|    Jan 21 Sun, 2018 2:04 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കൗമാര ലോകകപ്പിന് നാളെ തുടക്കം : രാജ്യം സജ്ജം

Published : 5th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ മാത്രം ബാക്കി. ഒന്നര വര്‍ഷം നീണ്ട തയ്യാറെടുപ്പുകള്‍ക്കും പരിസമാപ്തി.  അടുത്ത പ്രഭാതം മിഴിതുറക്കുന്നത് രാജ്യം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന പതിനേഴാമത് വിശ്വകൗമാര കാല്‍പ്പന്ത് മേളയിലേക്ക്. ഫുട്‌ബോള്‍ ലോകത്തിന് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ച് കൗമാര പ്രതിഭകള്‍ നാളെ മുതല്‍ പുല്‍മൈതാനികളില്‍ തീ പടര്‍ത്താനൊരുങ്ങുമ്പോള്‍ ലോകമൊന്നടങ്കമുള്ള കാല്‍പ്പന്തുകളി പ്രേമികളും രാജ്യത്തേക്ക് മനസ്സര്‍പ്പിച്ചു കാത്തിരിക്കുകയാണ്. വിസിലിന് കാതോര്‍ത്ത് രാജ്യതലസ്ഥാനത്തെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നാളെ വൈകീട്ട് അഞ്ചിന് മഹാമേളയുടെ ആദ്യ വിസില്‍ മുഴങ്ങുമ്പോള്‍ കാര്‍ലോസ് വാള്‍ഡറാമയുടെ പിന്‍മുറക്കാരായ കൊളംബിയ ആഫ്രിക്കന്‍ വന്യതയുടെ കരുത്തുമായെത്തുന്ന ഘാനയുമായി കൊമ്പു കോര്‍ക്കും. അതേസമയം തന്നെ മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നൂറ്റി ഇരുപതു കോടി ജനതയുടെ പ്രതീക്ഷകളുമായി ആതിഥേയരായ ഇന്ത്യ യൂറോപ്യന്‍ വമ്പന്‍മാരായ അമേരിക്കയ്‌ക്കെതിരേയും മുഖാമുഖമെത്തും. രാത്രി എട്ടിന് ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ന്യൂസിലന്‍ഡ്  തുര്‍ക്കിയുമായും മുംബൈയില്‍ പരാഗ്വെ മാലിയുമായും പോരിനിറങ്ങും. മല്‍സരത്തിനായുള്ള എല്ലാ ടീമുകളും കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങളുടെ ആദ്യ മല്‍സരങ്ങള്‍ നടക്കുന്ന വേദികളിലെത്തി പരിശീലനം തുടങ്ങിയിരുന്നു.കപ്പടിക്കാനുറച്ച് കാനറികള്‍സീനിയര്‍ ലോകകപ്പ് പോലെ തന്നെ അണ്ടര്‍ 17 ലോകകപ്പിലും മഞ്ഞപ്പട തന്നെയാണ് കേമന്‍മാര്‍. ഇത്തവണത്തെ ലോകകപ്പിലും കിരീടസാധ്യത ഏറെയുള്ള ടീമും കാനറികള്‍ തന്നെ. കഴിഞ്ഞ 16 ടൂര്‍ണമെന്റുകളില്‍ പതിനഞ്ചിലും പങ്കെടുത്ത രാജ്യമാണ് ബ്രസീല്‍. അമേരിക്കയും 15 തവണ പങ്കെടുത്തിട്ടുണ്ട്. കിരീടത്തിന്റെ എണ്ണത്തില്‍ പക്ഷേ നൈജീരിയയാണ് മുന്‍പന്തിയില്‍. അഞ്ചു തവണ നൈജീരിയക്കാര്‍ ലോകകിരീടത്തില്‍ മുത്തമിട്ടു. ഇത്തവണ നൈജീരിയ ലോകകപ്പ് യോഗ്യത നേടാത്തതിനാലാണ് കിരീടം ബ്രസീലിന് തന്നെയാണെന്ന് ഫുട്‌ബോള്‍ നിരൂപകരും ഉറപ്പിക്കുന്നത്. മൂന്നുവട്ടം മഞ്ഞപ്പടയും കിരീടത്തില്‍ മുത്തമിട്ടു. സീനിയര്‍ ലോകകപ്പി ല്‍ ബ്രസീലുകാര്‍ അഞ്ചു തവണ ചാംപ്യരായിട്ടുണ്ട്.കൗമാര ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മല്‍സങ്ങള്‍ കളിച്ച ടീം (75), കൂടുതല്‍ മല്‍സരങ്ങള്‍ ജയിച്ച ടീം (45), കൂടുതല്‍ ഗോള്‍ നേടിയ ടീം (159) തുടങ്ങി എല്ലാ റെക്കോഡുകളും ബ്രസീലിന്റെ പേരിലാണ്.ഉദിച്ചുയരുമോ ഇന്ത്യ ?!വരാനിരിക്കുന്ന വിശ്വമേളകളില്‍ ഇന്ത്യയുടെ ഭാവിനിര്‍ണയിക്കുന്നതായിരിക്കും സ്വന്തം തട്ടകത്തില്‍ ഇത്തവണ നടക്കുന്ന പതിനേഴാമത് ഫിഫ അണ്ടര്‍17 ലോകകപ്പ്. പ്രതിഭാസമ്പന്നതയുടെ കാര്യത്തില്‍ പരിമിതികള്‍ ഏറെയുണ്ടെങ്കിലും കോച്ച് നോര്‍ട്ടന്‍ ഡിമറ്റോസും കുട്ടിപ്പടയാളികളും കഴിഞ്ഞ കുറെ മാസങ്ങളായി കഠിന പരിശീലനത്തില്‍ തന്നെയായിരുന്നു. ഘാന, കൊളംബിയ, അമേരിക്ക എന്നീ കരുത്തരായ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ.ആദ്യ ലോകകപ്പില്‍തന്നെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് നായകന്‍ അമര്‍ജിത് സിങ് കിയാം പറയുന്നു. കോച്ച് ഡിമറ്റോസിനും തന്റെ കുട്ടികളുടെ കാര്യത്തില്‍ പൂര്‍ണപ്രതീക്ഷയാണുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി രാജ്യത്തും പുറത്തും നടന്ന നിരവധി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിക്കാനും ജയിക്കാനുമായത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് കോച്ചിന്റെ പക്ഷം. ന്യൂഡല്‍ഹിയിലാണ് ഇന്ത്യയുടെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day