|    Sep 26 Wed, 2018 2:16 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തര്‍ എയര്‍വെയ്‌സിന്റെ പുതിയ സുരക്ഷാ വീഡിയോ തരംഗമാവുന്നു

Published : 21st December 2015 | Posted By: SMR

ദോഹ: വിമാനത്തിലെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് ഖത്തര്‍ എയര്‍വെയ്‌സ് പുറത്തിറക്കിയ യുട്യൂബ് വീഡിയോ വൈറലാവുന്നു. സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായ എഫ്‌സി ബാഴ്‌സലോണ ടീം അംഗങ്ങളെ ഉപയോഗിച്ച് നിര്‍മിച്ച 4 മിനിറ്റ് വീഡിയോ ക്ലിപ്പ് വിമാനത്തിലെ സുരക്ഷാ നിര്‍ദേശങ്ങളെയും ഫുട്‌ബോളിലെ കളിനിയമങ്ങളെയും മനോഹരമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു.
സീറ്റ് ബെല്‍റ്റ് മുറുക്കുക, എമര്‍ജന്‍സി വാതിലുകള്‍ കണ്ടെത്തുക, വിമാനത്തിനകത്ത് പുകവലി ഉപേക്ഷിക്കുക, ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്വിച്ചോഫ് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് വീഡിയോ നല്‍കുന്നത്. എന്നാല്‍, ഇതിന് വിമാനത്തിന് പകരം ഉപയോഗിക്കുന്നത് സ്‌റ്റേഡിയം, ബസ്സ്, ലോക്കര്‍ റൂം തുടങ്ങിയ ഇടങ്ങളാണ്. യാത്രക്കാരുടെ സുരക്ഷയ്ക്ക് നല്‍കുന്ന അതിയായ പ്രധാന്യമാണ് ഇത്തരത്തില്‍ ആകര്‍ഷണീയമായ വീഡിയോ ഒരുക്കാന്‍ കാരണമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് മാര്‍ക്കറ്റിങ് പ്രതിനിധി സലാം അല്‍ശവ പറഞ്ഞു. ഗോയിങ് പ്ലേസസ് ടുഗദര്‍(വിവിധ പ്രദേശങ്ങളിലേക്ക് ഒരുമിച്ച് പോവുക) എന്ന തങ്ങളുടെ വാഗ്ദാനത്തിന് ജീവന്‍ നല്‍കുന്നതാണ് കാംപ് ന്യു സ്റ്റേഡിയത്തില്‍ എഫ്‌സി താരങ്ങളെ ഉപയോഗിച്ച് എടുത്ത വീഡിയോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലയണല്‍ മെസ്സി, ലൂയിസ് സുവാരസ്, നെയ്മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍, ജെറാര്‍ഡ് പിക്, ഇവാന്‍ റാക്റ്റിക്, ജേവിയര്‍ മശ്ചെറാനോ എന്നീ ആറ് ബാഴ്‌സലോണ താരങ്ങളാണ് വീഡിയോയില്‍ അണിനിരക്കുന്നത്. താരങ്ങള്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ സ്റ്റാന്റുകളില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റിടുന്നതും വിമാനത്തിന്റെ ടോയ്‌ലറ്റിനകത്ത് പുകവലിച്ചയാള്‍ക്ക് ചുവപ്പു കാര്‍ഡ് കാണിക്കുന്നതും കളിനടക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ റഫറി വെപ്രാളത്തോടെ സ്വിച്ച് ഓഫ് ചെയ്യുന്നതുമൊക്കെയാണ് വീഡിയോയില്‍. വിമാനത്താവളത്തിന് പുറത്തേക്ക് നടക്കുന്ന പിക്കിനെ കണ്ട് ശ്വാസം നിലച്ചു പോയ വനിതാ ആരാധകര്‍ക്കായി ഓക്‌സിജന്‍ മാസ്‌കുകള്‍ ഇറങ്ങി വരുന്നതും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. വിമാനത്തില്‍ വൈഫൈ സേവനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വീഡിയോയിലും ബാഴ്‌സലോണ താരങ്ങളാണ് അണിനിരക്കുന്നത്. 2011ല്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ബാഴ്‌സലോണ ടീം 2013 മുതല്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ പേരോട് കൂടിയ ജഴ്‌സി അണിഞ്ഞു വരുന്നുണ്ട്. ആദ്യത്തെ രണ്ടു വര്‍ഷം ഖത്തര്‍ ഫൗണ്ടേഷന്റെ ലോഗോ ആണ് ജഴ്‌സിയില്‍ ഉപയോഗിച്ചിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss