയുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭവന പദ്ധതി പ്രഖ്യാപിച്ചത്.

(Visited 67 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക