|    Jul 19 Thu, 2018 11:41 am
FLASH NEWS

ക്ഷേത്രത്തിനു പോലിസ് ഉന്നതന്റെ ഭൂമിദാനം; അന്വേഷണം തുടങ്ങി

Published : 22nd September 2017 | Posted By: fsq

 

കോഴിക്കോട്: പോലിസ് സേനയുടെ ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി നീക്കിവച്ച ഭൂമി ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ആരാധനാലയത്തിനു കൈമാറാനുള്ള നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. പോലിസ് ക്വാര്‍ട്ടേഴ്‌സിനായി മാറ്റിവച്ച ഭൂമി മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിനു കൈമാറാനുള്ള നീക്കമാണ് വിവാദത്തെ തുടര്‍ന്ന് അന്വേഷിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിശ്വാസപരമായ കാര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപണം നിലനില്‍ക്കേയാണ് പോലിസ്‌മേഖലയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെതിരേ ഭൂമിദാനം സംബന്ധിച്ച പരാതി ഉയര്‍ന്നത്. ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി പോലിസ് അധീനതയിലുള്ള ഭൂമി വിട്ടുനല്‍കുന്നത് നിയമാനുസൃതമാണോ എന്ന കാര്യത്തില്‍ സേനയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തതയില്ല. ഈ ഉദ്യോഗസ്ഥന്‍ ചുമതല ഏറ്റെടുത്തതിനു ശേഷം ക്ഷേത്രത്തിനായി പോലിസ് സേനാംഗങ്ങളുടെ സേവനവും സജീകരണങ്ങളും അനിയന്ത്രിതമായി വിനിയോഗിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ക്ഷേത്രത്തിനു ഭൂമി കൈമാറുന്നതിന്റെ മുന്നോടിയായി പോലിസ് ക്വാര്‍ട്ടേഴ്‌സിന്റെ മതില്‍ നേരത്തേ പൊളിച്ചു നീക്കിയപ്പോഴും സേനയില്‍ മുറുമുറുപ്പ് ഉയര്‍ന്നു. എന്നാല്‍, മറുപക്ഷത്ത് ഉന്നത ഉദ്യോഗസ്ഥനാണ് എന്നതുകൊണ്ടുതന്നെ സേനാംഗങ്ങള്‍ പരിധിവിട്ട് പ്രതികരിക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലായി. തന്നേയുമല്ല, എതിര്‍പ്പിനെ മതപരമായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ആശങ്കയും പ്രത്യക്ഷ പ്രതിഷേധത്തിന് തടയിട്ടു. ഇതേസമയം ഈ ഉദ്യോഗസ്ഥന്റെ പദവി മറന്നുള്ള ഇടപെടല്‍ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം നേരത്തേ റിപോര്‍ട്ട് സമര്‍പ്പിച്ചതായാണു വിവരം. നഗരത്തില്‍ ഇദ്ദേഹത്തിന്റെ മുന്‍കൈയില്‍ പുതുതായി ഒരു ക്ഷേത്രം പണിതതായും ഇതിന്റെ ധനസമാഹരണത്തിനായി പോലിസ് സേനാംഗങ്ങളേയും വാഹനങ്ങളേയും ദുരുപയോഗം ചെയ്തതായും ആരോപണം നിലനില്‍ക്കുന്നുണ്ട്. മുതലക്കുളം ക്ഷേത്രത്തിന്റെ പരിചരണ ചുമതല വര്‍ഷങ്ങളായി എആര്‍ ക്യാംപിലെ സേനാംഗങ്ങളാണ് നിര്‍വഹിക്കുന്നത്. സേനാംഗങ്ങളെ ഉപയോഗിച്ചാണ് ചുറ്റുമതിലും പൊളിച്ചത്. പോലിസുകാരുടെ കുറവ് ദൈനംദിന കൃത്യനിര്‍വഹണങ്ങള്‍ക്ക് തടസമാവുന്നു എന്ന് സിറ്റിപോലിസ് പരിതപിക്കുന്ന സമയത്തും സേനാംഗങ്ങളെക്കൊണ്ട് ക്ഷേത്ര പരിപാലന ജോലികള്‍ ചെയ്യിപ്പിച്ചതില്‍ ഇദ്ദേഹത്തിനു കിഴിലുള്ള ഓഫിസര്‍മാര്‍ക്കും അമര്‍ഷമുണ്ട്. ഇക്കാര്യങ്ങളില്‍ സേനാംഗങ്ങള്‍ക്കിടയില്‍ മുറുമുറുപ്പ് മൂര്‍ഛിച്ച വേളയിലാണ് പോലിസ് ക്വാര്‍ട്ടേഴ്‌സിനു നീക്കിവച്ച ഭൂമി ക്ഷേത്രത്തിന് കൈമാറുന്നു എന്ന വിവരം പുറത്തുവന്നതും സംഭവത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss