|    Oct 18 Wed, 2017 3:51 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തര്‍ എയര്‍വെയ്‌സ് രണ്ട് വിമാനക്കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നു

Published : 12th November 2016 | Posted By: SMR

ദോഹ: രണ്ടു വിമാനക്കമ്പനികളുടെ പ്രധാന ഓഹരികള്‍ സ്വന്തമാക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ് ഒരുങ്ങുന്നു.  കഴിഞ്ഞ ദിവസം ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ബാകിറാണ് രണ്ടു പ്രധാന നിക്ഷേപ പദ്ധതികള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍, പദ്ധതികള്‍ ഏതെന്നു വ്യക്തമാക്കിയില്ല.
കമ്പനി കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കും. പ്രധാനപ്പെട്ട ചില പ്രഖ്യാപനങ്ങള്‍ ഉടന്‍ വരാനുണ്ട്. മറ്റു ചില പദ്ധതികള്‍ക്കായുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. വൈകാതെ തന്നെ അവ പ്രഖ്യാപിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. ഖത്തര്‍ എയര്‍വെയ്‌സ് സ്വന്തമാക്കുന്ന ഓഹരികളില്‍ ഒന്ന് ഇറ്റാലിയന്‍ വിമാനമായ മെറിഡിയാന ഫ്‌ളൈയുടെതാണെന്ന് അറേബ്യന്‍ ബിസിനസ് മാഗസിന്‍ റിപോര്‍ട്ട് ചെയ്തു. മെറിഡിയാന ഫ്‌ളൈയുടെ 49 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനായി ദീര്‍ഘകാലമായി നടത്തി വന്ന ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചതായി ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചിരുന്നു.
ഓഹരികള്‍ വാങ്ങുന്നതിനു പുറമേ വിമാന കമ്പനികളുമായി ബിസിനസ് സഹകരണത്തിനും ഖത്തര്‍ എയര്‍വെയ്‌സ് സന്നദ്ധമാകുന്നുണ്ട്. അമേരിക്കന്‍ വിമാനക്കമ്പനികളുമായുള്ള സഹകരണം വികസിപ്പിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
യുഎഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദുമായി അമേരിക്കന്‍ വിമാനങ്ങള്‍ സഹകരണ കരാറില്‍ ഒപ്പു വെച്ചിരുന്നു.
അമേരിക്കന്‍ എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എയര്‍വെയ്‌സ് എന്നിവയുമായി സംയുക്ത സംരംഭങ്ങള്‍ക്കും പ്രതീക്ഷയുണ്ട്. ബ്രിട്ടീഷ് എയര്‍വെയ്‌സുമായി കഴിഞ്ഞ മാസം ഖത്തര്‍ എയര്‍വെയ്‌സ് കോഡ് ഷെയറിങ്ങിലെത്തിയിരുന്നു. ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ലണ്ടന്‍ – ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസിന്റെ ഭാഗമായായിരുന്നു ഇത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക