|    Feb 24 Sat, 2018 2:00 pm
FLASH NEWS
Home   >  Sports  >  Cricket  >  

കൗമാര കപ്പില്‍ ഇന്ന് കലാശപ്പോര്; ജയിച്ചാല്‍ ഇന്ത്യക്ക് നാലാം കിരീടം

Published : 2nd February 2018 | Posted By: vishnu vis

മല്‍സരം രാവിലെ 6.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1

മൗണ്ട് മാംഗനു: 2012 അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ആസ്‌ത്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ അന്ന് ഇന്ത്യന്‍ നായകന്‍ ഉന്‍മുക്ത് ചന്ദ്. ആറ് വര്‍ഷം പിന്നിട്ട് ഇന്ന് അതേ ഫൈനല്‍ മല്‍സരം അരങ്ങേറുമ്പോള്‍ ചന്ദിന് പകരം പൃഥ്വി ഷാ ഇന്ത്യന്‍ കൗമാരപ്പടയെ നയിക്കുന്നു, ആസ്‌ത്രേലിയന്‍ നിരയെ ജേസന്‍ സംഗയും. ഇന്നത്തെ ഫൈനലില്‍ ഇന്ത്യ വെന്നിക്കൊടി പാറിച്ചാല്‍ അണ്ടര്‍ 19 ലോകകപ്പില്‍ നാല് കിരീടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ രാജ്യമെന്ന റെക്കോഡും ഇന്ത്യ കൈവരിക്കും.അതേസമയം, ആസ്‌ത്രേലിയയാണ് കിരീടം ചൂടുന്നതെങ്കില്‍ ഇന്ത്യയെ മറികടന്ന് നാല് കിരീടം സ്വന്തമാക്കുന്ന പട്ടികയില്‍ ആസ്‌ത്രേലിയ തനിച്ചിരിക്കും. കാരണം, അണ്ടര്‍ 19 ലോകകപ്പ് സ്വന്തമാക്കിയവരില്‍ മൂന്ന് കിരീടങ്ങള്‍ നേടി ഇന്ത്യയും ആസ്‌ത്രേലിയയും ഒപ്പത്തിനൊപ്പമാണിപ്പോള്‍. കൂടാതെ, ഇരു ടീമുകളുടെയും ആറാം അണ്ടര്‍ 19ലോകകപ്പ് ഫൈനല്‍ മല്‍സരമാണിത്. ഇറങ്ങിയ മല്‍സരങ്ങളിലെല്ലാം അര്‍ധശതകം കുറിച്ച് ഇന്ത്യയ്ക്ക് മികച്ച അടിത്തറപാകിയ ശുബ്മാന്‍ ഗില്ലാണ് ആസ്‌ത്രേലിയയുടെ പേടിസ്വപ്നം. പാകിസ്താനെതിരേ ഇക്കഴിഞ്ഞ സെമി ഫൈനലില്‍ ആദ്യ മൂന്ന് അര്‍ധ സെഞ്ച്വറിയെ സെഞ്ച്വറിയാക്കി ഗില്ലിന്റെ ഇന്ത്യന്‍ സാന്നിധ്യം ഊട്ടിയുറപ്പിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ പൃഥ്വി ഷായും മനോജ് കല്‍റയും ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കുമ്പോള്‍ അഭിശേക് ശര്‍മയും ഹര്‍വിക് ദേശായിയും അനുകൂല്‍ റോയും ശുബ്മാന്‍ ഗില്ലും ഇന്ത്യന്‍ മധ്യനിരയ്ക്ക് കരുത്തേകുന്നുണ്ട്.  ബൗളിങ് നിരയില്‍  ശിവം മാവിയും കമലേശ് നാഗര്‍കോട്ടിയും ശിവ സിങും അഭിശേക് ശര്‍മയും ഇന്ത്യയ്ക്ക് നല്‍കിയ പുത്തനുണര്‍വ് ഫൈനലിലും ആവര്‍ക്കിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ കൗമാരപ്പട ആസ്‌ത്രേലിയയ്‌ക്കെതിരേ ഇന്ന് പാഡണിയുന്നത്. കൂടാതെ, പാപുവ ന്യൂഗിനിയക്കെതിരേ അനുകൂല്‍ റോയ് നേടിയ അഞ്ച് വിക്കറ്റ് പ്രകടനവും ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് കൂടുതല്‍ കരുത്ത് പകരും. പാകിസ്താനെതിരേ നാല് വിക്കറ്റെടുത്ത് അവരുടെ മുനയൊടിച്ച ഇഷാന്‍ പോരലും ആസ്‌ത്രേലിയയെ തുരത്താന്‍ കെല്‍പ്പുള്ള താരമാണ്. ഇന്ത്യന്‍ നിരയെ എന്തെങ്കിലും അലട്ടുന്നുണ്ടെങ്കില്‍ അത് കുറഞ്ഞശരാശരി നിരക്കാണ്. കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം ഇന്ത്യയ്ക്ക് തുടക്കത്തില്‍ മികച്ച ശരാശരിയിലൂടെ കളി നിയന്ത്രിക്കാന്‍ കഴിയാത്തത് അവസാനം വരെ നീണ്ടു നില്‍ക്കുന്നു. ആസ്‌ത്രേലിയന്‍ നിരയില്‍ ഇന്ത്യയ്ക്ക് പേടിക്കാനുള്ളത് ക്യാപ്റ്റന്‍ ജേസന്‍ സംഗയെയും റണ്ണടിവീരന്‍ ജാക്ക് എഡ്വേര്‍ഡ്‌സിനെയുമാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ 35 റണ്‍സ് വിട്ടുകൊടുത്ത് എട്ട് വിക്കറ്റ് പ്രകടനവുമായി ആസ്‌ത്രേലിയയെ സെമിയിലേക്ക് പറഞ്ഞയച്ച ലോയ്ഡ് പോപെയും അത്ര ചില്ലറക്കാരനല്ല.
മല്‍സരം രാവിലെ 6.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss