|    May 27 Sun, 2018 5:22 pm
FLASH NEWS

കൗമാരമേള കൊടിയിറങ്ങുമ്പോള്‍

Published : 31st January 2016 | Posted By: swapna en

waiting-1

കെ എം അക്ബര്‍
ഫോട്ടോ ഷിയാമി തൊടുപുഴ

കൗമാര സര്‍ഗശേഷിയുടെ മാമാങ്കത്തിന് കൊടിയിറങ്ങി. സാമൂതിരിയുടെ നാട്ടുകാര്‍ കരിമ്പനയുടെ നാട്ടുകാരെ പിന്തള്ളി പത്താം തവണയും കിരീടം ചൂടി. ആവേശത്തിന്റെ അടയാളങ്ങളായി പുത്തരിക്കണ്ടം മൈതാനത്തേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി മന്ത്രി പി കെ അബ്ദുറബ്ബില്‍ നിന്ന് കോഴിക്കോടിന്റെ കലാക്കൂട്ടം കിരീടം ഏറ്റുവാങ്ങിയതോടെ പൂഴിയിട്ടാല്‍ നിലത്തുവീഴാത്തവിധം നിറഞ്ഞ അനന്തപുരിയുടെ ജനപങ്കാളിത്തം കൈയൊപ്പിട്ട നിമിഷങ്ങളില്‍ കലയുടെ പൂരത്തിന് കൊടിയിറങ്ങി. ഇനി അടുത്ത വര്‍ഷം കാണാമെന്ന് ഉപചാരം ചൊല്ലി അനന്തപുരിയിലെ വഴികളില്‍നിന്ന് മല്‍സരാര്‍ഥികളും കലാപ്രേമികളും ഒഴുകിമായുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു. സാങ്കേതികവിദ്യ എങ്ങനെ വലിയൊരു മേളയില്‍ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനു തിരുവനന്തപുരം കലോല്‍സവം മാതൃകയായി. ഐടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തിലുള്ള സ്മാര്‍ട്ട് സംവിധാനങ്ങള്‍ കലോല്‍സവത്തെ കൂടുതല്‍ സുതാര്യമാക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ ഫലപ്രഖ്യാപനം നടത്താനും മല്‍സരത്തില്‍ പങ്കെടുത്തവര്‍ക്കു സ്വന്തം പ്രകടനം റിക്കാഡ് ചെയ്തു കാണാനുമുള്ള സൗകര്യങ്ങള്‍ ഇത്തവണ ഒരുക്കിയിരുന്നു. നമ്മുടെ ശുഭപ്രതീക്ഷയുടെ ആകാശത്തെ ദീപ്തമാക്കുന്ന താരോദയങ്ങള്‍ പതിവുപോലെ ഈ കലോല്‍സവവും സമ്മാനിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കലോല്‍സവ സംഘാടനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഇത്തവണ ഫലപ്രദമായി നടപ്പാക്കാനായി. അപ്പീല്‍ മല്‍സരത്തിനു തടയിടാനായി എന്നതാണ് ഇത്തവണത്തെ പ്രധാന നേട്ടം.

കൗമാരമേളയുടെ 56 പതിപ്പുകള്‍

ബാലകലാമേള എന്നൊരു ചെറിയ ആശയം 56 പതിപ്പുകളിലൂടെ വളര്‍ന്ന് ഇന്ന് നാം കാണുന്ന മഹോല്‍സവത്തിലെത്തുമ്പോള്‍, അതിനു പിറകില്‍ ഒരുപാട് പേരുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കലോപാസനയുടെയും ആയിരമായിരം ഉപകഥകളും നിരന്നുനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസമന്ത്രിമാര്‍, വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടനകള്‍, പരിശീലകര്‍, പക്കമേളക്കാര്‍, ചമയക്കാര്‍, ഊട്ടുപുരക്കാര്‍ എന്നിങ്ങനെ ഓരോ കലോല്‍സവങ്ങളുടെയും വിജയത്തിനായി രാപകലില്ലാതെ ഓടിനടന്നവര്‍ക്കുള്ള സ്ഥാനം, അരങ്ങിലെ താരങ്ങള്‍ക്കൊപ്പം തന്നെയാണ്. അതുപോലെ കലോല്‍സവങ്ങളെ ഇത്ര ജനകീയമാക്കുന്നതില്‍ പത്ര-ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ നിര്‍ലോഭമായ പിന്തുണയും വിസ്മരിക്കാനാവില്ല. സ്‌കൂള്‍, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ നാലു തലങ്ങളിലായി നടക്കുന്ന കലോല്‍സവങ്ങളില്‍ ലക്ഷക്കണക്കിനു കുട്ടികളാണ് ഓരോ വര്‍ഷവും തങ്ങളുടെ കഴിവിന്റെ മാറ്റുരയ്ക്കുന്നത്. ഇവരില്‍ പലരും പിന്നീട് മലയാള സിനിമാരംഗത്തും മറ്റു കലാരംഗങ്ങളിലും ജനപ്രിയ താരങ്ങളായി വളരുകയും ചെയ്യുന്നു. അനാരോഗ്യകരമായ മല്‍സരങ്ങളും രക്ഷിതാക്കളുടെയും പരിശീലകരുടെയും ആവശ്യത്തില്‍ കവിഞ്ഞുള്ള ആവേശവും അപ്പീലുകളും കോടതിയിടപെടലുകളുമെല്ലാം വികൃതചിത്രങ്ങളാവുന്നുണ്ടെങ്കിലും കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ നമുക്ക് പരിചയപ്പെടുത്തുന്ന ഈ മഹത്തായ മേള കേരളത്തിന്റെ അഭിമാനം തന്നെയാണ്. ഇത്ര വിപുലവും ജനകീയവുമായ രീതിയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു ഉല്‍സവം ലോകത്ത് മറ്റെവിടെയും ഉണ്ടാവുമോ എന്നതും സംശയമാണ്.

ഞെട്ടിക്കുന്ന കണക്കുകള്‍
ഒരു മല്‍സരാര്‍ഥി ചെലവിടേണ്ടി വരുന്ന തുക ഒരുലക്ഷം മുതല്‍ ഒന്നരലക്ഷം വരെയാണ്. നൃത്തനൃത്യ ഇനങ്ങളിലാണ് തുക കൂടുതല്‍. നൃത്തനൃത്യ രൂപങ്ങള്‍ക്ക് അമിത പ്രാധാന്യം ലഭിക്കുന്നുവെന്നതാണ് സംസ്ഥാന സ്‌കൂള്‍ കലോല്‍സവവേദിയെപ്പറ്റി പൊതുവെ ഉയരുന്ന ഒരു വിമര്‍ശനം. ഉടുത്തുകെട്ടിനും മറ്റുമായി ഈ രംഗത്ത് വരുന്നവര്‍ക്ക് വളരെയേറെ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇത്രയും തുക ചെലവഴിക്കാന്‍ ആവാത്തവര്‍ക്ക് ഈ രംഗത്ത് പ്രാഗല്‍ഭ്യം പ്രകടിപ്പിക്കാനാവുന്നില്ല. ഇതിനെന്താണ് പരിഹാരം? ഇതിനു പ്രതിവിധി സംഘാടകര്‍ തന്നെ കണ്ടെത്തണം. ശാസ്ത്രീയ നാടന്‍കലാ പ്രകടനങ്ങളില്‍ ചിലതെങ്കിലും കാലഹരണപ്പെടാതെ കാക്കുന്നത് ഇത്തരം വേദികള്‍ ഉള്ളതുകൊണ്ടല്ലേ? കഥാപ്രസംഗം നമ്മുടെ ഉല്‍സവപ്പറമ്പുകളില്‍നിന്ന് പോലും അപ്രത്യക്ഷമായിട്ടും ഈ വേദികളില്‍ നിലനില്‍ക്കുന്നില്ലേ? നങ്ങ്യാര്‍കൂത്ത്, പൂരക്കളി, മാര്‍ഗംകളി, ഓട്ടന്‍തുള്ളല്‍, വട്ടപ്പാട്ട്, ഒപ്പന, തിരുവാതിര തുടങ്ങി നമ്മുടെ പരമ്പരാഗത കലാരൂപങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടാന്‍ ഇത്തരം വേദികളല്ലാതെ വേറെ എവിടെയാണ് അവസരം?

സമ്മാനക്കച്ചവടം

കലോല്‍സവത്തിനു പിന്നിലെ സമ്മാനക്കച്ചവടത്തെക്കുറിച്ചുള്ള ആശങ്കകള്‍ കച്ചവടം നടന്നുവെന്ന് സ്ഥിരീകരിക്കുംവിധം മല്‍സരഫലങ്ങള്‍ പുറത്തുവന്നതോടെ ചില ഇനങ്ങള്‍ റദ്ദാക്കി, ചിലത് മാറ്റിവച്ചു. കലോല്‍സവ താരങ്ങള്‍ ഒരു കച്ചവടശൃംഖലയില്‍ പെട്ടുപോവുന്നവരാണെങ്കില്‍ അവരോടു സഹതപിച്ചാല്‍ മാത്രം മതിയോ? കലോല്‍സവങ്ങളിലെ പ്രധാന ഇനങ്ങളിലെ സമ്മാനങ്ങള്‍ കലോല്‍സത്തിന് തിരിതെളിയും മുമ്പേ വില്‍ക്കപ്പെടുന്നുണ്ടെങ്കില്‍, അതിനു പിന്നിലുള്ളവരെ കണ്ടെത്തി ശിക്ഷിക്കേണ്ടതല്ലേ?
ഇക്കഴിഞ്ഞ ചില ജില്ലാ കലോല്‍സവങ്ങള്‍ ഒരു പരീക്ഷണയിനമായിരുന്നു. കലോല്‍സവം നീതിപൂര്‍വകമായി നടത്തേണ്ടവര്‍ ജയിക്കുമോ അതോ കച്ചവടമുറപ്പിച്ചവര്‍ ജയിക്കുമോ എന്നു തീരുമാനിക്കുന്ന മല്‍സരയിനം. ഇതിന്റെ ഫലം വന്നു. കച്ചവടം ഉറപ്പിച്ചവര്‍ ജയിച്ചു. പിന്നെ നടത്തിപ്പുകാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം അവര്‍ ചെയ്തു. അതുകൊണ്ടു തന്നെ വരുംകലോല്‍സവങ്ങള്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. പക്ഷേ ഇതിനെല്ലാമുപരി, എവിടെനിന്നാണ് ഈ ഏജന്റുമാര്‍ കടന്നുവരുന്നതെന്നും അവര്‍ക്കെങ്ങനെ കലോല്‍സവങ്ങളില്‍ തന്നിഷ്ടം പോലെ വിധികര്‍ത്താക്കളെ വശത്താക്കാന്‍ കഴിയുന്നുവെന്നതും സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്. കലോല്‍സവത്തിലെ അനാരോഗ്യകരമായ മല്‍സരബുദ്ധിക്ക് കടിഞ്ഞാണിടാന്‍ 2006ല്‍ ഗ്രേഡിങ് സമ്പ്രദായം കൊണ്ടുവന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ പ്രഖ്യാപിക്കുന്ന പതിവ് ഉപേക്ഷിച്ചു. ഗ്രേഡുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ തുടങ്ങി. പിന്നെ കുട്ടികളുടെ ആഗ്രഹം എ ഗ്രേഡും അഞ്ചുശതമാനം ഗ്രേസ് മാര്‍ക്കുമായി. എസ്എസ്എല്‍സിക്ക് ഫുള്‍ എപ്ലസ് കിട്ടാന്‍ ഇതുവേണമെന്നായി. അതു ലഭിക്കാനായി പിന്നെ മല്‍സരം. അപ്പീലുകളുടെ പ്രവാഹം ഈ ഫുള്‍ എപ്ലസിനായി സ്വാഭാവികമായിത്തീര്‍ന്നു. ആര്‍ക്കും തടയാനാവാത്തതായി. ഈ കലോല്‍സവങ്ങളില്‍ വളരെ പ്രതിഭകളായ നിരവധി വിദ്യാര്‍ഥികളെ നമ്മള്‍ കാണുന്നുണ്ട്. 90 ശതമാനം പേരും എ ഗ്രേഡ് വാങ്ങുന്നു. പക്ഷേ, അവരില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ തുടര്‍ന്നും കല ഗൗരവമായി കൈകാര്യം ചെയ്യുന്നുള്ളൂ. അതുകൊണ്ട് ഗ്രേസ് മാര്‍ക്ക് തന്നെയല്ലേ പ്രധാന ആകര്‍ഷണം? പതിമൂവായിരത്തോളം കുട്ടികള്‍, ആയിരക്കണക്കിന് ഗുരുക്കന്മാര്‍, അത്രയും പക്കമേളക്കാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, നൂറുക്കണക്കിന് ജഡ്ജിമാര്‍, സദ്യക്കാര്‍, പണിക്കാര്‍, മനുഷ്യാധ്വാനത്തിന്റെ ആയിരക്കണക്കിന് മണിക്കൂറുകള്‍,  പ്രത്യക്ഷവും പരോക്ഷവുമായി കോടിക്കണക്കിനു രൂപ, വിശ്രമമില്ലാത്ത ദിവസങ്ങള്‍…               അവസാനം ബഹുഭൂരിപക്ഷത്തിനും അതൃപ്തി- ഇതാണ് മഹാമേളയുടെ ബാക്കി. ഗ്രേസ് മാര്‍ക്ക് കൂടി ഒഴിവാക്കിയാല്‍ കിടമല്‍സരത്തില്‍ നിന്ന് കലാമേളയെ രക്ഷിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കലാവിഷ്‌കരണമാണ് പ്രധാനമെന്ന ചിന്ത വളര്‍ത്താന്‍ ഇത് കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്യും. മല്‍സരത്തിനുവേണ്ടിയുള്ള പഠനം, കല കലയ്ക്കുവേണ്ടിയല്ല മല്‍സരത്തിനു വേണ്ടിയാണ് എന്ന സൂചനയാണ് കുഞ്ഞുമനസ്സുകളില്‍ ഉറപ്പിക്കുന്നത്. ദക്ഷിണ മുതല്‍ വിധികര്‍ത്താക്കള്‍ക്ക് നല്‍കുന്നുവെന്ന് ആരോപിക്കപ്പെടുന്ന കൈക്കൂലിപണം വരെ പല രീതികളിലായി കോടിക്കണത്തിന് രൂപ കലോല്‍സവ വേദികളില്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ചോര്‍ന്നുപോവുന്നത് കലാരംഗത്തെ കുട്ടികളുടെ അഭിരുചിയും കഴിവുകളുമാണെന്നതാണ് യാഥാര്‍ഥ്യം.

ഒത്തുചേരലിന്റെ മഹോല്‍സവം
കലോല്‍സവം വലിയ വിവാദങ്ങളൊന്നും സൃഷ്ടിക്കാതെ കൊടിയിറങ്ങിയപ്പോള്‍ ആദ്യറാങ്ക് നേടിയത് കാണികളാണ്. സൗഹാര്‍ദവും സൗമനസ്യവും നിറഞ്ഞ പങ്കാളിത്തംകൊണ്ട് അവര്‍ അത് അരക്കിട്ടുറപ്പിച്ചു. തിരുവനന്തപുരത്തിന്റെ പ്രാദേശികവഴികളില്‍ നിന്നുമാത്രമല്ല അയല്‍ ജില്ലകളില്‍ നിന്നുപോലും ജനം കാണികളായി എത്തി. ആ പ്രവാഹം സ്വച്ഛമായി, ശാന്തമായി കുളിര്‍മ പകര്‍ന്നും നുകര്‍ന്നും ഒഴുകുകയായിരുന്നു. ഓരോ വേദിയിലും തിങ്ങിക്കൂടിയ ജനം നിശ്ശബ്ദമായാണ് കലാപ്രകടനങ്ങള്‍ വീക്ഷിച്ചത്. കൈയടിച്ചു പ്രോല്‍സാഹിപ്പിക്കാനും മറന്നില്ല. അമിതമായ മല്‍സരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാതെ കുട്ടികള്‍ക്ക് നിര്‍ഭയമായി തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം ഒരുക്കേണ്ടതുണ്ടെന്നാണ് ഏഷ്യയിലെ തന്നെ കൗമാരപ്രായക്കാരുടെ ഏറ്റവും വലിയ ഉല്‍സവം നമ്മോട് വിളിച്ചുപറയുന്നത്. രക്ഷിതാക്കളാണ് ഇക്കാര്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss