|    Mar 24 Fri, 2017 12:00 pm
FLASH NEWS

ക്ഷേത്രവരുമാനം : നുണപ്രചരണത്തിന്റെ മുനയൊടിഞ്ഞു- വിടി ബല്‍റാം

Published : 7th December 2015 | Posted By: G.A.G

തിരുവനന്തപുരം : ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും ക്ഷേത്രങ്ങള്‍ക്ക്് കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നുവെന്നുമുള്ള ദേവസ്വം മന്ത്രി വി എസ് ശിവകുമാറിന്റെ വെളിപ്പെടുത്തല്‍ ഒരു വലിയ നുണപ്രചരണത്തിന്റെ മുനയൊടിക്കുന്നതുമാണെന്ന്് വി ടി ബല്‍റാം എം.എല്‍എ. ഇതര ന്യൂനപക്ഷ സമുദായങ്ങളെ ശത്രു പക്ഷത്ത് നിര്‍ത്തി ഹൈന്ദവ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ വേണ്ടി ആര്‍ എസ് എസ്സും ബി ജെ പിയും വിഷകലമാരും സ്ഥിരമായി നടത്തി വരുന്ന ഇതേ പ്രചരണമാണ് ‘കള്ളുമുതലാളി’യുടെ ജാഥയിലുടനീളം കൂടുതല്‍ തീവ്രമായ ഭാഷയില്‍ മുഴങ്ങിക്കേട്ടതെന്ന്് ബല്‍റാം തന്റെ ഫേസ് ബുക്ക്് പോസ്റ്റില്‍ കുറിച്ചു. സംഘപരിപവാര്‍ സംഘടനകള്‍ ഇക്കാര്യത്തില്‍ നടത്തിവന്ന നുണപ്രചാരണങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള  ബല്‍റാമിന്റെ നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

‘ ഇന്ന് നിയമസഭയില്‍ ശ്രീ വി.ഡി. സതീശന്‍ അവതരിപ്പിച്ച സബ്മിഷനും അതിന് ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി. എസ്. ശിവകുമാര്‍ നല്‍കിയ മറുപടിയും ഏറെ ശ്രദ്ധേയവും ഒരു വലിയ നുണപ്രചരണത്തിന്റെ മുനയൊടിക്കുന്നതുമായിരുന്നു. ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം മുഴുവന്‍ സര്‍ക്കാര്‍ എടുത്തുകൊണ്ടു പോകുന്നു എന്നും അത് മറ്റ് ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നു എന്നുമുള്ളതാണ് കാലങ്ങളായി ഇവിടെ സംഘ് പരിവാര്‍ ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ച് വരുന്ന ആ പെരും നുണ. ഇതര ന്യൂനപക്ഷ സമുദായങ്ങളെ ശത്രു പക്ഷത്ത് നിര്‍ത്തി ഹൈന്ദവ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ വേണ്ടി ആര്‍ എസ് എസ്സും ബി ജെ പിയും വിഷകലമാരും സ്ഥിരമായി നടത്തി വരുന്ന ഇതേ പ്രചരണമാണ് കള്ളുമുതലാളിയുടെ ജാഥയിലുടനീളം കൂടുതല്‍ തീവ്രമായ ഭാഷയില്‍ മുഴങ്ങിക്കേട്ടത്.

ഹിന്ദു ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് വരുന്നില്ല എന്ന് മാത്രമല്ല, വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ക്ഷേത്രകാര്യങ്ങള്‍ക്കായും ക്ഷേത്ര നഗരികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായും ചെലവഴിക്കുന്നത് എന്നതാണ് ഇന്ന് കണക്കുകള്‍ സഹിതം വകുപ്പ് മന്ത്രി വിശദമാക്കിയിരിക്കുന്നത്.

ഈ വിഷയത്തില്‍ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ ഞാനടക്കമുള്ളയാളുകള്‍ സത്യാവസ്ഥ വിശദീകരിക്കാന്‍ നിരവധി തവണ ശ്രമിച്ചിരുന്നു എങ്കിലും അതൊന്നും കാണാതെയും മനപൂര്‍വം കാണാന്‍ കൂട്ടാക്കാതെയും വീണ്ടും വീണ്ടും ഈ ആസൂത്രിത നുണപ്രചരണത്തിന്റെ ഭാഗമാകുകയായിരുന്നു പലരും. ഏറ്റവും ആധികാരികമായി നിയമസഭയില്‍ത്തന്നെ ഇക്കാര്യം അസന്നിഗ്ദ്ധമായി വിശദീകരിക്കപ്പെട്ടതോടെ ഇനി ഇവര്‍ എന്ത് മറുവാദമാണ് ഉയര്‍ത്തിക്കൊണ്ടുവരിക എന്നറിയില്ല. ഏതായാലും നുണ പറഞ്ഞു കൊണ്ടേയിരിക്കുക എന്ന അവരുടെ സ്വഭാവം അത്ര പെട്ടെന്നൊന്നും അവര്‍ക്ക് ഒഴിവാക്കാന്‍ കഴിയില്ല എന്ന് നമുക്കറിയാം. ഒരു നുണ പൊളിഞ്ഞാല്‍ അടുത്തത് എന്നമട്ടില്‍ പുതിയ വിഷയങ്ങളുമായി ഇനിയും അവര്‍ ഇനിയും വന്നുകൊണ്ടേയിരിക്കും. അതിനെയെല്ലാം വസ്തുതകള്‍ വച്ച് പൊളിച്ചടുക്കുക എന്നതാണ് നമ്മുടെ ദൗത്യം.

ഫേസ്ബുക്കില്‍ 2014 ഏപ്രില്‍ മുതല്‍ പല അവസരങ്ങളിലായി ഇതേ വിഷയത്തില്‍ ഞാന്‍ ഇട്ട പോസ്റ്റുകളുടെ ലിങ്കുകളും അനുബന്ധ വായനക്കായി ഇതോടൊപ്പം ചേര്‍ക്കുന്നു. പ്രസക്തമായ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ച് സത്യാവസ്ഥ ആധികാരികമായി പുറത്ത് കൊണ്ടുവന്ന കെ.പി.സി.സി. വൈസ് പ്രസിഡന്റ് കൂടിയായ ശ്രീ വി.ഡി. സതീശന്‍ എം എല്‍ എക്ക് അഭിനന്ദനങ്ങള്‍.’

(Visited 93 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക