|    Dec 14 Fri, 2018 3:16 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ക്ഷേത്രപ്രവേശന പ്രഖ്യാപനവും കേരളവും

Published : 13th November 2018 | Posted By: kasim kzm

1936 നവംബര്‍ 12ന് തിരുവിതാംകൂര്‍ മഹാരാജാവ് തന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ജാതിപരിഗണനകള്‍ക്ക് അതീതമായി എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശിക്കാന്‍ അനുമതിയുള്ളതായി നടത്തിയ പ്രഖ്യാപനത്തിന്റെ 82ാം വാര്‍ഷികം കഴിഞ്ഞദിവസം കേരളം ആഘോഷിക്കുകയുണ്ടായി. സാധാരണനിലയില്‍ 82ാം വാര്‍ഷികം പ്രത്യേകമായി ആഘോഷിക്കുന്ന പതിവില്ലെങ്കിലും സമകാല കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തില്‍ ഈ പ്രഖ്യാപനം നല്‍കുന്ന സന്ദേശം മലയാളികളെ വീണ്ടും ഓര്‍മിപ്പിക്കേണ്ടതു തന്നെയാണ്.
ക്ഷേത്രപ്രവേശന പ്രഖ്യാപനം ചൂണ്ടിക്കാണിക്കുന്നത് അതിനു മുമ്പുണ്ടായിരുന്ന കേരളത്തിന്റെ ഭയാനകമായ സാമൂഹികാവസ്ഥയെയാണ്. ഹൈന്ദവസമൂഹത്തില്‍ മഹാഭൂരിപക്ഷം ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെടുകയും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി മുദ്രകുത്തി അകറ്റിനിര്‍ത്തപ്പെടുകയും ചെയ്യപ്പെട്ട കാലം. കടുത്ത സാമൂഹിക പീഡനങ്ങള്‍ കാരണം അവശസമുദായങ്ങള്‍ക്ക് ആത്മാഭിമാനത്തോടെ കഴിഞ്ഞുകൂടാന്‍ സാധിക്കാതിരുന്ന കാലം. കീഴ്ജാതി സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി തെരുവിലിറങ്ങി പ്രക്ഷോഭം നടത്തേണ്ടിവന്ന കാലം. അവരുടെ കുട്ടികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട കാലം. അന്ന് അതിനെതിരായി കേരളത്തില്‍ നിരവധി പേര്‍ രംഗത്തുവരുകയുണ്ടായി. കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണത്തില്‍ വമ്പിച്ച മുന്നേറ്റം പ്രത്യക്ഷമായ കാലം.
19ാം നൂറ്റാണ്ടിലെ നിരവധി പരിഷ്‌കരണപ്രസ്ഥാനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. അയ്യാപ്പിള്ള സ്വാമികളും ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും മഹാത്മാ അയ്യങ്കാളിയുമൊക്കെ അവശവിഭാഗക്കാരായ നാനാവിഭാഗങ്ങളുടെ ശാക്തീകരണ പ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം നല്‍കിയവരാണ്. 1924-25 കാലത്തെ വൈക്കം സത്യഗ്രഹവും 1931-32 കാലത്തെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ സത്യഗ്രഹവുമൊക്കെ അവര്‍ണസമുദായങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ മാന്യമായ സ്ഥാനം നേടിയെടുക്കാനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു. 1923ലെ കാക്കിനഡ കോണ്‍ഗ്രസ്സിലാണ് ഇത്തരത്തിലുള്ള സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ അണിനിരക്കണമെന്ന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. അതിനാല്‍ അന്നു നടന്ന മഹാപ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വവും സജീവമായ പങ്കാളിത്തം കാഴ്ചവച്ചിരുന്നു.
ജാതിക്കെതിരായ സമരം ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തിക പീഡനത്തിനെതിരായ സമരംകൂടിയായിരുന്നു. അന്നത്തെ നാടുവാഴികളും ജാതിജന്‍മി പ്രമാണിമാരുമാണ് ഭൂമിയുടെ സമസ്താവകാശവും കൈവശപ്പെടുത്തിവച്ചിരുന്നത്. ഭൂമിയിലെ പണിയാളന്‍മാര്‍ വെറുമ്പാട്ടക്കാരായ കീഴ്ജാതിക്കാരും മുസ്‌ലിംകളും ക്രിസ്ത്യാനികളും അടങ്ങുന്ന മറ്റു സാമൂഹിക വിഭാഗങ്ങളുമായിരുന്നു. അതിന്റെ ഭാഗമായ ചൂഷണങ്ങളും പീഡനങ്ങളും ഇന്ന് സങ്കല്‍പിക്കാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു. അതിനെതിരായി മലബാറിലെ 1921ലെ കലാപമടക്കം നിരവധി രക്തരൂഷിതമായ പോരാട്ടങ്ങള്‍ നടക്കുകയുണ്ടായി. അങ്ങനെയാണ് ജാതിജന്‍മി ഭൂതത്തെ മലയാളികള്‍ കുടത്തിലടച്ചത്.
ഇപ്പോള്‍ ആ ഭൂതം കുടത്തിനു പുറത്തുവന്ന് വീണ്ടും സമൂഹത്തില്‍ കാലുഷ്യമുണ്ടാക്കുന്നത് കാണാതിരുന്നുകൂടാ. മണ്‍മറഞ്ഞ ദുഷിച്ച പാരമ്പര്യങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളെ സമൂഹം ഒന്നിച്ചു ചെറുക്കേണ്ട സമയമാണിത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss