|    Dec 15 Sat, 2018 12:19 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ക്ഷേത്രപ്രവേശന വിളംബരം

Published : 20th November 2018 | Posted By: kasim kzm

ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഒരു സുപ്രധാന രേഖയാണ് 1936 നവംബര്‍ 12നു പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരം. നൂറ്റാണ്ടുകളായി അധഃസ്ഥിതര്‍ അനുഭവിച്ചുപോന്ന തീണ്ടല്‍, തൊടീല്‍ അനാചാരങ്ങള്‍ക്കു തടയിടാന്‍ ഒരു പരിധിവരെ ക്ഷേത്രപ്രവേശന വിളംബരത്തിനു സാധിച്ചു. അധഃസ്ഥിത വിഭാഗങ്ങളുടെ ജാതീയമായ അസ്വാതന്ത്ര്യം, സ്ഥിതിസമത്വമില്ലായ്മ, അടിമത്തവ്യവസ്ഥ എന്നിവയ്‌ക്കെതിരേ സംഘടിക്കാനും പൊരുതാനുമുള്ള ഉള്‍ക്കരുത്ത് കേരള ജനതയില്‍ സംജാതമാവുന്നത് മിഷനറിമാരുടെ പ്രവര്‍ത്തനഫലമായിട്ടാണ്. ജാതിപരിഗണന കൂടാതെ ഏവരെയും ക്രിസ്തുമതത്തിലേക്ക് മാര്‍ഗം കൂട്ടുന്ന മിഷനറിമാരുടെ ചെയ്തികള്‍ ഹൈന്ദവരുടെ ഇടയില്‍ ഒരു പുനര്‍വിചാരത്തിനു കളമൊരുക്കി എന്ന വസ്തുത അനിഷേധ്യമാണ്.
കൊച്ചി-മലബാര്‍ മേഖലകളെ അപേക്ഷിച്ച് അസമത്വത്തിനും ലിംഗവിവേചനത്തിനും എതിരായുള്ള ജനമുന്നേറ്റങ്ങള്‍ കൂടുതല്‍ ഉണ്ടായത് തിരുവിതാംകൂറിലാണ്. തിരുവിതാംകൂറിന്റെ പൂര്‍വക്ഷേത്രമായ വേണാടിന്റെ ചരിത്രത്തിലെ വിപ്ലവകരമായ ഒരു നടപടിയായിരുന്നു ‘മണ്ണാപ്പേടി, പുലപ്പേടി’ എന്ന അനാചാരം 1696ല്‍ നിരോധിച്ചത്. ജാതീയമായൊരു അവകാശത്തിന്റെ വിലക്കായി അത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജാതീയമെങ്കിലും കാലത്തിനു നിരക്കാത്ത ആചാരം അനാചാരം തന്നെയെന്ന വസ്തുത വച്ചുനോക്കുമ്പോള്‍ കേരളത്തിന്റെ സാമൂഹികരംഗത്തുണ്ടായ ധീരമായ നടപടി തന്നെയായിരുന്നു മണ്ണാപ്പേടി പുലപ്പേടിയുടെ നിരോധനം.
തുടര്‍ന്ന് ചാന്നാര്‍ സ്ത്രീകളുടെ മേല്‍മുണ്ടുകലാപം, ശ്രീനാരായണഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകള്‍, അയ്യങ്കാളിയുടെ സഹനസമരങ്ങള്‍ (1893-1915), അയ്യാ വൈകുണ്ഠ സ്വാമികളുടെ ജാതിനിര്‍മാര്‍ജന യത്‌നങ്ങള്‍ എന്നിവയിലൂടെ കേരളം നവോത്ഥാനത്തിന്റെ പാതയില്‍ മുന്നേറിയതിന്റെ അനന്തരഫലങ്ങളായിരുന്നു വൈക്കം സത്യഗ്രഹവും (1925) ഗുരുവായൂര്‍ സത്യഗ്രഹവും (1931). ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സിന്റെ നയപരിപാടികളില്‍ അയിത്തോച്ചാടനം കൊണ്ടുവരുന്നതില്‍ ടി കെ മാധവന്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്.
കേരളത്തിന്റെ പ്രശ്‌നങ്ങള്‍ സഹ്യപര്‍വതവും കടന്നു ജനനേതാക്കളുടെ ശ്രദ്ധയിലെത്തിയത് അങ്ങനെയാണ്. മഹാത്മാ ഗാന്ധി, ഇ വി രാമസ്വാമി നായ്ക്കര്‍ തുടങ്ങിയവര്‍ കേരളത്തിന്റെ അയിത്തോച്ചാടന സംരംഭങ്ങളില്‍ ഭാഗഭാക്കായി. മന്നത്ത് പത്മനാഭന്‍, കെ പി കേശവമേനോന്‍, കെ കേളപ്പന്‍, എകെജി, പി കൃഷ്ണപിള്ള തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ നവോത്ഥാന പ്രക്രിയക്ക് ആക്കം കൂട്ടി. ചുരുക്കിപ്പറഞ്ഞാല്‍, പരമ്പരാഗത ജാതിവ്യവസ്ഥയും ജീര്‍ണതയും കൂടുതല്‍ തീക്ഷ്ണമായ അവസരമായിരുന്നു 1925-30കള്‍. ഈ പശ്ചാത്തലത്തിലാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്:
”നമ്മുടെ മതത്തിന്റെ പരമാര്‍ഥതയും സുപ്രമാണതയും ഗാഢമായി ബോധ്യപ്പെട്ടും ആയത് ദൈവികമായ അനുശാസനത്തിലും സര്‍വവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്ന് വിശ്വസിച്ചും അതിന്റെ പ്രവര്‍ത്തനത്തില്‍ അത് ശതവര്‍ഷങ്ങളായി കാലപരിവര്‍ത്തനത്തിന് അനുയോജിച്ചുപോന്നുവെന്നു ധരിച്ചും നമ്മുടെ ഹിന്ദു പ്രജകളില്‍ ആര്‍ക്കും തന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമതവിശ്വാസത്തിന്റെ ശാന്തിയും സമാധാനവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്നുള്ള ഉല്‍ക്കണ്ഠയിലും നാം തീരുമാനിക്കുകയും ഇതിനാല്‍ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നത് എന്തെന്നാല്‍, സമുചിതമായ പരിതഃസ്ഥിതികള്‍ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചുനടത്തുന്നതിനും നാം നിശ്ചയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ ഗവണ്‍മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു.”
സര്‍ക്കാര്‍ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങളില്‍ എല്ലാ ഹൈന്ദവര്‍ക്കും പ്രവേശിക്കാനും ആരാധന നടത്താനുമുള്ള സ്വാതന്ത്ര്യമാണ് വിളംബരം മുഖേന അനുവദിച്ചത്. സ്വകാര്യ ക്ഷേത്രങ്ങള്‍ ഈ വിളംബരത്തിന്റെ പരിധിയില്‍ വരുന്നില്ല. വിളംബരം ഉണ്ടാവുന്നതിനു മുമ്പുതന്നെ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിരുന്ന ക്ഷേത്രസങ്കേതങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ഓച്ചിറ പടനിലം, ശൂരനാട് പടനിലം, ശബരിമല, പോരുവഴി എന്നീ സന്നിധികളില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം ഉണ്ടായിരുന്നു.
ശ്രീകോവില്‍, മുഖമണ്ഡപം, നാലമ്പലം തുടങ്ങിയ വാസ്തുതന്ത്ര അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങളിലാണ് ജാതീയമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രവേശനത്തിനു വിലക്കുണ്ടായിരുന്നത്. ക്ഷേത്രകേന്ദ്രീകൃതമായ ജാതിഘടനയുടെയും സമ്പദ്‌വ്യവസ്ഥയുടെയും ഫലമായിട്ടാണ് ത്രൈവര്‍ണികേതരര്‍ക്ക് ക്ഷേത്രവിലക്ക്. അത് 1936 വരെ തിരുവിതാംകൂറില്‍ നിലനിന്നു. കൊച്ചിയിലും മലബാറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 1936ലെ വിളംബരത്തിലൂടെ ഹൈന്ദവര്‍ക്കെല്ലാം ജാതി-ലിംഗപരിഗണനകള്‍ കൂടാതെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശമാണ് കൈവന്നത്. എന്നാല്‍, ആചാരങ്ങളോ ദര്‍ശനസംബന്ധിയായുള്ള കീഴ്മര്യാദകളോ ലംഘിക്കാനുള്ള സ്വാതന്ത്ര്യം ക്ഷേത്രപ്രവേശന വിളംബരം നല്‍കിയിരുന്നില്ല.
ഈ വിളംബരത്തിലെ കേന്ദ്ര ആശയം ഇങ്ങനെ പട്ടികപ്പെടുത്താം: 1. ഹിന്ദുമതത്തിന്റെ സര്‍വവ്യാപകമായ സഹിഷ്ണുത. 2. ശതവര്‍ഷങ്ങളായി ഹിന്ദുമതം കാലപരിവര്‍ത്തനത്തിന് അനുയോജിച്ചുപോരുന്നു. 3. ഹിന്ദുമതവിശ്വാസത്തിന്റെ ആത്യന്തിക ഫലം ശാന്തിയും സമാധാനവും. 4. സമുചിത പരിതഃസ്ഥിതികള്‍ സംരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചുനടത്തുന്നതിനും മേലില്‍ ഉണ്ടാകാവുന്ന നിയമങ്ങളും നിബന്ധനകളും അതിനോടുള്ള വിധേയത്വം. ഇതില്‍ നാലാമത്തെ ആശയം എത്രത്തോളം നടപ്പില്‍ വന്നിട്ടുണ്ടെന്നതാണ് സമകാലിക ചുറ്റുപാടില്‍ പരിശോധിക്കേണ്ട വിഷയം.
1948-49 കാലത്താണ് കൊച്ചിയിലും മലബാറിലും ക്ഷേത്രപ്രവേശനാനുമതി ഉണ്ടായത്. ക്ഷേത്രമര്യാദകള്‍ പാലിച്ച് ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ഏതു ഹിന്ദുവിനും പ്രവേശിക്കാന്‍ യാതൊരു വിലക്കുമില്ല. ക്ഷേത്രദര്‍ശനത്തിന് എത്തുന്ന സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വേഷവിധാനങ്ങളില്‍ കാലികമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദര്‍ശനരീതികള്‍ക്കും അതതു ദേവസ്ഥാനത്തിന്റെ സങ്കല്‍പത്തിനും സ്വഭാവത്തിനും അനുസരിച്ച് പ്രാദേശികമായ ചിട്ടവട്ടങ്ങള്‍ കൂടാതെ വയ്യല്ലോ. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ ഒരുകാലത്ത് സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ആ വിലക്കില്ല. ഇങ്ങനെ കാലത്തിന് അനുസൃതമായ മാറ്റങ്ങള്‍ എല്ലാ ദേവസ്ഥാനങ്ങളിലും സഹിഷ്ണുതയോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
ജാതിഭേദമോ മതഭേദമോ ഇല്ലാതെ ആര്‍ക്കും ചെല്ലാവുന്ന ദേവസങ്കേതമാണ് ശബരിമല. ഇരുമുടിക്കെട്ട് ഉണ്ടെങ്കിലേ പതിനെട്ടാംപടി കടന്ന് ശ്രീകോവിലിനു മുന്നിലെത്താന്‍ പാടുള്ളൂ എന്ന കീഴ്‌വഴക്കമുണ്ട്. ഇരുമുടിക്കെട്ട് ഇല്ലാത്തവര്‍ക്ക് വടക്കുഭാഗത്തുള്ള പടിക്കെട്ടിലൂടെ ശ്രീകോവിലിനു മുന്നിലെത്താം. വ്രതാനുഷ്ഠാനങ്ങള്‍ മല ചവിട്ടുന്നതിനു പാലിച്ചിരിക്കണമെന്നതും ആചാരത്തിന്റെ ഭാഗമാണ്. സന്നിധാനത്തിലേക്കുള്ള യാത്ര അത്യന്തം ദുര്‍ഘടമായിരുന്ന ഒരു കാലത്താണ് സ്ത്രീകളുടെ മലയാത്രയ്ക്ക് നിയന്ത്രണം വന്നതെന്നു തോന്നുന്നു. നിലയ്ക്കല്‍-ചാലക്കയം-പമ്പ് റോഡ് വരുന്നതിനു മുമ്പ് എരുമേലി വഴിയുള്ള കാനനമാര്‍ഗമാണ് ശബരിമലയ്ക്ക് ഉണ്ടായിരുന്നത്. സത്രം വഴി ഒരു വടക്കുകിഴക്കന്‍ മാര്‍ഗവും ഉണ്ടായിരുന്നു. മലയും കാടും മരം കോച്ചുന്ന തണുപ്പും ഹിംസ്രജന്തുക്കളുടെ ആക്രമണവുമൊക്കെ മലയാത്രയില്‍ നിന്ന് സ്ത്രീകളെ പിന്തിരിപ്പിച്ചിരിക്കാന്‍ സാധ്യതയുണ്ട്.
ഇന്നിപ്പോള്‍ സാഹചര്യങ്ങളൊക്കെ മാറി. മലകയറ്റം ആയാസരഹിതമായി. മലയ്ക്കു പോകാന്‍ വ്രതം അനിവാര്യമല്ലാതായി. രാവിലെ പുറപ്പെട്ട് വൈകീട്ട് മടങ്ങിയെത്താമെന്ന സൗകര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ട്. ശബരിമല യാത്രയ്ക്ക് വിവേചനബുദ്ധിയോടെ സ്വന്തം മാര്‍ഗം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കോടതിവിധിയിലൂടെ സ്ത്രീകള്‍ക്ക് കിട്ടിയിരിക്കുകയാണ്. കാര്യങ്ങള്‍ സമചിത്തതയോടെ കാണാനും സഹിഷ്ണുത പാലിക്കാനും എല്ലാവരും ശ്രമിച്ചാല്‍ ഏതു പ്രശ്‌നവും പരിഹരിക്കാവുന്നതേയുള്ളൂ.
ശബരിമലയിലെ സ്ത്രീപ്രവേശനം ഇന്നു കേരളത്തിന്റെ നീറുന്ന പ്രശ്‌നങ്ങളിലൊന്നാണ്. പത്തു വയസ്സിനും അമ്പതു വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ക്ക് മല ചവിട്ടാന്‍ പാടില്ലെന്ന വിലക്ക് സുപ്രിംകോടതി നീക്കം ചെയ്തിരിക്കുന്നു. അതിനെതിരായുള്ള റിവ്യൂ ഹരജിയില്‍ തീര്‍പ്പായിട്ടില്ല. ഭരണഘടനാദത്തമായ ഒരവകാശമാണ് കോടതി അനുവദിച്ചത്. പക്ഷേ, പ്രതിഷ്ഠാ സംബന്ധമായ ആചാരങ്ങളുടെ പ്രത്യേകതകള്‍ കോടതി ശ്രദ്ധിച്ചില്ലെന്നതാണ് റിവ്യൂ ഹരജികളിലെ പ്രധാന വാദമുഖം. ഇതിന്‍മേലൊരു തീരുമാനം ഉണ്ടാകുന്നതുവരെ സഹിഷ്ണുത പാലിക്കാന്‍ ഭക്തജനങ്ങളും ഭരണാധികാരികളും സന്നദ്ധരാവണം. മുതലെടുപ്പ് ഏതൊരു ഭാഗത്തുനിന്നായാലും നന്നല്ല. ി

(കടപ്പാട്: ജനശക്തി, നവംബര്‍ 1, 2018)

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss