|    Jan 22 Sun, 2017 11:49 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തര്‍ പ്രവാസികള്‍ നിര്‍മിച്ച ‘വീരം’ ലോക റിലീസിനൊരുങ്ങുന്നു

Published : 26th August 2016 | Posted By: SMR

എം ടി പി റഫീക്ക്

ദോഹ: ഖത്തറിലെ മലയാളികള്‍ മുന്‍കൈയെടുത്ത് ആരംഭിച്ച ചലച്ചിത്ര നിര്‍മാണകമ്പനിയായ ചന്ദ്രകല ആര്‍ട്‌സിന്റെ ബാനറില്‍ ജയരാജ് സംവിധാനം ചെയ്ത വീരം എന്ന ബ്രഹ്മാണ്ഡ ചിത്രം ആഗോള റിലീസിനൊരുങ്ങുന്നു. ഖത്തറില്‍ വ്യവസായിയായ ചന്ദ്രമോഹന്‍ ഡി പിള്ള, പ്രദീപ് രാജന്‍ എന്നിവരാണ് 15 കോടി രൂപയിലേറെ ചിലവ് വരുന്ന സിനിമയുടെ നിര്‍മാതാക്കള്‍. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് നടനായ കുനാല്‍ കപൂറാണ് നായക വേഷം ചെയ്യുന്നത്. സപ്തംബര്‍ 2ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ്(ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ അസോസിയേഷന്‍) ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായി വീരം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വില്യം ഷേക്‌സ്പിയറിന്റെ ദുരന്തനാടകമായ ‘മാക്ബത്തി’നെ അവലംബിച്ചാണ് നവരസ പരമ്പരയിലെ പുതിയ ചിത്രമായ ‘വീര’ത്തിന്റെ തിരക്കഥ ജയരാജ് രചിച്ചിരിക്കുന്നത്. ഷേക്‌സ്പിയര്‍ നാടകത്തെ അതേപടിയെടുക്കുകയല്ല. കളിയാട്ടത്തിലേതുപോലെ കേരളീയ പശ്ചാത്തലത്തിലേക്ക് പരാവര്‍ത്തനം ചെയ്യുകയാണ് സിനിമയില്‍. മാക്ബത്തിനോട് സമാനതകളുള്ള വടക്കന്‍ പാട്ടുകളിലെ ചന്തുവിനാണ് വീരത്തിലൂടെ ജീവന്‍ വയ്ക്കുന്നത്. 13ാം നൂറ്റാണ്ടിലെ കേരളമാണ് കഥയുടെ പശ്ചാത്തലം. ചതിയുടെ പര്യവസാനമെന്നോണം ദുരന്തത്തില്‍ അവസാനിക്കുന്ന മാക്ബത്തിന് സമാനമാണ് ചന്തുവിന്റെയും ജീവിതം.
ഗുണമേന്മയിലും സാങ്കേതികമികവിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത ജയരാജ് വീരത്തിന്റെ സാങ്കേതിക രംഗത്ത് അണിനിരത്തിയിട്ടുള്ളത് ഹോളിവുഡില്‍ നിന്നുള്ള വിദഗ്ധരെയാണ്. ആക്ഷന്‍, മേക്ക് അപ്പ്, സംഗീതം, കളറിങ് എന്നീ മേഖലയിലുള്ള ഹോളിവുഡ് വിദഗ്ധരാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. മലയാളത്തില്‍ ആദ്യമായാണ് ഇത്രയും ഹോളിവുഡ് സാങ്കേതിക വിദഗ്ധര്‍ സഹകരിക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രാഫര്‍ അലന്‍ പോപ്പ്ള്‍ട്ടണ്‍(300, ഹംഗര്‍ ഗെയിംസ്, അവതാര്‍, ലോര്‍ഡ് ഓഫ് റിങ്‌സ് എന്നിവയിലൂടെ ശ്രദ്ധേയന്‍), ഓസ്‌കര്‍, എമ്മി അവാര്‍ഡുകള്‍ നേടിയ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് ട്രെഫര്‍ പ്രൗഡ്, സംഗീത സംവിധായകന്‍ ജെഫ് റോന(ഫാന്റം, ട്രാഫിക്, പ്രിന്‍സ് ഓഫ് ഈജിപ്ത്), വിഷ്വല്‍ ഇഫക്ട്‌സ് കോംപോസിറ്ററും കളറിസ്റ്റുമായ ജെഫ് ഓം(മോണ്‍സ്‌റ്റേഴ്‌സ് വിഎസ് ഏലിയന്‍സ്, ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍, ടൈറ്റാനിക്ക്, സ്‌പൈഡര്‍മാന്‍) എന്നീ പ്രമുഖരാണ് വീരത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരിക്കുന്നത്.
ഗള്‍ഫില്‍ നിന്നുള്ള നിരവധി മലയാളികള്‍ അഭിനയിക്കുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ദോഹയില്‍ നിന്നുള്ള അരുണ്‍ പിള്ള, ദുബയില്‍ നിന്നുള്ള അരുണ്‍ കുമാര്‍, ഗോപന്‍ മാവേലിക്കര, വിനോദ്, സതീഷ് തുടങ്ങിയവരെല്ലാം ചിത്രത്തില്‍ മുഖം കാണിക്കുന്നുണ്ട്. ഔറംഗബാദിലെ എല്ലോറ ഗുഹകളില്‍ ഉള്‍പ്പെടെയാണ് വീരം ചിത്രീകരിച്ചത്.
പ്രധാന കഥാപാത്രത്തിന്റെ റോള്‍ ചെയ്യുന്ന കുനാല്‍ കപൂറിന്റെ ആദ്യ ചിത്രം മീനാക്ഷിയാണ്. ആമിര്‍ ഖാന്‍ നായകനായ രംഗ് ദെ ബസന്തിയായിരുന്നു രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നേടിയിരുന്നു.
മുപ്പതുവര്‍ഷം മുമ്പ് സംവിധായകന്‍ ഭരതന്റെ സഹായികളായി കഴിഞ്ഞകാലത്ത് പരസ്പരം ചര്‍ച്ചചെയ്ത സിനിമയാണ് ‘വീര’മെന്നും ഒരു നിയോഗമെന്നപോലെ അതിന്റെ സാക്ഷാത്ക്കാരം ഇത്രയും നാള്‍ നീണ്ടുപോവുകയായിരുന്നുവെന്നും ജയരാജും ചന്ദ്രമോഹനും നേരത്തേ ഖത്തറില്‍ നടന്ന ഒരു ചടങ്ങില്‍ വ്യക്തമാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക