|    Jan 17 Tue, 2017 3:31 am
FLASH NEWS

ഖത്തര്‍ ഫുട്‌ബോള്‍ ടീമുകള്‍ കേരളത്തില്‍ കളിക്കാനെത്തുമെന്ന് കെഎഫ്എ

Published : 14th April 2016 | Posted By: SMR

കൊച്ചി: ഖത്തറില്‍ നിന്നുള്ള ഫുട്‌ബോള്‍ ടീമുകള്‍ കേരളത്തില്‍ കളിക്കാന്‍ എത്തും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ ആഴ്ച ഖത്തര്‍ സന്ദര്‍ശനത്തിനിടെ നടത്തിയതായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍(കെഎഫ്എ) പ്രസിഡന്റ് കെ എം ഐ മേത്തര്‍ പറഞ്ഞു. പ്രിയരഞ്ജന്‍ദാസ് മുന്‍ഷി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് ഇന്തോ-ഗള്‍ഫ് ഫുട്‌ബോളിന് ആലോചന നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ഗള്‍ഫ്‌മേഖലയില്‍ ഫുട്‌ബോള്‍ സീസണ്‍ അവസാനിക്കുന്ന സമയം കണക്കാക്കി ആയിരിക്കും ഈ ടീമുകള്‍ എത്തുക. ഖത്തറിനു പുറമെ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളെ ഉള്‍പ്പെടുത്താനുള്ള ശ്രമവും തുടങ്ങിയതായും കെ എം ഐ മേത്തര്‍ പറഞ്ഞു.  ഖത്തറിനു പുറമെ യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ടീമുകളെയാണു പ്രതീക്ഷിക്കുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ അനുമതി ഇതിനു ലഭിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍), അണ്ടര്‍ 17 ലോകകപ്പ് എന്നിവയ്ക്കു മുമ്പായി ഇന്തോ-ഗള്‍ഫ് ഫുട്‌ബോള്‍ നടത്താനാണ് ആലോചന. മല്‍സരത്തില്‍ 21 വയസ്സിനു താഴെയുള്ള വിഭാഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.  സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കളിക്കുന്ന എല്ലാ ടീമിലും അഞ്ചു കളിക്കാര്‍ അണ്ടര്‍ 21ല്‍ നിന്നു വേണമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിബന്ധന ഏര്‍പ്പെടുത്തിയതോടെ എല്ലാ സംസ്ഥാനങ്ങളും ഈ ഏജ് ഗ്രൂപ്പുകള്‍ക്കു പ്രാധാന്യം നല്‍കികൊണ്ട് ടീമിനെ ഒരുക്കുകയാണ്. കേരള അണ്ടര്‍ 21 ടീമിന്റെ പരിശീലന പരിപാടികള്‍ കൊച്ചി സോളി സേവ്യറിന്റെ കീഴില്‍ തൊടുപുഴയില്‍ നടന്നുവരുന്നു. ദേശീയ രണ്ടാം ഡിവിഷന്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ 21 വയസ്സിനു താഴെയുള്ളവരുടെ ദേശീയ ലീഗിനെക്കുറിച്ച് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആലോചിച്ചുവരുന്നതായും കെ എം ഐ മേത്തര്‍ പറഞ്ഞു. അണ്ടര്‍ 21 കളിക്കാര്‍ക്ക് ഇതോടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.  ചെറിയ ടൗണുകളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും ഫുട്‌ബോള്‍ എത്തിക്കുക എന്ന ഫിഫയുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് കേരള പ്രീമിയര്‍ ലീഗ് ഒരുക്കുന്നതെന്നും അദ്ദേഹം മേത്തര്‍ വ്യക്തമാക്കി. കേരള സൂപ്പര്‍ ലീഗില്‍(കെഎസ്എല്‍) കളിക്കാരെ എടുക്കുന്നതില്‍ കൂടുതലായി വിലക്കുകളില്ല. ഇരുടീമുകളുടെയും സമ്മതപത്രം ലഭിച്ചാല്‍ ഏതു കളിക്കാര്‍ക്കും ടീം മാറുന്നതിന് അവസരം ഉണ്ടാവും.  നിലവില്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചുകഴിഞ്ഞതിനാല്‍ പുതിയ കളിക്കാരെ മറ്റ് ക്ലബ്ബുകളില്‍ നിന്നു കൈമാറാന്‍ മാത്രമെ കഴിയൂ. ടീമുകളുടെ രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും. 30 അംഗ ടീമുകളുടെ ലിസ്റ്റ് ആണ് കെഎഫ്എയ്ക്ക് ഇന്നു നല്‍കേണ്ടത്. അവസാന 20 അംഗ ടീമിനെ മല്‍സരത്തിനു മുമ്പ് മാനേജേഴ്‌സ് മീറ്റിങില്‍ പ്രഖ്യാപിക്കും. സൂപ്പര്‍ ലീഗില്‍ നിന്ന് ജേതാക്കളായ ടീം ആയിരിക്കും രണ്ടാം ഡിവിഷനിലേക്ക് യോഗ്യത നേടുക.  കോച്ചുകളുടെ കാര്യത്തില്‍ നിലവില്‍ കെഎസ്എലില്‍ നിബന്ധനകള്‍ ഒന്നുമില്ലെങ്കിലും രണ്ടാം ഡിവിഷനില്‍ കളിക്കുമ്പോള്‍ ഫിഫയുടെ യോഗ്യതാ മാനദന്ധങ്ങള്‍ അനുസരിച്ചുള്ള പരിശീലകര്‍ ആയിരിക്കണമെന്നും കെ എം ഐ മേത്തര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക