|    Dec 17 Sun, 2017 5:37 pm
FLASH NEWS

കൗണ്ടര്‍ ഫോയില്‍ കാണാതായ സംഭവം: വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചു

Published : 16th April 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷയുടെ ഉത്തരക്കടലാസ് കൗണ്ടര്‍ ഫോയിലുകള്‍ കാണാതായ സംഭവത്തെ തുടര്‍ന്ന് രണ്ടാം വര്‍ഷ ബിഎ/ബിഎസ്‌സി വിദൂര വിദ്യാഭ്യാസ പരീക്ഷാഫലം തടഞ്ഞുവച്ചു.
പരീക്ഷയെഴുതിയ വിദ്യാര്‍ഥികളോട് നേരിട്ട് ഹാജരാവാന്‍ സര്‍വകലാശാല അറിയിപ്പും നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല അധികൃതര്‍ പ്രസിദ്ധീകരിച്ച അറിയിപ്പിനോടൊപ്പമാണ് ഇംഗ്ലീഷ് കോമണ്‍ പേപ്പര്‍ 9295 ലിറ്ററേചര്‍ ആന്റ് സയന്‍സ് എന്ന പേപ്പറിന്റെ ഫലം താല്‍ക്കാലികമായി തടഞ്ഞുവച്ചതായി അറിയിപ്പുള്ളത്. ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഉത്തരക്കടലാസുകള്‍ അവരുടേതാണെന്ന് ഉറപ്പുവരുത്താനായി പ്രസ്തുത പരീക്ഷ എഴുതാന്‍ ഉപയോഗിച്ച ഹാള്‍ടിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാവണം.
ഏപ്രില്‍ 19 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലാണ് ഇതിനുള്ള അവസരം താവക്കര ആസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. ഹാജരാവേണ്ട ദിവസവും സമയവും അടങ്ങിയ പട്ടിക ഉള്‍പ്പെടെ വെബ്‌സൈറ്റും പരിശോധനയ്ക്ക് പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളും സര്‍വകാശാല തയ്യാറാക്കി കഴിഞ്ഞു. പരിശോധനയ്ക്കുശേഷം 25നു ഫലം പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പിലുണ്ട്.
രണ്ടാംവര്‍ഷ ഇംഗ്ലീഷ് പരീക്ഷയ്ക്കു വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2100 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിരിന്നത്. മൂല്യനിര്‍ണയം കഴിഞ്ഞ പേപ്പര്‍ ആരുടേതാണെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലായതോടെയാണ് സര്‍വകലാശാല വിദ്യാര്‍ഥികളോട് നേരിട്ട് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മറ്റു വിഷയത്തിലെ ഉത്തരപേപ്പറിലെ കൈയക്ഷരം നോക്കി വിദ്യാര്‍ഥികളെ കണ്ടുപിടിക്കാണ് അധികൃതര്‍ ഒരുങ്ങുന്നത്. ഇത് എത്രത്തോളം പ്രായോഗികമാണെന്ന് പരിശോധനയ്ക്കും ഫലപ്രഖ്യാപനത്തിനും ശേഷം മാത്രമേ വ്യക്തമാവൂ.
കിട്ടിയ മാര്‍ക്ക് കുറഞ്ഞുപോയെന്ന് കാണിച്ച് വിദ്യാര്‍ഥികള്‍ റീവാല്യുഷേന് നല്‍കിയാലും സര്‍വകലാശാല കുഴയും. ഇതുകൊണ്ട് തന്നെ ഫലപ്രഖ്യാപനത്തില്‍ മാര്‍ക്ക് കൂട്ടി നല്‍കി തടിതപ്പാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
വിദ്യാര്‍ഥികളില്‍ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ എല്ലാ വിദ്യാര്‍ഥികളുടെയും ഫലപ്രഖ്യാപനത്തെ പ്രതികൂലമായി ബാധിക്കും. ഇക്കഴിഞ്ഞ ഏഴിനാണ് ഇംഗ്ലീഷ് പേപ്പറിന്റെ കൗണ്ടര്‍ ഫോയില്‍ കാണാതായ സംഭവം പുറത്തായത്.
പ്രശ്‌നം വിവാദമായതോടെ കെഎസ്‌യു ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കൗണ്ടര്‍ഫോയില്‍ എലി കരണ്ടെന്നാണ് സര്‍വകലാശാല ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്.
ഇതിനെതിരേ നീലേശ്വരം കാംപസില്‍ വൈസ് ചാന്‍സിലര്‍ പങ്കെടുത്ത പരിപാടിയില്‍ എലിക്കെണിയുമായി എസ്എഫ്‌ഐ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss