|    Jan 19 Thu, 2017 5:37 am
FLASH NEWS

കൗമാര ഇന്ത്യ ട്രാക്കിലേക്ക്

Published : 29th January 2016 | Posted By: swapna en

ആബിദ്

കോഴിക്കോട്: ട്രാക്കിലും ഫീല്‍ ഡിലും തീപ്പൊരി പാറിക്കാന്‍ കൗമാര ഇന്ത്യയൊരുങ്ങി. 61ാ മ ത് ദേശീയ സ്‌കൂള്‍ കായികമേള യ്ക്ക് ഇന്നു മലബാറിന്റെ മണ്ണി ല്‍ തുടക്കമാവും.  95 ഇനങ്ങളിലായി 2700 താരങ്ങളാണ് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ് മാന്‍ ട്രാക്കിലിറങ്ങുക. രാവിലെ 7ന് ആണ്‍കുട്ടികളുടെ 5000 മീറ്ററോടെ ആരംഭിക്കുന്ന മേള ഫെബ്രുവരി 2ന് അവസാനിക്കും. തുടര്‍ച്ചയായ 19ാം ഓവറോ ള്‍ ട്രോഫി മോഹിച്ച് 106 അംഗ ടീമിനെയാണ് കേരളം ഇത്തവ ണ അണിനിരത്തുന്നത്. സിബിഎസ്ഇ സ്‌കൂള്‍ വെല്‍ഫെയര്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷനാണ് ഏറ്റവും കൂടുതല്‍ താരങ്ങളെ പങ്കെടുപ്പിക്കുന്നത്. ആറ് വിഭാഗങ്ങളിലായി 173 പേരാണ് സിബിഎസ്ഇ ടീമിലുള്ളത്. താരപങ്കാളിത്തത്തില്‍ രണ്ടാമതുള്ള കര്‍ണാടക ആറ് വിഭാഗങ്ങളിലായി 161 പേരെ ട്രാക്കിലിറക്കും. വിദ്യാഭാരതി (125), ഉത്തരാഖണ്ഡ് (133), തെലങ്കാന (141), പഞ്ചാബ് (137), മഹാരാഷ്ട്ര (157), കേന്ദ്രീയ വിദ്യാലയ സംഘതന്‍ (128), ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ കോണ്‍ഫറന്‍സ് (101), മധ്യപ്രദേശ് (100), ഹരിയാന (141), തമിഴ്‌നാട് (143) എന്നിവയാണ് നൂറിലധികം താരങ്ങളെ അണിനിരത്തുന്ന മറ്റു ടീമുകള്‍.അണ്ടര്‍ 14 പെണ്‍ വിഭാഗത്തില്‍ രണ്ടു പേരുമായി മല്‍സരത്തിനെത്തിയ ചണ്ഡീഗഡാണ് മല്‍സരാര്‍ഥികളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍. കേരളത്തിന്റെ 106 അംഗ ടീമില്‍ പകുതിപേരും മുന്‍ മേളകളില്‍ കഴിവ് തെളിയിച്ചവരാണ്. 55 പെണ്‍കുട്ടികളും 51 ആണ്‍കുട്ടികളുമടങ്ങുന്ന ടീമിന് തമിഴ്‌നാടും ഹരിയാനയും ബംഗാളുമായിരിക്കും പ്രധാന വെല്ലുവിളിയാവുക. സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 100 മീറ്ററു ള്‍പ്പെടെ 21 ഇനങ്ങളില്‍ കേരളം മല്‍സരിക്കുന്നില്ല. എങ്കിലും ചാംപ്യന്‍പട്ടം കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കേരളം. കഴിഞ്ഞ വര്‍ഷം 36 സ്വര്‍ണവും 26 വെള്ളിയും 24 വെങ്കലവുമാണ് റാഞ്ചിയിലെ ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ കേരളം നേടിയത്. ഇതിന് മുമ്പ് കേരളത്തില്‍ മേള നടന്നത് 2009ല്‍  കൊച്ചിയിലാണ്. അന്ന് കേരളം 47 സ്വര്‍ണമാണ് നേടിയത്. കോഴിക്കോട്ട് ഇതിലും മികച്ച നേട്ടമുണ്ടാക്കാനാവുമെന്നാണ് ടീമിന്റെ പ്രതീക്ഷ.  സംസ്ഥാന സ്‌കൂള്‍ കായികമേള നടന്ന മികച്ച ഗ്രൗണ്ടില്‍ തന്നെയാണ് ദേശീയ കായികമേള നടക്കുന്നതെന്നതും കേരളത്തിന്റെ മെഡല്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. പതിവുപോലെ പെണ്‍പടയായിരിക്കും മെഡല്‍ വാരിക്കൂട്ടാന്‍ കേരളത്തിന് കരുത്താവുക. ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന ജിസ്‌ന മാത്യുവിന്റെ അഭാവം മറികടക്കാന്‍ ഷഹര്‍ബാന സിദ്ദീഖിനാവുമെന്ന ശുഭപ്രതീക്ഷയിലാണ് കേരളം. 100, 200, 400 മീറ്റര്‍ ഓട്ടത്തിലും 4-400 മീറ്റര്‍ റിലേയിലും ഉറച്ച സ്വര്‍ണ പ്രതീക്ഷയാണ് ഉഷാ സ്‌കൂളിലെ ജിസ്‌ന. ജംപിങ് പിറ്റ്, പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സ്, മധ്യ-ദീര്‍ഘദൂര ഇനങ്ങള്‍ എന്നിവയില്‍ കേരളത്തിന് കാര്യമായ വെല്ലുവിളി ഉണ്ടാവാനിടയില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്റര്‍ നടത്തത്തില്‍ മുണ്ടൂര്‍ എച്ച് എസ് എസിലെ കെ ടി നീന, പോള്‍വാള്‍ട്ടില്‍ മരിയ ജയ്‌സണ്‍, 100 മീ ഹര്‍ഡില്‍സില്‍ തിരുവനന്തപുരം സായിയിലെ ഡൈബി സെബാസ്റ്റിയന്‍, ഹൈജംപില്‍ ടി സി ചെഷ്മ, എന്‍ പി സംഗീത, ലോങ്ജംപിലും ഹൈജംപിലും രുക്മ ഉദയന്‍, ആല്‍ഫി ലൂക്കോസ്, മധ്യദൂര ഇനങ്ങളില്‍ അബിത മേരി മാനുവല്‍, പി ആ ര്‍ അലീഷ എന്നിവര്‍ കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്.രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ പതാക ഉയര്‍ത്തുന്നതോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമാവുക. വൈകീട്ട് 4ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷതവഹിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക