|    Nov 21 Wed, 2018 5:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം

Published : 13th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകള്‍ സുതാര്യമാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌കരിച്ച ഫുഡ് ഇന്‍സ്‌പെക്ഷന്‍ ആന്റ് ലബോറട്ടറി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എഫ്‌ഐഎല്‍ഐഎസ്) നിലവില്‍ വന്നു.
മന്ത്രി കെ കെ ശൈലജ പദ്ധതി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷാരംഗത്ത് രാജ്യത്തിനു തന്നെ മാതൃകയായിട്ടുള്ള ഈ നൂതന ഓണ്‍ലൈന്‍ സംവിധാനം കേരളത്തിന്റെ ഭക്ഷ്യസുരക്ഷാരംഗത്തെ പുതിയ ഒരു കാല്‍വയ്പാണെന്നു മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നിയമാനുസൃതം ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ സാംപിളുകളുടെ പൂര്‍ണ വിവരം ലഭിക്കുന്നതിനും ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരുടെ ദൈനംദിന ഭക്ഷ്യസുരക്ഷാ പ്രവൃത്തികള്‍ മേലുദ്യോഗസ്ഥര്‍ക്ക് സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും ഈ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കും.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ വ്യാപാരികള്‍ക്കു നല്‍കുന്ന നോട്ടീസ്, പിഴ ഈടാക്കല്‍, ശേഖരിക്കുന്ന ഭക്ഷ്യസാംപിളുകളുടെ പരിശോധന ലാബുകളില്‍ നടത്തുമ്പോള്‍ ലഭിക്കുന്ന അനാലിസിസ് റിപോര്‍ട്ട്, അതിനെ തുടര്‍ന്നുള്ള നിയമനടപടികള്‍, പ്രോസിക്യൂഷന്‍, അപ്പീല്‍ എന്നിവയും കൃത്യമായി നിരീക്ഷിക്കാന്‍ എഫ്‌ഐഎല്‍ഐഎസ് സംവിധാനത്തിലൂടെ സാധിക്കും.
സമയം ലാഭിക്കുന്നതിനോടൊപ്പം തന്നെ ഭക്ഷ്യസുരക്ഷാ പരിശോധനയുടെ കൃത്യത ഉറപ്പാക്കാനും സാധിക്കും. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിനു വേണ്ടി സിഡ്‌കോ മുഖേനയാണ് ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ഒരുക്കിയത്. ഭക്ഷ്യവസ്തുക്കളില്‍ പൊതുവായി കണ്ടുവരുന്ന മായം എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനായി നിര്‍മിച്ച ഹ്രസ്വചിത്രത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ഭക്ഷ്യസുരക്ഷാ സംവിധാനത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തിന്, പ്രത്യേകിച്ച് വീട്ടമ്മമാരുടെയും സ്ത്രീകളുടെയും ബോധവല്‍ക്കരണത്തിനു വേണ്ടിയാണ് ഈ ഹ്രസ്വചിത്രം നിര്‍മിച്ചത്.
40ഓളം ഭക്ഷ്യവസ്തുക്കളില്‍ മായം ഉണ്ടോയെന്ന് സ്വയം പരീക്ഷിക്കുന്നതിനും വീടുകളില്‍ മായം കലരാത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുന്നതിനും വീട്ടമ്മമാരെ സഹായിക്കുന്ന രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. യുട്യൂബ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം ഉറപ്പാക്കുകയും ചെയ്യും.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss