|    Dec 17 Mon, 2018 4:33 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തരികളെ തട്ടിക്കൊണ്ട് പോകല്‍; ജിസിസി അപലപിച്ചു

Published : 23rd December 2015 | Posted By: SMR

ദോഹ: തെക്കേ ഇറാഖി അതിര്‍ത്തിയില്‍ നിന്ന് ഖത്തരികളെ തട്ടിക്കൊണ്ട് പോയ സംഭവത്തെ ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍(ജിസിസി) അപലപിച്ചു. ഖത്തരികളെ തട്ടിക്കൊണ്ട് പോയ സംഭവം നാണക്കേടാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്‌നമായ ലംഘനമാണിതെന്നും ജിസിസി പ്രസ്താവനയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഖത്തര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും അംഗരാജ്യങ്ങള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
തട്ടിക്കൊണ്ട് പോകല്‍ ഇസ്‌ലാമിനു നിരക്കാത്ത പ്രവൃത്തിയാണെന്നും ഇത് അറബ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ജിസിസി ജനറല്‍ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ഖത്തരി നായാട്ടുകാര്‍ നിയമ വിധേയമായാണ് ഇറാഖ് അതിര്‍ത്തിയില്‍ പ്രവേശിച്ചത്. നിരപരാധികളായ ഇവരെ തട്ടിക്കൊണ്ട് പോയത് അപലപനീയമാണ്. ബന്ധികളുടെ മോചനത്തിനായി ഇറാഖും ഖത്തറും ചേര്‍ന്നു നടത്തുന്ന ശ്രമങ്ങളും ചര്‍ച്ചകളും വിജയം കാണുമെന്നും അവര്‍ സുരക്ഷിതരായി നട്ടിലെത്തുമെന്നും പ്രതീക്ഷിക്കുന്നതായി സെക്രട്ടേറിയറ്റ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ബന്ദികളുടെ മോചന കാര്യത്തില്‍ ഇറാഖ് തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും ജിസിസി ജനറല്‍ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഇറാഖില്‍ സുസ്ഥിരതയും സുരക്ഷയും ഉറപ്പ് വരുത്താനുള്ള എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും മികച്ച പിന്തുണയാണ് നാളിതുവരെ ജിസിസി രാജ്യങ്ങള്‍ നല്‍കിവരുന്നത്.
ഖത്തരി പൗരന്‍മാര്‍ ഇറാഖി അതിര്‍ത്തിയില്‍ പ്രവേശിച്ചത് ദോഹയിലെ ഇറാഖി എംബസിയില്‍ നിന്ന് ലഭിച്ച അനുമതി പത്രത്തിന്റെ അടിസ്ഥാനത്തിലാണ്. ഇറാഖി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയും അവര്‍ക്ക് ലഭിച്ചിരുന്നു. സംഭവം നടന്നത് ഇറാഖിന്റെ പരമാധികാരത്തിനും നിയന്ത്രണത്തിനും കീഴിലുള്ള സ്ഥലത്താണെന്നും അതിനാല്‍ ഖത്തരികളുടെ സുരക്ഷിത മോചനത്തില്‍ ഇറാഖിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
100ഓളം വരുന്ന തോക്കുധാരികകളാണ് 26 ഖത്തരികളെ ഇറാഖ്-സൗദി അതിര്‍ത്തിയില്‍ വച്ച് തട്ടിക്കൊണ്ടു പോയതെന്ന് റോയിട്ടേഴ്‌സ് നേരത്തേ റിപോര്‍ട്ട് ചെയ്തിരുന്നു. ബഗ്ദാദില്‍ നിന്ന് 200 മൈല്‍ അകലെയാണ് സംഭവ സ്ഥലം. ബന്ധികളുടെ മോചനത്തിന് ഉന്നത തലത്തിലുള്ള ഇടപെടല്‍ നടക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
സംഭവത്തിന്റെ തൊട്ടു പിറ്റേന്ന് ഏഴ് പേരെ മോചിപ്പിച്ചതായും ഇവര്‍ കുവൈത്തില്‍ എത്തിയതായും അല്‍ജസീറ റിപോര്‍ട്ടില്‍ പറയുന്നു. നായാട്ടു സംഘത്തിന്റെ സഹായത്തിനായി കൂടെപ്പോയവരാണ് മോചിപ്പിക്കപ്പെട്ടതെന്നാണ് സൂചന.

അടിയന്തര നടപടി സ്വീകരിക്കണമെന്ന് അറബ് ലീഗ്
ദോഹ: ഖത്തരി പൗരന്‍മാരെ മോചിപ്പിക്കുന്നതില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു. പൗരന്‍മാരുടെ സുരക്ഷ ഉറപ്പു വരുത്തുകയും മോചനം വേഗത്തിലാക്കുകയും വേണമെന്ന് അറബ് പാര്‍ലമെന്റ് സ്പീക്കര്‍ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ജര്‍വാന്‍ കെയ്‌റോയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
തട്ടിക്കൊണ്ടു പോകല്‍ അറബ് സമൂഹത്തിന് അപകീര്‍ത്തികരമായ നടപടിയാണ്. ഖത്തര്‍ പൗരന്‍മാര്‍ നിയമപരമായി മാത്രമേ ഇറാഖ് അതിര്‍ത്തി കടന്നിട്ടുള്ളൂ എന്നത് പ്രധാനമാണ്. രാജ്യാന്തര നിയമങ്ങളും മനുഷ്യാവകാശവും ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ഭീകരതയാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തി. പൗരന്മാരെ മോചിപ്പിക്കുന്നതിനു വേണ്ടി നടക്കുന്ന ശ്രമങ്ങള്‍ക്ക് ഖത്തറിനും ഇറാഖിനും അറബ് ലീഗ് പിന്തുണ അറിയിച്ചു. വൈകാതെ തന്നെ പൗരന്‍മാര്‍ക്ക് മോചിതരാകാന്‍ കഴിയുമെന്ന പ്രത്യാശയും പ്രസ്താവന പ്രകടിപ്പിച്ചു. രാജ്യത്തിനകത്ത് പ്രവേശിച്ച ഖത്തരി പൗരന്മാരുടെ കാര്യത്തില്‍ ഇറാഖിന് ബാധ്യതയുണ്ടെന്നും പ്രസ്താവന ഓര്‍മിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss