|    Dec 19 Wed, 2018 12:50 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ക്ഷേത്രനിര്‍മാണം വീണ്ടും അജണ്ട

Published : 4th November 2018 | Posted By: kasim kzm

എസ് മൊയ്തു

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ ശേഷിച്ചിരിക്കെ പരാജയത്തിന്റെ പടുകുഴി മണക്കുന്ന മോദിയും കൂട്ടരും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവസാനത്തെ കളിക്കൊരുങ്ങുകയാണ്. വര്‍ഗീയ കാര്‍ഡ് കളിക്കാന്‍ ഏറ്റവും നല്ല തുറുപ്പുചീട്ടെന്ന് മുന്‍ അനുഭവങ്ങള്‍ തെളിയിച്ച അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് സംഘപരിവാരം. താനെയില്‍ മൂന്നു ദിവസമായി നടന്ന നേതൃയോഗത്തിനു ശേഷം ആര്‍എസ്എസിന്റെ രണ്ടാമനായി അറിയപ്പെടുന്ന ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞ വാക്കുകള്‍ രാജ്യത്തെ വലിയൊരു കലാപത്തിലേക്കു നീക്കി 2019ലെ തിരഞ്ഞെടുപ്പില്‍ കേന്ദ്രഭരണം പിടിച്ചെടുക്കാനുള്ള ഹീനതന്ത്രങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം സമര്‍ഥമായി ഉപയോഗിച്ച രാമക്ഷേത്ര നിര്‍മാണം അവര്‍ക്ക് നേടിക്കൊടുത്ത വോട്ടുകള്‍ ചില്ലറയൊന്നുമല്ല. ഉത്തരേന്ത്യയാകെ ശ്രീരാമന്‍ വലിയൊരു തുറുപ്പുചീട്ടാണെന്ന് അവര്‍ കൃത്യമായി തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
ബാബരി മസ്ജിദ് ഭൂമി ഉടമസ്ഥതാ തര്‍ക്കത്തില്‍ പരമോന്നത കോടതിയുടെ അന്തിമ തീര്‍പ്പ് കാത്തിരുന്ന സംഘപരിവാരത്തിന്, കേസ് 2019 ജനുവരി ആദ്യവാരത്തിലേക്ക് മാറ്റിയത് ചെറുതൊന്നുമല്ലാത്ത തിരിച്ചടിയാണ് നല്‍കിയത്. പൊതുതിരഞ്ഞെടുപ്പില്‍ രാമജന്മഭൂമി പ്രശ്‌നം പ്രചാരണമാക്കാനുള്ള പദ്ധതിക്കു മേല്‍ സുപ്രിംകോടതി ഇടിത്തീ വീഴ്ത്തിയതോടെ ക്ഷേത്രനിര്‍മാണത്തിന് ഓര്‍ഡിനന്‍സെന്ന പുതിയ ആവശ്യവും 1992 ആവര്‍ത്തിക്കുമെന്ന ഭീഷണിയും എല്ലാ നിലയ്ക്കും പരാജയപ്പെട്ട മോദി സര്‍ക്കാരിന് അവസാന കളിക്കുള്ള മുന്നൊരുക്കമാണ്.
ബിജെപി പ്രസിഡന്റ് അമിത്ഷായുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുരേഷ് ഭയ്യാജി വിഷയത്തില്‍ പ്രതികരിച്ചതെന്നുകൂടി ചേര്‍ത്തുവായിക്കണം. കോടതിവിധിക്ക് സമയം കളയാതെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ക്ഷേത്രനിര്‍മാണത്തിനായി നിയമനിര്‍മാണം നടത്തണമെന്ന് വിഎച്ച്പി നേരത്തേ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹൈന്ദവ പൊതുമണ്ഡലത്തില്‍ സജീവതയുണ്ടാക്കുന്ന രാഷ്ട്രീയ തുറുപ്പുചീട്ടാണ് രാമക്ഷേത്രം എന്നതുകൊണ്ടുതന്നെയാണ് കഴിഞ്ഞ നാലര വര്‍ഷക്കാലം രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് ഒന്നും പറയാതിരുന്നവര്‍ ഇപ്പോള്‍ അതേക്കുറിച്ച് ശബ്ദിച്ചുതുടങ്ങുന്നത്. മോദി അധികാരത്തിലെത്തിയ ശേഷം ആളനക്കമില്ലാതിരുന്ന അയോധ്യ ഇപ്പോള്‍ സജീവമായതും തിരഞ്ഞെടുപ്പ് അടുത്തുവെന്നതിന്റെ സൂചനയാണ്.
സാമ്പത്തിക പ്രതിസന്ധിയും അഴിമതിയും ദലിത്-ന്യൂനപക്ഷ വേട്ടകളും ദാരിദ്ര്യവും ഇന്ധനവില വര്‍ധനയും ജനാധിപത്യത്തെ വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലും ലജ്ജയില്ലാതെ കൂട്ടിലടയ്ക്കുന്നതുമെല്ലാം മോദിഭരണകാലത്തെ ദുര്‍ഭൂതങ്ങളായി തിരിഞ്ഞുകൊത്തുമ്പോള്‍ 1992ല്‍ രാജ്യം കണ്ട വര്‍ഗീയ കലാപം വീണ്ടും ആവര്‍ത്തിച്ച് അധികാരം നുണയാനുള്ള ഒരുക്കത്തിലാണ് സംഘപരിവാരം.
വികസനത്തിനും പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുമുള്ള നിരവധി വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ മോദിക്ക് പറയത്തക്കതായി ഒന്നും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, തിരഞ്ഞെടുപ്പ് അടുത്ത സമയത്തുതന്നെ റഫേല്‍ പോലുള്ള പൊള്ളുന്ന അഴിമതിക്കഥകള്‍ പുറത്തുവരുകയും ചെയ്യുന്നു. റഫേല്‍ അഴിമതിയില്‍ മോദി വിചാരണ ചെയ്യപ്പെടാതിരിക്കാനുള്ള എല്ലാ വഴികളും കൊട്ടിയടക്കപ്പെടാന്‍ പാതിരാത്രിയില്‍ തന്ത്രപരമായി നടത്തിയ സിബിഐയിലെ കൈകടത്തലുകള്‍ വേണ്ടത്ര ഫലം ചെയ്യാതെപോയത് സുപ്രിംകോടതി ഇടപെടല്‍ മാത്രമാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധനവിലയും പരമോന്നതിയില്‍ എത്തിനില്‍ക്കെ കക്കൂസ് നിര്‍മാണ ഫണ്ടൊന്നും സാധാരണക്കാര്‍ക്കിടയില്‍ പഴയതുപോലെ ഏശുന്നുമില്ല.
2017ല്‍ ലോക പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് 100ല്‍ എത്തിനില്‍ക്കുന്നു. അയല്‍രാജ്യങ്ങള്‍ നില മെച്ചപ്പെടുത്തുമ്പോഴാണ് ഇന്ത്യ പിന്നാക്കം പോവുന്നത്. മുമ്പെങ്ങും കേട്ടിട്ടില്ലാത്തവിധം ആള്‍ക്കൂട്ട കൊലകളുടെ പരമ്പര തന്നെ ഇന്ത്യയെ നാണം കെടുത്തിയപ്പോള്‍ സുപ്രിംകോടതിക്കു പോലും കര്‍ശന നിര്‍ദേശം നല്‍കേണ്ടിവന്നു. ഗോമാംസത്തിന്റെ പേരില്‍ മനുഷ്യരെ അടിച്ചുകൊല്ലുന്ന സംഭവങ്ങള്‍ സര്‍വസാധാരണമായി. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ രാജ്യം ഏറെ പിന്നാക്കം പോയി. 2016ല്‍ 12 ശതമാനമാണ് ബലാല്‍സംഗ കേസുകള്‍ കൂടിയത്. പശുക്കള്‍ക്ക് എസി റൂം ഒരുക്കുമ്പോള്‍ ഓക്‌സിജന്‍ കിട്ടാതെ ഡസന്‍കണക്കിന് നവജാത ശിശുക്കള്‍ ആശുപത്രികളില്‍ മരണത്തിനു കീഴടങ്ങുന്നു.
കൃഷിനാശം കാരണം ബാങ്ക് വായ്പ തിരിച്ചടക്കാനാവാതെ, ജപ്തി നടപടികള്‍ ഭയന്ന് ഒരു മുഴം കയറിലോ കീടനാശിനിയിലോ ജീവിതം ഹോമിക്കുന്ന കര്‍ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായപ്പോള്‍ ശതകോടികള്‍ വായ്പയെടുത്തു മുങ്ങുന്ന കോര്‍പറേറ്റ് ഭീമന്‍മാര്‍ അയല്‍രാജ്യങ്ങളില്‍ ചെന്ന് ഇന്ത്യയെ നോക്കി കൊഞ്ഞനം കുത്തുന്നു. നോട്ടു നിരോധനത്തിന്റെ മറവില്‍ ക്യൂവില്‍ നിന്ന് ജീവിതം ഹോമിക്കപ്പെട്ടവരുടെ ആത്മാവും നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന ആര്‍ബിഐയുടെ ഏറ്റുപറച്ചിലും സംഘപരിവാരത്തെ ഏറെ അസ്വസ്ഥമാക്കുന്നു. നോട്ടു നിരോധനത്തിനു മുഖ്യകാരണങ്ങളിലൊന്നായി വിളമ്പിയ ഭീകരാക്രമണങ്ങളില്‍ വര്‍ധനയുണ്ടായിരിക്കുന്നു. നീതിപീഠങ്ങളില്‍ പോലും പരസ്യമായി ഇടപെടുന്ന, വെല്ലുവിളിക്കുന്ന ഒരു ഭരണകൂടം.
വിലക്കയറ്റവും അസമത്വവും ദാരിദ്ര്യവും വര്‍ധിച്ചുവരുന്ന മോദിഭരണകാലത്ത് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ബിജെപിയുടെ കുറുക്കുവഴി രാമക്ഷേത്ര നിര്‍മാണ വിഷയമാണ്. വൈകാരികമായ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ മറ്റെല്ലാം സാധാരണക്കാര്‍ മറക്കുമെന്നാണ് സംഘപരിവാരം കണക്കുകൂട്ടുന്നത്. അധികാരത്തില്‍ എത്തിക്കഴിഞ്ഞാല്‍ രാമക്ഷേത്ര നിര്‍മാണ അജണ്ട മച്ചിന്‍പുറത്തു കെട്ടിവയ്ക്കാം, അടുത്ത തിരഞ്ഞെടുപ്പില്‍ പൊടിതട്ടിയെടുക്കാന്‍. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss