|    Sep 26 Wed, 2018 6:23 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കൗമാര കപ്പില്‍ കളംവാണ് വിശ്വമേളയിലും തിളങ്ങിയവര്‍

Published : 4th October 2017 | Posted By: fsq

 

എം   എം   സലാം

കൗമാരലോകകപ്പിലും, സാക്ഷാല്‍ ഫിഫ ലോകകപ്പിലും ടീമിനൊപ്പമുണ്ടാവാന്‍ സാധിക്കുക. ലോകഫുട്‌ബോള്‍ ചരിത്രത്തില്‍ പന്ത്രണ്ട് താരങ്ങള്‍ക്കാണ് ഈ അപൂര്‍വ്വസൗഭാഗ്യമുണ്ടായിട്ടുള്ളത്. കൗമാരലോകകപ്പില്‍ കളം വാണ ശേഷം കാലിടറി വീണ താരങ്ങള്‍ നിരവധിയുള്ള ലോകഫുട്‌ബോളില്‍ തങ്ങളുടെ പോരാട്ടവീര്യം കാത്തു സൂക്ഷിച്ച അവര്‍ പിന്നീട് അന്താരാഷ്ട്ര ലോകകപ്പുകളിലും വെന്നിക്കൊടി പാറിക്കുകയായിരുന്നു.ഈ രണ്ടു നേട്ടങ്ങളും സ്വന്തമാക്കിയവരില്‍ ഏറെയും സ്പാനിഷ് താരങ്ങളാണ്. ഐക്കര്‍ കസിയസ്, സെസ്ഫാബ്രിയാസ്, ആന്ദ്രെ ഇനിയേസ്റ്റ, ഫെര്‍ണാണ്ടോ ടോറസ്, സാവി തുടങ്ങിയ അഞ്ച് താരങ്ങളാണ് ഇരു ലോകകപ്പുകളിലും ടീമിനു വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ളത്. ഇറ്റലിയുടെ മൂന്നു താരങ്ങളും ഇരു ലോകകപ്പുകളിലും തങ്ങളുടേതായ പങ്ക് വഹിച്ചവരാണ്. ഗോള്‍വലയ്ക്കു കീഴിലെ ഇറ്റാലിയന്‍ ഇതിഹാസം ബഫണ്‍, മുന്നേറ്റ നിരയിലെ താരം ദെല്‍പിയറോ, അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ടോട്ടി തുടങ്ങിയ ഇറ്റാലിയന്‍ താരങ്ങളാണ് ഇരു ലോകകപ്പുകളിലും ടീമിനായി മിന്നിത്തിളങ്ങിയത്. 2014 ലോകകപ്പ് ഫൈനലില്‍ ഗോള്‍നേടി ജര്‍മനിയെ കിരീടമണിയിച്ച  മരിയോ ഗോഡ്‌സേ, റയലിന്റെ ജര്‍മന്‍ താരം ടോണി ക്രൂസ്, മുന്‍ഫ്രഞ്ച് താരം ഇമ്മാനുവല്‍ പെറ്റിറ്റ്, ബ്രസീലിന്റെ ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ എന്നിവരാണ് ഇരു ലോകകപ്പുകളിലും ടീമിനൊപ്പമുണ്ടായിരുന്ന മറ്റ് താരങ്ങള്‍.   2007ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന കൗമാര ലോകകപ്പിലാണ് ടോണിക്രൂസ് ടീമിനൊപ്പമുണ്ടായിരുന്നത്. അന്ന് മൂന്നാം സ്ഥാനത്തെത്തിയ ടീമിന്റെ ഉജ്ജ്വല പ്രകടനത്തിനു പിന്നിലും ക്രൂസിന്റെ ബൂട്ടുകളുണ്ടായിരുന്നു. മൂന്നു ഗോളുകളാണ് അന്ന് താരം സ്വന്തം പേരിലാക്കിയത്. സെമിയില്‍ ക്രൂസ് ടീമിനായി ഗോള്‍ നേടിയെങ്കിലും അന്നത്തെ ചാംപ്യന്‍മാരായ നൈജീരിയയോട് കാലിടറി. ഘാനക്കെതിരായി അന്നു മൂന്നാം സ്ഥാനക്കാര്‍ക്കായി നടത്തിയ മല്‍സരത്തിന്റെ 17ാം മിനിറ്റിലും ടോണിക്രൂസ് ലീഡ് നേടിക്കൊടുത്തതോടെയാണ് ജര്‍മനി മൂന്നാം സ്ഥാനക്കാരായത്. അണ്ടര്‍ 17 കുപ്പായത്തില്‍ ജര്‍മനിക്കായി 34 മല്‍സരങ്ങളില്‍ കളിച്ചതാരം 17 ഗോളുകളും നേടിക്കൊടുത്തു. പിന്നീട് 2010ല്‍  ജര്‍മനിയുടെ സീനിയര്‍ ടീമിലിടം നേടിയതു മുതല്‍ ഇന്നു വരെ ടീമിനൊപ്പം സജീവസാന്നിധ്യമാണ് ക്രൂസ്. 2009ല്‍ നൈജീരിയയില്‍ നടന്ന ലോകകപ്പിലാണ് ഗോട്‌സെ ജര്‍മന്‍ കുപ്പായത്തില്‍ കളത്തിലിറങ്ങിയത്. ക്വാര്‍ട്ടറിലെത്താതെ ജര്‍മനി അന്നത്തെ ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും മൂന്നു ഗോളുകള്‍ നേടി ഗോട്‌സെ ടീമിനൊപ്പം ശക്തമായ സാന്നിധ്യമായി നിലകൊണ്ടു. 2010ല്‍ ജര്‍മനിയുടെ സീനിയര്‍ ടീമിലിടം നേടിയ ഗോട്‌സെ കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിന്റെ ഫൈനലില്‍ അര്‍ജന്റീനയെ തകര്‍ത്ത ഗോളിലൂടെ ബ്രസീല്‍ ലോകകപ്പിന്റെ വീരനായകനുമായി.കരിയിലകിക്കുകളിലൂടെ ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ ചേക്കേറിയ ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ 1996ലാണ് ബ്രസീലിന്റെ അണ്ടര്‍ 17 ടീമിലിടം നേടുന്നത്. 1997ല്‍ ഇജിപ്തില്‍ നടന്ന ലോകകപ്പിലാണ് റൊണാള്‍ഡീഞ്ഞോ ടീമിനൊപ്പം ആദ്യമായി ബൂട്ട് കെട്ടുന്നത്. അന്നു ടീമിനെ ജേതാക്കളാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതും റോണോയുടെ സുവര്‍ണ ബൂട്ടുകളായിരുന്നു. സെമിയില്‍ ജര്‍മനിയെ തകര്‍ത്ത് ബ്രസീല്‍ കലാശപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ പെനല്‍റ്റിയിലൂടെ ടീമിന് ഗോള്‍ നേടിക്കൊടുക്കാനും താരത്തിന് കഴിഞ്ഞു. 1999 മുതല്‍ 2013 വരെയുള്ള നീണ്ടകാലം സീനിയര്‍ ടീമിനു വേണ്ടി മഞ്ഞക്കുപ്പായത്തില്‍ പിന്നീട് റൊണാള്‍ഡീഞ്ഞോ കളത്തിലിറങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം 2002ല്‍ ദക്ഷിണകൊറിയയും ജപ്പാനും സംയുക്തമായി ആതിഥേയത്വം വഹിച്ച സീനിയര്‍ ഫിഫ ലോകകപ്പിലും ബ്രസീല്‍ ജേതാക്കളായതോടെ ഇരു ലോകകപ്പുകളും സ്വന്തം ടീമിനു നേടിക്കൊടുത്ത അപൂര്‍വ്വതാരം കൂടിയാവുകയായിരുന്നു റോണോ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss