|    May 25 Thu, 2017 2:06 pm
FLASH NEWS

ഖത്തര്‍ എയര്‍വെയ്‌സിന്റെ വരവിനെതിരേ ഇന്ത്യന്‍ കമ്പനികള്‍

Published : 20th March 2017 | Posted By: fsq

 

ദോഹ: ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കാനുള്ള ഖത്തര്‍ എയര്‍വെയ്‌സ് നീക്കത്തിനെതിരേ എതിര്‍പ്പുമായി ഇന്ത്യന്‍ വിമാന കമ്പനികള്‍. ഖത്തര്‍ എയര്‍വെയ്‌സ് പ്രഖ്യാപനം വന്നയുടന്‍  തന്നെ സ്വകാര്യ വിമാന കമ്പനികളും വിമാന കമ്പനികളുടെ സംഘടനയും പദ്ധതി തടയുന്നതിനായി നീക്കങ്ങളാരംഭിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ചുള്ള വാര്‍ത്തകളും വിശകലനങ്ങളും പ്രസിദ്ധീകരിച്ചു. സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ്‌സിംഗും ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യഘോഷും കഴിഞ്ഞ ദിവസം സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗധരിയുമായി കൂടിക്കാഴ്ച നടത്തി. വിഷയം കോടതിയുടെ മുന്നില്‍ കൊണ്ടു വരുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (എഫ്‌ഐഎ) പ്രതിനിധി അറിയിച്ചതായി ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു. അതേസമയം, വിദേശ കമ്പനികള്‍ക്ക് രാജ്യത്തെ സിവില്‍ വ്യോമയാന മേഖലയില്‍ 100 ശതമാനം നിക്ഷേപം അനുവദിക്കുന്ന നിയമഭേദഗതി ഫെഡറേഷന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നടപ്പിലാക്കാതെ വച്ചിരിക്കുകയായിരുന്നുവെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, വ്യോമയാന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വാഗതം ചെയ്യുന്നതാണ് സര്‍ക്കാറിന്റെ നയമെന്ന് ആര്‍ എന്‍ ചൗധരി ദി ഹിന്ദുവിനോടു പറഞ്ഞു. സിവില്‍ ഏവിയേഷന്റെ അംഗീകാരം നേടിയ ശേഷമേ നിക്ഷേപം സാധ്യമാകൂ. മാധ്യമ വാര്‍ത്തകള്‍ അനുസരിച്ച് 49 ശതമാനത്തിനു മുകളില്‍ നിക്ഷേപം നടത്താനാണ് ഖത്തര്‍ എയര്‍വെയ്‌സ് ആലോചിക്കുന്നത്. അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ മാത്രമേ അനുമതി നല്‍കുന്നതു സംബന്ധിച്ചുള്ള നടപടികള്‍ ആരംഭിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ 100 ശമതാനം വിദേശ നിക്ഷേപം അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാറിന്റെ വിജ്ഞാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അതിന്റെ അന്തിമരൂപം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ചൗധരി വ്യക്തമാക്കി. ഈ സാഹചര്യംകൂടി ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ കമ്പനികള്‍ ഖത്തര്‍ എയര്‍വെയ്‌സിനെതിരെ രംഗത്തു വരുന്നത്. ലോകത്ത് ഒരു രാജ്യത്തും വിദേശ വിമാന കമ്പനികള്‍ക്ക് പൂര്‍ണ അവകാശം നല്‍കുന്നില്ലെന്ന് ഫെഡറേഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഉജ്വല്‍ ഡേ നേരത്തേ വ്യക്തമാക്കിയിരുന്നു. ഗതാഗതം, ടൂറിസം, സാംസ്‌കാരിക വകുപ്പുകള്‍ക്കായുള്ള പാര്‍ലിമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുകുള്‍ റോയിക്ക് നല്‍കിയ കത്തിലാണ് ഉജ്വല്‍ കഴിഞ്ഞ മാസം ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ രാഷ്ട്രീയമായ എതിര്‍പ്പുകളും ഖത്തര്‍ എയര്‍വെയ്‌സ് സംരംഭത്തിനു നേരിടേണ്ടി വരുമെന്ന് റിപോര്‍ട്ടുകളുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day