|    Aug 21 Mon, 2017 5:38 pm
FLASH NEWS

കൗമുദി ടീച്ചറുടെ പരിത്യാഗ ചരിത്രം; ഓര്‍മകളയവിറക്കി നഗരം

Published : 3rd August 2017 | Posted By: fsq

 

കോഴിക്കോട്: ദലിതര്‍ക്കെതിരേ രാജ്യത്ത് അക്രമങ്ങളുടെ കനലാട്ടം നടക്കുമ്പോള്‍ 83 വര്‍ഷം മുമ്പ് ഹരിജന്‍ സഹായ നിധിയിലേക്ക് മറ്റാരുടേയും പ്രേരണയില്ലാതെ തന്റെ സ്വര്‍ണാഭരണങ്ങള്‍ അഴിച്ച് ഗാന്ധിജിയുടെ കൈകളിലേല്‍പ്പിച്ച കൗമുദിയെന്ന ബാലിക അവിസ്മരണീയമായ ഓര്‍മകളുമായി കൗമുദി ടീച്ചറുടെ ജന്മശതാബ്ദിക്ക് ഇന്ന് നഗരത്തില്‍ തുടക്കമാവും. പ്രമുഖ ഗാന്ധിയനും ഇന്ത്യന്‍ സ്വാതന്ത്ര്യചരിത്രത്തില്‍ സമാനതകളില്ലാത്ത പരിത്യാഗത്തിന്റെ ചരിത്രം ഓര്‍ത്തെടുക്കുക കൂടിയാവും ആഘോഷം ടീച്ചറുടെ പ്രൗഡവും പ്രോജ്ജ്വലവുമായ ജീവിതം ഓര്‍ത്തെടുക്കുന്നത് കോഴിക്കോട്ടെ സബര്‍മതി സാംസ്‌കാരിക വേദിയാണ്.1934 ല്‍ വടകര കോട്ടപ്പറമ്പില്‍ മഹാത്്മജി എത്തി. സ്വാതന്ത്ര്യ സമരകാഹളങ്ങള്‍ മുഴങ്ങുന്ന കാലം. ഗാന്ധിജി തന്റെ പ്രഭാഷണം അവസാനിപ്പിക്കുന്നതിനിടയില്‍ ഹരിജനങ്ങളുടെയും വേവലാതികളുടേയും പ്രാരാബ്്ധങ്ങളുടേയും അവസ്ഥ വിവരിച്ചിരുന്നു. അവരുടെ ക്ഷേമത്തിനായി താന്‍ സ്വരൂപിക്കുന്ന ഹരിജന്‍ സഹായനിധിയിലേക്ക് സഹായ അഭ്യര്‍ഥനയും നടത്തി. രക്ഷിതാക്കള്‍ക്കൊപ്പം മൈതാനിയിലിരുന്ന് പ്രസംഗം ശ്രവിച്ച ഒരു ബാലിക തന്റെ വളയും കമ്മലും മാലയും ഉള്‍പ്പെടെ മുഴുവന്‍ സ്വര്‍ണാഭരണങ്ങളും അഴിച്ച് ഗാന്ധിജിയുടെ കരങ്ങളിലേക്ക് ഏല്‍പ്പിച്ചു. ഇത് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തന്നെ ഒരു അവിസ്മരണീയ മുഹൂര്‍ത്തമായി രേഖപ്പെടുത്തി. ജീവിതാവസാനം വരെയും ഗാന്ധി മാര്‍ഗത്തില്‍ ജീവിച്ചു. സാമൂഹ്യ സേവനം ജീവിത മുദ്രയാക്കി. അവരുടെ ജന്മശതാബ്്ദി ആഘോഷം കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാവുകയാണ്. ഇന്ന് കെ പി കേശവമേനോന്‍ ഹാളില്‍ കെപിസിസി പ്രസിഡന്റ് വി ഡി സതീശന്‍ ശതാബ്്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. സബര്‍മതി ചെയര്‍മാന്‍ അഡ്വ. ഐ മൂസ്സ അധ്യക്ഷത വഹിക്കും. കെ വി സുബ്രഹ്മണ്യന്‍, അഡ്വ. എം രാജന്‍, പ്രതാപന്‍ തായാട്ട്, ജഗത് മയന്‍ ചന്ദ്രപുരി, ടി സിദ്ദിഖ് സംസാരിക്കും. ഉച്ചയ്ക്ക് മൂന്നിനാണ് ചടങ്ങ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക