|    Dec 15 Sat, 2018 2:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ക്ഷേത്രാചാരങ്ങളിലും മതകാര്യങ്ങളിലും ഇടപെടാന്‍ ഉദ്ദേശ്യമില്ല

Published : 13th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിലും മതപരമായ കാര്യങ്ങളിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും ഇടപെടാന്‍ ഉദ്ദേശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ശബരിമലയിലെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ഇടപെടുന്നതു തടയണമെന്ന് ആവശ്യപ്പെട്ടു ചെന്നൈ സ്വദേശി ടി ആര്‍ രമേഷ് നല്‍കിയ ഹരജിയിലാണു സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി വിശദീകരണ പത്രിക നല്‍കിയത്. തുലമാസ പൂജാ സമയത്തും ചിത്തിര ആട്ടവിശേഷ സമയത്തും ചിലര്‍ നാമജപത്തിന്റെ മറവില്‍ പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാക്കിയ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതല്ലാതെ ശബരിമലക്ഷേത്രം അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു.
ജാതിമത ഭേദമന്യേ അയ്യപ്പഭക്തര്‍ക്കു ശബരിമലയില്‍ പ്രവേശനമുണ്ട്. മകരവിളക്ക് സീസണിലും മാസപൂജകള്‍ക്കും നട തുറക്കുമ്പോള്‍ ധാരാളം ഭക്തര്‍ ദര്‍ശനത്തിനെത്തുന്നുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷാ ചുമതല സര്‍ക്കാരിനാണ്. സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ക്കു വന്‍തോതില്‍ പണം സര്‍ക്കാര്‍ ചെലവിടുന്നുണ്ട്. വര്‍ഷം തോറും സുരക്ഷാ ഉപകരണങ്ങള്‍ക്കു കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനൊപ്പം വടശ്ശേരിക്കര മുതല്‍ സന്നിധാനം, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലും പരമ്പരാഗത കാനനപാതയിലും ജാഗ്രതപാലിക്കുന്നുണ്ട്. ശബരിമലയുടെയും ഭക്തരുടെയും സുരക്ഷിത്വത്തില്‍ സര്‍ക്കാരിനു വ്യക്തമായ താല്‍പര്യമുണ്ട്.
ശബരിമല പദ്ധതികള്‍ക്ക് വര്‍ഷം തോറും കോടിക്കണക്കിനു രൂപ ദേവസ്വം ബോര്‍ഡിന് നല്‍കുന്നുണ്ട്. ശബരിമലയിലേക്കു വിവിധ പദ്ധതികള്‍ക്കും ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ക്കും ദേവസ്വം ബോര്‍ഡിനും മറ്റ് ഏജന്‍സികള്‍ക്കും അനുവദിക്കുന്ന തുക ശരിയായി വിനിയോഗിക്കുന്നുണ്ടോയെന്നു നോക്കുന്നതും സര്‍ക്കാരിന്റെ ചുമതലയാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രിംകോടതി വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന് കൂടുതലൊന്നും പറയാനില്ല. വ്യക്തമായ അജണ്ടയോടെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രിംകോടതി വിധിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തി വനിതകളെ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതില്‍ നിന്നു തടയുകയാണ്. ഇതു നിയമവിരുദ്ധമാണ്. ഭക്തയുവതികളുടെ മൗലികാവകാശം സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.
ചില ഹിന്ദുസംഘടനകളും മറ്റു ചിലരും സുപ്രിംകോടതി വിധിക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കാനിടയുണ്ടെന്നും മതിയായ മുന്‍കരുതലെടുക്കണമെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒക്ടോബര്‍ 16ന് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയണമെന്നും കത്തില്‍ പറയുന്നുണ്ട്. ശബരിമല ദര്‍ശനം നടത്തുന്നതില്‍ നിന്നു യഥാര്‍ഥ ഭക്തരെ തടയില്ല. എന്നാല്‍ ശബരിമലയിലെ ക്രമസമാധാന പാലനത്തിനും വനിതകളടക്കമുള്ള ഭക്തരുടെ സംരക്ഷണത്തിനും പോലിസ് നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss