|    Dec 14 Fri, 2018 4:17 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഖത്തര്‍ ഒപെകില്‍ നിന്നു പിന്മാറുന്നു

Published : 4th December 2018 | Posted By: kasim kzm

ദോഹ: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ഖത്തര്‍ പിന്‍മാറുന്നു. 15 രാജ്യങ്ങള്‍ അംഗങ്ങളായ കൂട്ടായ്മയില്‍ നിന്ന് 2019 ജനുവരി 1 മുതല്‍ ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഉല്‍പാദക രാജ്യമായ ഖത്തര്‍ പിന്‍വാങ്ങുന്ന കാര്യം ഊര്‍ജമന്ത്രി സഅ്ദ് ശരീദ അല്‍ കഅ്ബിയാണ് അറിയിച്ചത്. ഈ വിവരം ഒപെക് അധികൃതരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഈയാഴ്ച വിയന്നയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രകൃതിവാതക വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും രാജ്യാന്തരതലത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനുമായുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സംഘടനയില്‍ നിന്നുള്ള പിന്‍വാങ്ങല്‍. പ്രകൃതിവാതക ഉല്‍പാദനം പ്രതിവര്‍ഷം 7.7 കോടി ടണ്ണില്‍ നിന്ന് 11 കോടി ടണ്ണാക്കി ഉയര്‍ത്താന്‍ ഖത്തര്‍ തീരുമാനിച്ചിരുന്നു.
15 രാഷ്ട്രങ്ങളാണ് ഒപെക് (ഓര്‍ഗനൈസേഷന്‍ ഓഫ് ദി പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസ്) അംഗങ്ങളായിട്ടുള്ളത്. എല്‍എന്‍ജി രംഗത്തെ വളര്‍ച്ചയും വികസനവും ലക്ഷ്യമിട്ടു ഭാവി നയം രൂപപ്പെടുത്താന്‍ ഖത്തര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ശ്രദ്ധാപൂര്‍വം ശ്രമിക്കുകയായിരുന്നു. 57 വര്‍ഷത്തെ ഒപെക് ബന്ധം ഉപേക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും അല്‍ കഅ്ബി പറഞ്ഞു.
ഒപെകിന്റെയും സൗഹൃദ രാഷ്ട്രങ്ങളുടെയും യോഗം 6, 7 തിയ്യതികളില്‍ നടക്കാനിരിക്കെയാണ് ഖത്തറിന്റെ പിന്മാറ്റം. അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധവുമായി ഇപ്പോഴത്തെ തീരുമാനത്തിനു ബന്ധമില്ലെന്ന് അല്‍ കഅ്ബി അറിയിച്ചു. 15 അംഗ ഒപെക് രാജ്യങ്ങളില്‍ നിന്നു പിന്‍മാറുന്ന ആദ്യ രാജ്യമാണ് ഖത്തര്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss