|    Apr 19 Thu, 2018 9:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള വിദേശഫണ്ട് വകമാറ്റി ചെലവഴിച്ചതായി ആരോപണം

Published : 25th July 2016 | Posted By: SMR

ശരത്‌ലാല്‍ ചിറ്റടിമംഗലത്ത്

കൊച്ചി: സമൂഹത്തിലെ അഗതികളുടെയും ആലംബഹീനരുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ ലഭിക്കുന്ന വിദേശഫണ്ട് വരാപ്പുഴ അതിരൂപത വഴിവിട്ടു ചെലവഴിച്ചതായി ആരോപണം. അഗതികളായ വൃദ്ധന്‍മാര്‍, വിധവകള്‍, അനാഥക്കുട്ടികള്‍, സാമ്പത്തികശേഷിയില്ലാത്ത വീടുകളിലെ വിദ്യാര്‍ഥികള്‍, വനിതകളുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപയുടെ വിദേശഫണ്ട് ആരാധനാലയങ്ങള്‍ മോടികൂട്ടുന്നതിനും പള്ളിയുടെ ആഘോഷങ്ങള്‍ക്കും വേണ്ടിയാണ് ചെലവഴിക്കപ്പെട്ടതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. വിദേശഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് 2008 മുതല്‍ 2015 വരെയുള്ള കാലയളവില്‍ വരാപ്പുഴ അതിരൂപത കേന്ദ്ര ആഭ്യന്തരവകുപ്പിന് നല്‍കിയ വരവു ചെലവ് സംബന്ധിച്ച കണക്കുകളിലാണ് ഈ വിവരങ്ങള്‍.
റിപോര്‍ട്ട് പ്രകാരം വരാപ്പുഴ അതിരൂപതയ്ക്ക് വിദേശഫണ്ടായി ലഭിച്ചത് 32.14 കോടി രൂപയാണ്. ഇതില്‍ 31.14 കോടി രൂപ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചതായി റിപോര്‍ട്ടിലുണ്ട്. എന്നാല്‍, മൊത്തം ചെലവിന്റെ 36.34 ശതമാനത്തോളം തുകയും ചെലവഴിച്ചത് അതിരൂപതയ്ക്ക് കീഴിലുള്ള ആരാധനാലയങ്ങളുടെ നിര്‍മാണങ്ങള്‍ക്കും അവയുടെ അറ്റകുറ്റപ്പണികള്‍ക്കും വേണ്ടി മാത്രമാണ്. ഏകദേശം 11.33 കോടി രൂപയാണ് ആരാധനാലയത്തിന്റെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ചെലവഴിച്ചത്. കൂടാതെ ആഘോഷ നടത്തിപ്പുകള്‍ക്കായി 2.23 കോടി രൂപയും അതിരൂപതയ്ക്ക് കീഴിലെ അച്ചന്‍മാരുള്‍പ്പെടെയുള്ള ശുശ്രൂഷകര്‍ക്കായി 3.64 കോടിയും ചെലവഴിച്ചു. എന്നാല്‍, പ്രായമായ അഗതികളുടെയും, വിധവകളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി 2008 മുതല്‍ 2015 വരെ ആകെ ചെലവഴിച്ചത് വെറും 23.32 ലക്ഷം രൂപ മാത്രമാണ്. ആകെ ലഭിച്ച വിദേശഫണ്ടിന്റെ ഒരു ശതമാനം പോലും വരില്ല ഇത്. ഇക്കാലയളവില്‍ പാവപ്പെട്ടവര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കാനോ ആരോഗ്യം, കുടുംബക്ഷേമം, രോഗപ്രതിരോധം എന്നീ മേഖലകളില്‍ ഒരു രൂപ പോലും ചെലവഴിക്കാനോ കഴിഞ്ഞില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വെറും 2.47 ലക്ഷം രൂപ മാത്രമാണ് ഈ ഏഴുവര്‍ഷത്തെ കാലയളവിനുള്ളില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായും മറ്റു പഠനസഹായങ്ങളായും നല്‍കിയിട്ടുള്ളത്.
ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്ന സാമ്പത്തിക തിരിമറികള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ വിവിധ എന്‍ജിഒകള്‍ക്കും അവയ്ക്ക് കീഴിലുള്ള ക്രിസ്തീയ സഭകള്‍ക്കുമായി 2014-15 സാമ്പത്തിക വര്‍ഷം ആകെ 2509 കോടി രൂപയാണ് വിദേശഫണ്ടായി ലഭിച്ചത്. എന്നാല്‍, ഇവയുടെ എല്ലാം കണക്കുകള്‍ സൂക്ഷിക്കുന്നത് കുത്തഴിഞ്ഞ രീതിയിലാണെന്നും ജോസഫ് വെളിവില്‍ പറഞ്ഞു.
അതേസമയം, വിദേശഫണ്ട് കൃത്യമായും അര്‍ഹരായവരില്‍ തന്നെ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വരാപ്പുഴ അതിരൂപതാ വക്താവ് ഫാ. ആന്റണി വിപിന്‍ വ്യക്തമാക്കി. പാവപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് അവര്‍ക്ക് വേണ്ടി തന്നെയാണ് അതിരൂപത ചിലവഴിച്ചത്. വിദേശഫണ്ട് ഒത്തിരിയേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. എറണാകുളം അതിരൂപത വിദേശഫണ്ട് കൊണ്ടുമാത്രം ജീവിക്കുന്നവരല്ലെന്നും നിയമപരമായി മാത്രമെ ഫണ്ട് വിനിയോഗിച്ചിട്ടുള്ളൂവെന്നും ഫാ. ആന്റണി വിപിന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ തെറ്റായ കണക്കുകള്‍ ബോധിപ്പിക്കുന്നതും കണക്കുകള്‍ തന്നെ സമര്‍പ്പിക്കാത്തതുമായ 14,222 എന്‍ജിഒകളുടെ അംഗീകാരം റദ്ദ് ചെയ്തതായി നേരത്തേ കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ കേരളത്തില്‍ 965 എന്‍ജിഒകള്‍ പൂട്ടിയതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വിദേശഫണ്ട് ഇനിമുതല്‍ ഓണ്‍ലൈന്‍ ആയി ട്രാക്ക് ചെയ്യാന്‍ ആലോചിച്ചു വരികയാണ്. ഇതിനായി പ്രത്യേക കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss