|    Jan 24 Tue, 2017 12:53 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തരി വൃദ്ധയുടെ കൊല: ഇന്ത്യക്കാരുടെ വധശിക്ഷ ശരിവച്ചു

Published : 21st July 2016 | Posted By: sdq

ദോഹ: ഖത്തരി വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ടു ഇന്ത്യന്‍ പ്രവാസികളുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. രണ്ടുപേരെയും വെടിവച്ചുകൊല്ലാനാണ് ഉത്തരവിട്ടിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയായ മറ്റൊരു ഇന്ത്യാക്കാരന് ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. കീഴ്കോടതി വിധിക്കെതിരായ അപ്പീലില്‍ മെയ് 30നാണ് അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചത്.
വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കേണ്ട അവസാന തിയ്യതിയായ ഈമാസം 30നു മുമ്പ് തന്നെ അപ്പീല്‍ക്കോടതിയെ സമീപിക്കുമെന്ന് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപോര്‍ട്ട് ചെയ്തു. ഈ വിഷയം രണ്ടുദിവസം മുന്‍പാണ് തന്റെ ശ്രദ്ധയില്‍വരുന്നതെന്നും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ചചെയ്തയായും ഖത്തറിലെ പ്രമുഖ അഭിഭാഷകന്‍ നിസാര്‍ കൊച്ചേരി പറഞ്ഞു.
എന്നാല്‍, മൂന്നാം പ്രതിയുടെ ജീവപര്യന്തം വധശിക്ഷയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും അപ്പീല്‍ സമര്‍പ്പിക്കുമെന്നാണറിയുന്നത്. അപ്പീല്‍കോടതി വിധി നേരത്തേ വന്നിരുന്നെങ്കിലും കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും അഭിഭാഷകനായ സുരേഷ്‌കുമാര്‍ ദോഹയിലെത്തിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നത്. കേസിലുള്‍പ്പെട്ട മൂന്നുപ്രതികളും തമിഴ്നാട്ടില്‍ നിന്നുള്ളവരായതിനാല്‍ സൗത്ത് ഏഷ്യന്‍ ഫിഷര്‍മാന്‍ ഫ്രട്ടേര്‍ണിറ്റിയാണ് അഭിഭാഷകനെ നിയോഗിച്ചതെന്നാണറിയുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള അളഗപ്പ സുബ്രഹ്മണ്യന്‍(വില്ലുപുരം), ചിന്നദുരൈ പെരുമാള്‍(വിരുദനഗര്‍), ശിവകുമാര്‍ അരസന്‍(സേലം) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ മൂന്നുപേരും നാല്‍പ്പതിനുമേല്‍ പ്രായമുള്ളവരാണ്. കൊലപാതകം നടക്കുന്ന സമയത്ത് മൂന്നുപേരിലൊരാള്‍ ഖത്തരി വൃദ്ധയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നതായും ഗള്‍ഫ് ടൈംസ് റിപോര്‍ട്ടിലുണ്ട്. വീട്ടില്‍ മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെ വൃദ്ധയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. 82 വയസുള്ള വൃദ്ധ സലത്തയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. വീട്ടുജോലിക്കാരി മാത്രമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. തൊട്ടടുത്ത് ജോലിചെയ്തിരുന്ന പ്രതികളെ റമദാന്‍ സമയത്ത് ഇവര്‍ വീട്ടില്‍ വിളിച്ച് ഭക്ഷണം നല്‍കിയിരുന്നു. അവസരം മുതലെടുത്ത് വീടിന്റെ സാഹചര്യങ്ങളും ക്രമീകരണങ്ങളും മനസിലാക്കിയാണ് കൃത്യം നടത്തിയത്. ഒന്നിലധികം പേര്‍ കൊലപാതകത്തില്‍ പങ്കാളികളായാല്‍ ഖത്തര്‍ ക്രിമിനല്‍ നിയമമനുസരിച്ച് വധശിക്ഷ വിധിക്കാറുണ്ട്. കൊലചെയ്യട്ടെ വൃദ്ധയുടെ കുടുംബം വിചാരണ വേളയില്‍ വധശിക്ഷ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നേരത്തെ മറ്റൊരു കൊലപാതകക്കേസില്‍ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രീകോടതി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. 2003ല്‍ ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു ഇന്ത്യാക്കാര്‍ക്കും ഒരു നേപ്പാളിക്കുമാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.
അപ്പീല്‍ക്കോടതി വിധി ശരിവച്ചെങ്കിലും സുപ്രീംകോടതി ശിക്ഷ കുറച്ചു. രണ്ട് ഇന്ത്യാക്കാര്‍ക്ക് ജീവപര്യന്തവും നേപ്പാളിക്ക് പതിനഞ്ച് വര്‍ഷം തടവുമായാണ് ശിക്ഷ കുറച്ചത്. ഈ കേസില്‍ ഇന്ത്യാക്കാരായ ടാക്സി ഡ്രൈവര്‍മാരായ ശ്രീധരന്‍ മണികണ്ഠന്‍, ഉണ്ണികൃഷ്ണന്‍ മഹാദേവന്‍ എന്നിവരും നേപ്പാളിയായ ചന്ദ്രശേഖര്‍ യാദവുമാണ് ശിക്ഷിക്കപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 142 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക