|    Nov 20 Tue, 2018 3:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ക്ഷേത്രപ്രവേശനം സ്ത്രീയുടെയും അവകാശം സുപ്രിംകോടതി വിധി നടപ്പാക്കണം: സാംസ്‌കാരിക പ്രവര്‍ത്തകര്‍

Published : 18th October 2018 | Posted By: kasim kzm

കോഴിക്കോട്: സ്ത്രീവിമോചന ചരിത്രത്തിലെ ഒരു സുപ്രധാന മാര്‍ഗരേഖയായിട്ടാണ് ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയെ കാണുന്നതെന്നും കോടതിവിധി നടപ്പാക്കണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും വാദമുഖങ്ങള്‍ പരിശോധിച്ച് നീണ്ട കാലമെടുത്താണ് കോടതി ഇങ്ങനെ ഒരു വിധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലക്ഷേത്രത്തില്‍ പ്രവേശിച്ച് ആരാധന നടത്തണമെന്നതു ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. ഇതുസംബന്ധിച്ച് ക്ഷേത്രത്തില്‍ പല തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. സ്ത്രീക്കും പുരുഷനും തുല്യത വാഗ്ദാനം ചെയ്യുന്ന ഭരണഘടന നിലവിലുള്ള രാജ്യത്ത് ഇപ്രകാരമല്ലാതെ ഒരു വിധിതീര്‍പ്പ് ഉണ്ടാവുക സാധ്യമല്ല.
യുവതികളുടെ ക്ഷേത്രപ്രവേശനത്തെ നേരത്തേ അനുകൂലിച്ചിരുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ പോലും പെട്ടെന്ന് വാക്കു മാറ്റി. തങ്ങളുടെ വോളന്റിയര്‍മാരെ അണിനിരത്തി ഭക്തരുടേത് എന്ന വ്യാജേന തെരുവില്‍ പ്രകടനം നടത്തുന്നു. ആര്‍ത്തവം ഉള്ളതിനാല്‍ തങ്ങള്‍ അശുദ്ധരാണെന്ന് അണികളായ പാവം സ്ത്രീകളെക്കൊണ്ട് വിളിച്ചുപറയിക്കുന്നു. കേവലമായ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ഇതിനു പിന്നിലുള്ളത്. സര്‍ക്കാരിനു മാത്രമല്ല നീതിബോധമുള്ള മുഴുവന്‍ പേര്‍ക്കും സ്ത്രീ സമത്വത്തെ സാധൂകരിക്കുന്ന സുപ്രധാനമായ ഈ കോടതിവിധി നടപ്പാക്കാന്‍ ബാധ്യതയുണ്ട്. തല്‍പര രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെ നടത്തുന്ന പിന്തിരിപ്പന്‍ പ്രവര്‍ത്തനങ്ങളെ തുറന്ന് എതിര്‍ക്കണം. സുപ്രിംകോടതി വിധിയുടെ പിന്‍ബലത്തോടെ ആരാധന നടത്താന്‍ ശബരിമലയിലെത്തുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഇവര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
യു എ ഖാദര്‍, പി കെ ഗോപി, ഡോ. എ അച്യുതന്‍, ഡോ. ഖദീജ മുംതാസ്, പ്രഫ. വി സുകുമാരന്‍, പോള്‍ കല്ലാനോട്, കെ ടി കുഞ്ഞിക്കണ്ണന്‍, കെഇഎന്‍, വി ടി മുരളി, ബി എം സുഹറ, ടി വി ബാലന്‍, ബാബു പറശ്ശേരി, പ്രഫ. കടത്തനാട്ട് നാരായണന്‍, എ ശാന്തകുമാര്‍, ജാനമ്മ കുഞ്ഞുണ്ണി, ഒ പി സുരേഷ്, ഡോ. കെ എന്‍ ഗണേഷ്, വി ആര്‍ സുധീഷ്, എന്‍ പി ഹാഫിസ് മുഹമ്മദ്, ഡോ. ടി കെ ആനന്ദി, സാവിത്രി ശ്രീധരന്‍, ഡോ. പി കെ പോക്കര്‍ തുടങ്ങി 105 പേരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss