|    Aug 20 Sun, 2017 3:06 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട; ഇളവ് 80 രാജ്യങ്ങള്‍ക്ക്

Published : 10th August 2017 | Posted By: fsq

 

എം ടി പി റഫീക്ക്

ദോഹ: ഇന്ത്യയുള്‍പ്പെടെ എണ്‍പത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ അനുമതി. ഖത്തര്‍ ഇന്നലെ പ്രഖ്യാപിച്ച പുതിയ വിസാ നയം  ഉടന്‍ പ്രാബല്യത്തിലാവും. യുകെ, അമേരിക്ക, കാനഡ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, സീഷെല്‍സ്, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലുള്ളവര്‍ക്കാണ് പുതിയ വിസാ നയത്തിന്റെ പ്രയോജനം ലഭിക്കുക. പട്ടികയില്‍പ്പെട്ട 80 രാജ്യങ്ങളിലുള്ളവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കണമെങ്കില്‍ വിസയ്ക്കായി അപേക്ഷിക്കുകയോ പണമടയ്ക്കുകയോ വേണ്ടതില്ല. പകരം ഖത്തര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ സൗജന്യമായി മള്‍ട്ടി എന്‍ട്രി വെയ്‌വര്‍ (ഒന്നിലധികം തവണ പ്രവേശിക്കുന്നതിനുള്ള വിസ വിടുതല്‍രേഖ) നല്‍കും. ഇതിനായി പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, കണ്‍ഫേം ചെയ്ത മടക്ക ടിക്കറ്റ് എന്നിവ വിമാനത്താവളത്തിലെ അധികൃതര്‍ക്ക് സമര്‍പ്പിക്കണം. ഇതു പരിശോധിച്ച ശേഷം രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കും. സന്ദര്‍ശകരുടെ പൗരത്വം അനുസരിച്ച് ഒന്നുകില്‍ 180 ദിവസത്തേക്കോ അതല്ലെങ്കില്‍ 30 ദിവസത്തേക്കോ കാലാവധിയുള്ള വിസ വിടുതല്‍ രേഖയാണു നല്‍കുക. 180 ദിവസം കാലാവധിയുള്ള രേഖ ലഭിക്കുന്നവര്‍ക്ക് 90 ദിവസം വരെ ഖത്തറില്‍ ചെലവഴിക്കാം. 30 ദിവസം കാലാവധിയുള്ള രേഖ ലഭിക്കുന്നവര്‍ക്ക് 30 ദിവസം വരെ ഖത്തറില്‍ ചെലവഴിക്കാം. ഈകാലാവധിക്കുള്ളില്‍ ഒരു തവണയോ ഒന്നിലധികം തവണയോ ഖത്തര്‍ സന്ദര്‍ശിക്കാനാവും. 30 ദിവസം കാലാവധിയുള്ള വിടുതല്‍രേഖ ലഭിക്കുന്നവര്‍ക്ക് 30 ദിവസത്തേക്കുകൂടി വേണമെങ്കില്‍ കാലാവധി നീട്ടാവുന്നതാണ്. 30 ദിവസം കാലാവധിയുള്ള വിടുതല്‍ രേഖയ്ക്ക് അര്‍ഹതയുള്ള 47 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നത്. 180 ദിവസം കാലാവധിയുള്ള വിടുതല്‍രേഖയ്ക്ക് അര്‍ഹതയുള്ളത് 33 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ്. പുതിയ വിസാനയം പ്രാബല്യത്തിലാകുന്നതോടെ ആറുമാസ കാലാവധിയുള്ള പാസ്‌പോര്‍ട്ടും  മടക്ക ടിക്കറ്റുമുള്ള ഏതൊരു ഇന്ത്യക്കാരനും വിസയില്ലാതെ അറുപത് ദിവസം വരെ ഖത്തറില്‍ ചെലവഴിക്കാം. രാജ്യത്തെ ഹോട്ടല്‍, സാംസ്‌കാരിക പൈതൃകം, പ്രകൃതിസമ്പത്ത് എന്നിവ ആസ്വദിക്കാനായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഇബ്്‌റാഹിം പറഞ്ഞു.ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് രാജ്യത്തേക്കുള്ള പ്രവേശനം അനുവദിക്കുന്നത്. മേഖലയിലെ തന്നെ ഏറ്റവും തുറന്ന രാജ്യമായി ഖത്തര്‍ ഇതോടെ മാറുമെന്നും രാജ്യത്തിന്റ പൈതൃകം ആസ്വദിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സന്ദര്‍ശകരെ ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016 നവംബറില്‍ ഖത്തര്‍ സൗജന്യ ട്രാന്‍സിറ്റ് വിസ സമ്പ്രദായം ആരംഭിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക