|    Jan 21 Sat, 2017 9:52 am
FLASH NEWS

ഖജനാവ് കൊള്ളയടിക്കുന്നത് ആരാണ്?

Published : 8th December 2015 | Posted By: SMR

കബീര്‍ പോരുവഴി

ഹിന്ദു സ്ഥാനാര്‍ഥികളെ മുസ്‌ലിംകള്‍ തിരഞ്ഞുപിടിച്ചു തോല്‍പിച്ചു എന്നും അങ്ങനെ ഹിന്ദുക്കള്‍ ബഹുഭൂരിപക്ഷവും തോല്‍പിക്കപ്പെട്ടൂവെന്നും ഒരാരോപണം വെള്ളാപ്പള്ളി സംഘം ഉന്നയിച്ചിരുന്നു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള 80 അസംബ്ലി സീറ്റുകളില്‍നിന്നു മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ജയിച്ചത് ഏഴിടത്തു മാത്രമാണ്. ഇതില്‍ ആലുവ, അരൂര്‍, ഇരവിപുരം, ഗുരുവായൂര്‍, കഴക്കൂട്ടം എന്നീ അഞ്ചിടങ്ങളില്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മുഖാമുഖമാണു മല്‍സരിച്ചത്. കളമശ്ശേരിയില്‍ മുസ്‌ലിം സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിച്ചത് ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയായിരുന്നു. വര്‍ക്കലയില്‍ മാത്രമാണ് മുസ്‌ലിം സ്ഥാനാര്‍ഥി ഹിന്ദു സ്ഥാനാര്‍ഥിയെ തോല്‍പിച്ചത്. വര്‍ക്കല കഹാറിന്റെ വിജയം ശിവഗിരി ട്രസ്റ്റിന്റെ വിജയമാണ്. ശിവഗിരി ട്രസ്റ്റിന് 50 ലക്ഷം രൂപ യൂസഫലിയില്‍നിന്നു വാങ്ങിനല്‍കിയതിനുള്ള ഉപകാരസ്മരണ. മറിച്ച്, ചടയമംഗലത്ത് രണ്ടു പ്രാവശ്യം- ഫിദൂര്‍ മുഹമ്മദിനെയും ഷാഹിദ കമാലിനെയും- എന്‍എസ്എസും എസ്എന്‍ഡിപിയും ചേര്‍ന്ന് തോല്‍പിച്ചു. ഇതേപോലെ തലേക്കുന്നില്‍ ബഷീറിനെയും എം ഐ ഷാനവാസിനെയും ചിറയിന്‍കീഴിലും ഷാഹിദ കമാലിനെയും ഖാദര്‍ മങ്ങാടിനെയും അഹമ്മദ് കുഞ്ഞിയെയും കാസര്‍കോട്ടും ഇ എം ഇസ്മായിലിനെ മൂവാറ്റുപുഴയിലും ഷംസീറിനെ വടകരയിലും മുഹമ്മദ് റിയാസിനെ കോഴിക്കോട്ടും തോല്‍പിച്ചിട്ടും ആരുംതന്നെ ആരോപണം ഉന്നയിച്ചില്ല.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ നായര്‍-ഈഴവ സമുദായങ്ങള്‍ക്കായി 15 മന്ത്രിമാരുണ്ടായിരുന്നു. മുസ്‌ലിംകളെ സമസ്ത മേഖലയിലും അടിച്ചൊതുക്കിയ, അക്ഷരാര്‍ഥത്തില്‍ ഒരു ‘ഹിന്ദു’ഭരണമായിരുന്നു അത്. ആ ഭരണത്തിനു തുടര്‍ച്ചയായി വോട്ട് ചെയ്തവരാണ് എന്‍എസ്എസും എസ്എന്‍ഡിപിയും. എന്‍എസ്എസിന് സ്വാധീനമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ആകെയുള്ള 39 അസംബ്ലി സീറ്റുകളില്‍ യുഡിഎഫ് ജയിച്ചത് വെറും 13 സീറ്റില്‍ മാത്രമാണ്. അതില്‍ തന്നെ പാറശ്ശാല, കാട്ടാക്കട, ചവറ സീറ്റുകള്‍ നാടാര്‍-ലാറ്റിന്‍ കത്തോലിക്കാ വിഭാഗങ്ങളുടെ സ്വാധീനവും, ബാക്കിയുള്ളവര്‍ യുഡിഎഫ് ജയിച്ചാല്‍ മന്ത്രിയാവുമെന്ന് ഉറപ്പുള്ളവരുമാണ്. എന്നാല്‍, ഇരുമുന്നണികളുമായി മാറിയും മറിച്ചും ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കുന്നവരാണ് ക്രിസ്ത്യന്‍ സഭകള്‍.
സാമുദായികസമ്മര്‍ദ്ദം ചെലുത്തുന്നത് ക്രിസ്ത്യന്‍-നായര്‍-ഈഴവ സമുദായങ്ങളാണ്. രാജ്യസഭ, ലോക്‌സഭ, നിയമസഭ, പിഎസ്‌സി, ഡിജിപി നിയമനങ്ങള്‍ക്കു മുമ്പ് ലിസ്റ്റ് സുകുമാരന്‍നായര്‍ക്ക് സമര്‍പ്പിച്ച് അനുവാദം വാങ്ങുന്നത് കോണ്‍ഗ്രസ് ശൈലിയാണ്. എന്‍എസ്എസ് അംഗീകരിക്കുന്നവര്‍ക്കേ കോണ്‍ഗ്രസ്സില്‍ ഭാരവാഹിയാവാനും മന്ത്രിയാവാനും കോര്‍പറേഷന്‍-ബോര്‍ഡുകളില്‍ ചെയര്‍മാനാവാനും കഴിയൂ. യുഡിഎഫ് ഘടകകക്ഷികളെപ്പോലെ എസ്എന്‍ഡിപിക്കും മൂന്ന് കോര്‍പറേഷന്‍ നല്‍കി. പുറമേ ദേവസ്വം ബോര്‍ഡില്‍ മെംബര്‍സ്ഥാനവും. താമരശ്ശേരിയില്‍ ക്വാറി പൊട്ടിച്ച് പാറ വില്‍ക്കാന്‍ കലാപം നയിച്ച ക്രിസ്ത്യന്‍ പുരോഹിതനെ മുഖ്യമന്ത്രി മൂന്നു പ്രാവശ്യവും പിണറായി രണ്ടു പ്രാവശ്യവും സന്ദര്‍ശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇരുമുന്നണികളിലെയും മിക്ക സ്ഥാനാര്‍ഥികളെയും നിശ്ചയിച്ചത് എന്‍എസ്എസും എസ്എന്‍ഡിപിയും സഭാ മേലധ്യക്ഷന്മാരുമാണ്. ഒരു പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥിനിര്‍ണയത്തിലോ സംഘടനാനേതൃത്വങ്ങളെ തീരുമാനിക്കുന്നതിലോ ലീഗടക്കമുള്ള മുസ്‌ലിം സംഘടനകളാരും ഇടപെടാറില്ല. രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതാവാണെങ്കിലും ഉദ്യോഗസ്ഥനിയമനങ്ങളിലും രാഷ്ട്രീയനേതൃത്വ നിയമനങ്ങളിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാട് തികച്ചും സ്വജാതിയിലധിഷ്ഠിതമാണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള (42.44 ശതമാനം), ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥരുള്ള, ഏറ്റവും കൂടുതല്‍ റവന്യൂ ഭൂമി തട്ടിയെടുത്ത, ഏറ്റവും കൂടുതല്‍ എംപിമാരും മന്ത്രിമാരുമുള്ള, രാഷ്ട്രീയം മറന്ന് പല സമുദായക്കാര്‍ക്ക് മാത്രമായി വോട്ട് ചെയ്യാറുള്ള ക്രിസ്ത്യന്‍ സഭകളെ വിമര്‍ശിക്കാനും എതിര്‍ക്കാനും എന്‍എസ്എസും എസ്എന്‍ഡിപിയും ബിജെപിയും ആര്‍എസ്എസും ഇടതുമുന്നണിയും തയ്യാറാവില്ല. പരോക്ഷമായി ഹിന്ദു വോട്ടുകള്‍ സമാഹരിക്കുന്ന തന്ത്രം സിപിഎം കാലങ്ങളായി തുടരുന്ന രീതിയാണ്. എന്നാല്‍, ലൗ ജിഹാദ്, പച്ച ബോര്‍ഡ്, മുസ്‌ലിം പ്രീണനം, ഭൂരിപക്ഷ അവഗണന തുടങ്ങിയ വിഷയങ്ങള്‍ ഹിന്ദു വോട്ട് സമാഹരിക്കാന്‍ സിപിഎം പറയാതെ ഉപയോഗിക്കുന്നു. പിന്നെന്തിന് ചുവപ്പുകൊടി എന്നു ചോദിച്ച് അണികള്‍ ബിജെപിയിലേക്ക് ഒഴുകിത്തുടങ്ങിയപ്പോള്‍ തടയിടാന്‍ കഴിയാതെ സിപിഎം കുഴങ്ങുന്നു.
ന്യൂനപക്ഷ പ്രീണനമോ മുസ്‌ലിം പ്രീണനമോ അല്ല ഇവിടെ നടക്കുന്നത്, മറിച്ച് നായര്‍-സുറിയാനി ക്രിസ്ത്യന്‍ പ്രീണനമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ നാല് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത് സഭകളാണ്. കേരളപ്പിറവിക്കു ശേഷം നാളിതുവരെ കോണ്‍ഗ്രസ് ഒരു മുസ്‌ലിമിനെപ്പോലും പിഎസ്‌സിയില്‍ മെംബറാക്കിയിട്ടില്ല. എന്നാല്‍, കേരളാ കോണ്‍ഗ്രസ്സിന്റെയും കോണ്‍ഗ്രസ്സിന്റെയും പേരില്‍ ഒരേസമയം ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് പിഎസ്‌സിയില്‍ മെംബര്‍മാരുണ്ടാവുന്നു. 1986നു ശേഷം കോണ്‍ഗ്രസ്സില്‍നിന്നും കേരളപ്പിറവിക്കുശേഷം സിപിഎമ്മില്‍നിന്നും മുസ്‌ലിമായി ആരും തന്നെ രാജ്യസഭയില്‍ പോയിട്ടില്ല. 1984നു ശേഷം മുസ്‌ലിമായി ആരും തന്നെ കോണ്‍ഗ്രസ്സില്‍നിന്നു ലോക്‌സഭയില്‍ പോയിട്ടില്ല. 1984 മുതല്‍ 2005 വരെ കോണ്‍ഗ്രസ്സില്‍നിന്നു ലോക്‌സഭയില്‍ മുസ്‌ലിംകള്‍ക്ക് പ്രാതിനിധ്യം ഇല്ലാതിരുന്നിട്ടും നാലും അഞ്ചും പ്രാതിനിധ്യം ലോക്‌സഭയിലുള്ള ക്രിസ്ത്യന്‍-നായര്‍ വിഭാഗങ്ങെളയാണ് കോണ്‍ഗ്രസ്സും സിപിഎമ്മും രാജ്യസഭയില്‍ അയച്ചിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ ആകെയുണ്ടായിരുന്ന 169 അംഗങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യം അഞ്ചു മാത്രം. എന്നാല്‍, ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് 17 പേരും ബാക്കി 147 പേരും ഹിന്ദുസമുദായാംഗങ്ങളുമായിരുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരള സര്‍വകലാശാലയില്‍ നിയമിച്ച 394 അസിസ്റ്റന്റുമാരില്‍ 376 പേരും നായര്‍സമുദായാംഗങ്ങളും അവരില്‍ തന്നെ 300ഓളം പേര്‍ നേതാക്കളുടെ ബന്ധുക്കളായ ആര്‍എസ്എസുകാരുമായിരുന്നു. മുസ്‌ലിംകള്‍ക്ക് മുസ്‌ലിം ലീഗ് മതി എന്ന ധാരണമൂലമാണിതൊക്കെ.
ദുരാരോപണങ്ങള്‍ ഉന്നയിച്ച് മുസ്‌ലിംകളെ സമ്മര്‍ദ്ദത്തിലാക്കി, സാമുദായിക സ്വാധീനം ഉപയോഗപ്പെടുത്തി ഭരണനേതൃത്വത്തെ വരുതിയിലാക്കി ഖജനാവ് കൊള്ളയടിക്കുന്ന സാഹചര്യത്തോട് പ്രതികരിക്കാനും പൊതുസമൂഹത്തെ ശരി ബോധ്യപ്പെടുത്താനും വേണ്ടേ ഒരു സംവിധാനം?

(അവസാനിച്ചു.) $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 98 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക