|    Apr 19 Thu, 2018 11:16 pm
FLASH NEWS

കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തി ബിജെപി പ്രതിഷേധം

Published : 6th September 2016 | Posted By: SMR

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നടക്കുന്ന കുടുംബശ്രീ സര്‍വെ പരാജയമാണെന്ന് ആരോപിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ആദ്യാവസാനം ബഹളംവച്ചു. ഔദ്യോഗിക കാര്യങ്ങള്‍ ഉള്‍പ്പെടെ മാറ്റിവച്ച് അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം മേയര്‍ നിരാകരിച്ചതിനെത്തുടര്‍ന്നാണ് ബഹളവുമായി ബിജെപി രംഗത്തെത്തിയത്.
യോഗം ആരംഭിക്കുമ്പോള്‍ തന്നെ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി. വിഷയം അവതരിപ്പിച്ച് ബിജപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വി ഗിരി സംസാരിച്ചപ്പോള്‍ തന്നെ ഔദ്യോഗിക അജണ്ടകള്‍ക്ക് ശേഷം ഇത് പരിഗണിക്കുമെന്ന് മേയര്‍ വി കെ പ്രശാന്ത് ഉറപ്പുപറഞ്ഞെങ്കിലും ബിജെപി വഴങ്ങിയില്ല. പ്രഥമ പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് ബഹളം തുടരുന്നതിനിടെ കൗണ്‍സില്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വിഷയം ചര്‍ച്ചയ്‌ക്കെടുത്തു. അതിനിടയിലും ബിജെപി അംഗങ്ങള്‍ ബഹളം തുടര്‍ന്നു. ഇതോടെ മേയര്‍ക്കൊപ്പം വിഷയം സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ മുസ്‌ലിം ലീഗ് പ്രതിനിധി ബീമാപള്ളി റഷീദ്, യുഡിഎഫ് ലീഡര്‍ ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകരോട് സഹകരിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അവര്‍ ബഹളം തുടര്‍ന്നു.
കുടുംബശ്രീ നടത്തുന്ന സര്‍വെ പൂര്‍ത്തിയാവാത്തതിനാല്‍ ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാതെ സാധാരണക്കാര്‍ ഓണക്കാലത്ത് ദുരിതമനുഭവിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി വിഷയം അവതരിപ്പിച്ചത്. എന്നാ ല്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പങ്കെടുക്കാത്തതിനാല്‍ അവരുടേത് രാഷ്ട്രീയ അജണ്ടയാണെന്ന് എല്‍ഡിഎഫ് പ്രതിനിധികള്‍ ആരോപിച്ചു.
ചില വാര്‍ഡുകളി ല്‍ ക്ഷേമപെന്‍ഷനുകള്‍ സംബന്ധിച്ച് യോഗവും ചര്‍ച്ചകളും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുവെന്നും മുമ്പ് പെന്‍ഷന്‍ എത്തിച്ചതുപോലെ ബാങ്കുകള്‍ വഴിയാക്കണമെന്നും ബീമാപള്ളി റഷീദ് ആവശ്യപ്പെട്ടു. അര്‍ഹതയുള്ള പലരും പെന്‍ഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി നടപ്പാക്കുന്ന സര്‍വേയുടെ പ്രായോഗിക തടസങ്ങള്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് യുഡിഎഫ് അംഗം വിആര്‍ സിനി പറഞ്ഞു. ഓണത്തിനു മുമ്പായി എല്ലാവര്‍ക്കും പെന്‍ഷന്‍ എത്തിക്കണമെങ്കില്‍ പഴയതുപോലെ ബാങ്ക് വഴി പെന്‍ഷന്‍ വിതരണം നടത്തണമെന്നും അവര്‍ പറഞ്ഞു. അതേസമയം പെന്‍ഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട് അതിനാല്‍ പ്രമേയം പാസാക്കുന്നതിന് എല്‍ഡിഎഫും പിന്തുണയ്ക്കുന്നുവെന്ന് കെ ശ്രീകുമാര്‍ പറഞ്ഞു.
പെന്‍ഷന്‍ വിതരണ സര്‍വെയില്‍ ചില അപാകതകള്‍ വന്നത് സാങ്കേതിക പ്രശ്‌നമാണെന്ന് മേയര്‍ മറുപടി പറഞ്ഞു. എന്നിരുന്നാലും ഇന്നലെ രാവിലെ വരെ 65 ശതമാനം സ്ഥലങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കി. നിലവിലെ പെന്‍ഷന്‍ ലിസ്റ്റില്‍ ഉള്ളവര്‍ക്ക് സര്‍വേ നടന്നില്ലെങ്കിലും പെന്‍ഷന്‍ എത്തക്കും. അതിനാല്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല.
അതേസമയം, സര്‍വേയിലെ അപാകതകള്‍ പരിഹരിക്കാന്‍ ആവശ്യമുള്ള നടപടികള്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മേയര്‍ മറുപടിയില്‍ പറഞ്ഞു. ബിജെപി അംഗങ്ങളുടെ ബഹളത്തെത്തുടര്‍ന്ന് കാര്യമായ ചര്‍ച്ചകളില്ലാതെയാണ് കൗണ്‍സി ല്‍ നടപടികള്‍ അവസാനിപ്പിച്ചത്. നഗരസഭ ഗോള്‍ഡന്‍ ജൂബിലി കെട്ടിടം വാടകയ്ക്കു നല്‍കുന്ന വിഷയം മാത്രമാണ് ചര്‍ച്ചയായത്. ഇത് അടുത്ത കൗണ്‍സിലിലേക്ക് മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss