|    Dec 10 Mon, 2018 12:43 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ക്ഷേത്രങ്ങളിലെ അയിത്തം

Published : 2nd December 2018 | Posted By: kasim kzm

അവകാശങ്ങള്‍ നിഷേധങ്ങള്‍  – അംബിക
ഒരിക്കലും കണ്ടുപിടിക്കപ്പെടില്ലെന്നതാണ് പരോക്ഷമായ വിവേചനങ്ങളുടെ മുഖ്യ പ്രശ്നം. അതൊരാള്‍ക്ക് മറ്റൊരാളോട് പറഞ്ഞു മനസ്സിലാക്കാനാവില്ല. അനുഭവിക്കുന്നവര്‍ക്കാവട്ടെ അതിനെ തട്ടി നടക്കാനുമാവില്ല. ജാതിയുടെ മുഖ്യ പ്രശ്നങ്ങളിലൊന്നും അതാണ്. 19ാം നൂറ്റാണ്ടിന്റെ അവസാനവും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ജാതിവിരുദ്ധ നീക്കങ്ങളുടെ വേലിയേറ്റത്തിന് കേരളം സാക്ഷ്യംവഹിച്ചു. ജാതി അന്നൊരു പ്രത്യക്ഷ യാഥാര്‍ഥ്യമായിരുന്നു. പരസ്പരമുള്ള സ്പര്‍ശത്തെയും ദൃശ്യതയെയും പോലും അതു തടഞ്ഞുനിര്‍ത്തി. അക്കാലത്ത് ജാതി ആചരിക്കുന്നത് തെറ്റാണെന്നുപോലും ആരും കരുതിയിരുന്നില്ല. മറിച്ച് ജാതി ആചരിക്കുന്നവര്‍ മാന്യരായി പരിഗണിക്കപ്പെട്ടു. നമ്പൂതിരിക്കു മുന്നില്‍ പതിനാലടി മാറിനടന്ന് അയിത്തം ആചരിച്ചിരുന്ന തന്റെ കൗമാരകാലത്ത്, തന്നെ ഗുരുത്വമുള്ള കുട്ടിയായി യാഥാസ്ഥിതികര്‍ പുകഴ്ത്തിയിരുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാവും ഈഴവസമുദായ പ്രവര്‍ത്തകനുമായിരുന്ന ടി കെ മാധവന്‍ എഴുതിയിട്ടുണ്ട്.
കേരളീയ ആധുനികത ശക്തമായി ഏറ്റുമുട്ടിയത് ജാതിയെന്ന പ്രത്യക്ഷ യാഥാര്‍ഥ്യത്തോടാണ്. ദശകങ്ങള്‍ നീണ്ടുനിന്ന കടുത്ത സമരങ്ങള്‍ തന്നെ അതിനു വേണ്ടിവന്നു. പോരാട്ടങ്ങള്‍ വികസിക്കുകയും പൊതുകൂട്ടായ്മകള്‍ വളര്‍ന്നുവരുകയും ചെയ്തതോടെ ജാതി എന്ന പ്രത്യക്ഷ വിവേചനത്തിന് ഏകദേശം അറുതിയായി. പക്ഷേ, ആ ഘട്ടത്തിലും അതു പൂര്‍ണമായും പിന്‍വാങ്ങുകയായിരുന്നില്ല. ജൂതപ്രശ്നമെന്ന വിഖ്യാത പ്രബന്ധത്തില്‍ മതവും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ മതം ഭരണകൂടത്തില്‍ നിന്നു മാറിനില്‍ക്കുമ്പോഴും ദേശരാഷ്ട്രത്തില്‍ ഒരു സംഘടിതശക്തിയായി സമൂഹത്തില്‍ സ്വാധീനം വഹിക്കുന്നതെങ്ങനെയെന്ന് മാര്‍ക്സ് വെളിപ്പെടുത്തുന്നുണ്ട്. അതിനു സമാനമായാണ് ജാതിയും നമ്മുടെ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത്. പൊതുവില്‍ മലയാളിയുടെ പരസ്യജീവിതം ജാതിവിരുദ്ധമായിരിക്കുമ്പോഴും വ്യക്തിജീവിതം ജാതിനിഷ്ഠമായിത്തന്നെ തുടര്‍ന്നു. പരസ്യജീവിതത്തില്‍ പോലും അവന്‍ എങ്ങനെയാണ് ജാതി ആചരിക്കുന്നതെന്ന് ഇന്നു നമുക്കറിയാം. കണ്ണൂര്‍ അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ ജാത്യാചരണത്തിന്റെ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ഇതൊക്കെ എഴുതിയത്. സ്ത്രീകളെ ശബരിമലയില്‍ കയറ്റാമോ വേണ്ടയോ എന്നു കൂലങ്കഷമായി ചര്‍ച്ചചെയ്യുന്ന കാലത്തു തന്നെയാണ് ഇതും സംഭവിച്ചിട്ടുള്ളത്.
അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രം കണ്ണൂരിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ്. വാളെഴുന്നള്ളത്താണ് ഈ ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലൊന്ന്. വര്‍ഷത്തിലൊരിക്കല്‍ ഭഗവതി തിരുവായുധവുമായി വീടുകളില്‍ ചെന്ന് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കും. ഈ യാത്രയില്‍ ദലിത് വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ ഒഴിവാക്കിനിര്‍ത്തിയിരിക്കുകയാണെന്നാണ് ആരോപണം. വീടുകളുടെ സമീപത്തെത്തുമ്പോള്‍ താമസക്കാരുടെ ജാതി വെളിച്ചപ്പാടിന്റെ ചെവിയില്‍ കമ്മിറ്റിക്കാര്‍ പറഞ്ഞുകൊടുക്കും. ദലിത് വീടുകളാണെങ്കില്‍ വെളിച്ചപ്പാട് ഗൃഹസന്ദര്‍ശനം ഒഴിവാക്കും. നൂറ്റാണ്ടുകളായി തുടരുന്നതാണ് ഈ ആചാരമെന്നും അതില്‍ ഒരു വിവേചനവും ഇല്ലെന്നുമാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഉല്‍സവത്തിന് ഈ അനാചാരസംരക്ഷണത്തിനു നേതൃത്വം കൊടുത്തത് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനുമാണെന്നും ദലിത് സംഘടനാ പ്രവര്‍ത്തകനായ തെക്കന്‍ സുനില്‍കുമാര്‍ പറയുന്നു.
ക്ഷേത്രാവശ്യത്തിന് ഉപയോഗിക്കുന്ന തുണിയും വിളക്ക് തെളിയിക്കാനുള്ള തിരികളും നല്‍കാനുള്ള പാരമ്പര്യ അവകാശം കാലങ്ങളായി ദലിതര്‍ക്കാണ്. ചടങ്ങുകളില്‍ ഇതൊക്കെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെയാണ് ആചാരങ്ങളില്‍ നിന്ന് ദലിതരെ വിലക്കുന്നത്. 1955ലെ അയിത്താചരണത്തിനെതിരേയുള്ള നിയമമനുസരിച്ച് ഇതു കുറ്റകരമാണ്. വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ ജില്ലാ ഭരണകൂടം പലഘട്ടങ്ങളിലും ഇടപെട്ടിരുന്നെങ്കിലും ക്ഷേത്രഭരണസമിതി അത് അംഗീകരിക്കാനോ പാലിക്കാനോ തയ്യാറായിട്ടില്ല.
ക്ഷേത്രത്തിലെ അയിത്താചരണത്തിനെതിരേ പട്ടികജാതി-വര്‍ഗ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. എന്നിട്ടും പ്രശ്‌നങ്ങള്‍ക്ക് അറുതിയാവാത്തതിനാലാണ് സുനില്‍കുമാര്‍ പരാതി കൊടുത്തത്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍, തെളിവെടുപ്പു നടത്താന്‍ പോലിസ് തയ്യാറായിട്ടില്ല. ഇത്തരം വിവേചനങ്ങളൊക്കെ നിലനിര്‍ത്തുന്ന ക്ഷേത്ര ഭരണസമിതി സിപിഎം പ്രവര്‍ത്തകരുടെ മുന്‍കൈയിലാണു പ്രവര്‍ത്തിക്കുന്നതെന്നതാണ് മറ്റൊരു വിരോധാഭാസം. കണ്ണൂരിലെ സിപിഎം കോട്ടകളിലുള്ള നൂറുകണക്കിനു കാവുകളിലും ക്ഷേത്രങ്ങളിലും ഇപ്പോഴും അയിത്തം പാലിക്കപ്പെടുന്നുണ്ട്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss