|    Apr 20 Fri, 2018 9:05 am
FLASH NEWS

ക്ഷേത്രം തുറന്നു; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍

Published : 18th April 2016 | Posted By: SMR

പരവൂര്‍: മീനഭരണി ഉല്‍സവ ദിവസം വെടിക്കെട്ട് ദുരന്തം ഉണ്ടായ പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രം നട അപകടം നടന്ന് ഏഴ് നാളുകള്‍ക്ക് ശേഷം തുറന്നു. തന്ത്രി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പുണ്യാഹം, ശുദ്ധികലശം അടക്കമുള്ള കര്‍മങ്ങള്‍ നടത്തിയ ശേഷമാണ് നട തുറന്നത്.

അപകടത്തിന്റെ നടുക്കത്തില്‍ നിന്ന് ജനങ്ങള്‍ പൂര്‍ണമായും മുക്തരായിട്ടില്ലെങ്കിലും നിരവധി ഭക്തര്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തി. പതിനാറ് ദിവസം കഴിഞ്ഞ് ക്ഷേത്രം തുറന്നാല്‍ മതിയെന്ന് അഭിപ്രായം ഉണ്ടായിരുന്നെങ്കിലും ഇന്നലെ തന്നെ നട തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.ക്ഷേത്രത്തിന് മുഖാമുഖമായി തകര്‍ന്നുകിടന്ന പൂപ്പന്തലിന്റെ അവശിഷ്ടങ്ങള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ എടുത്തുമാറ്റി.ക്ഷേത്രത്തിന് മുന്‍വശത്തെ കളിത്തട്ടുകളും ക്ഷേത്രത്തിന്റെ കെട്ടിടവും മതിലുകളുമെല്ലാം ഫയര്‍ഫോഴ്‌സ് സംഘം വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തു. രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് സംഘമാണ് ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടത്.ക്ഷേത്ര കമ്മിറ്റി ഓഫിസിനുള്ളില്‍ ചിതറിക്കിടന്ന കണ്ണാടിച്ചില്ലുകളെല്ലാം സന്നദ്ധ പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. തുടര്‍ന്ന് ഓഫിസ് മുറികളും എല്ലാവരും ചേര്‍ന്ന് വെടിപ്പാക്കി. വടക്കേകമ്പപ്പുരയ്ക്ക് മുകളില്‍ സ്റ്റേജ് തകര്‍ന്ന് വീണ് കിടക്കുകയായിരുന്നു. ഇതും സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അഴിച്ചുമാറ്റി. നട തുറക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ക്ഷേത്രക്കിണര്‍ ശുചീകരിച്ചിരുന്നു.
ക്ഷേത്രഭാരവാഹികളില്‍ പകുതിയോളം പേര്‍ അറസ്റ്റിലാകുകയും മറ്റുള്ളവര്‍ ഒളിവില്‍ പോവുകയും ചെയ്ത സാഹചര്യത്തില്‍ ക്ഷേത്രനടത്തിപ്പ് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. ക്ഷേത്രം തുറക്കുന്ന ദിവസം സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരവൂര്‍ പോലിസിന് പരാതികളും ലഭിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ വന്‍ പോലിസ് സാന്നിധ്യത്തിലാണ് അമ്പലം തുറന്നത്. എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള കൊല്ലത്തെ ഡെപ്യൂട്ടി കവക്ടര്‍ വിജയകുമാര്‍, പരവൂര്‍ വില്ലേജ് ഓഫിസര്‍ ജ്യോതിഷ്‌കുമാര്‍, സിഐ എസ് ചന്ദ്രകുമാര്‍, എസ്‌ഐ ജസ്റ്റിന്‍ ജോണ്‍ തുടങ്ങിയവര്‍ രാവിലെതന്നെ ക്ഷേത്രപരിസരത്ത് എത്തിയിരുന്നു.അതേസമയം ക്ഷേത്രപരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. നഗരസഭയുടെ നേതൃത്വത്തിലാണ് ശുചീകരണം. സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്ഷേത്രത്തിന് സമീപത്തെ ഗുരുമന്ദിരത്തിലുള്ള കിണര്‍ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ച് വൃത്തിയാക്കി ശുചീകരിച്ചു. കമ്പത്തറയും തകര്‍ന്ന കമ്പപ്പുരയും ഇപ്പോഴും പോലിസ് ബന്തവസിലാണ്.
ബാക്കിയുള്ള പ്രദേശത്തെ ശുചീകരണവും ക്ലോറിനേഷനും രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണമായും പൂര്‍ത്തിയാക്കാനാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. യുദ്ധകാലാടിസ്ഥാനത്തിലാണ് ശുചീകരണം നടക്കുന്നത്.അതേസമയം ദുരന്തഭൂമിയിയില്‍ കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴ പെയ്ത് ചിലയിടത്ത് വെള്ളക്കെട്ട് ഉണ്ടായെങ്കിലും അത് ശുചീകരണത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല. ക്ഷേത്രപരിസരത്തെ നിരവധി വീടുകളുടെ ഓടിട്ട മേല്‍ക്കൂരയ്ക്കും കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ മഴകാരണം മുറികള്‍ക്കുള്ളില്‍ വെള്ളം കയറി. റവന്യൂ വകുപ്പ് അധികൃതര്‍ നാശനഷ്ടം തിട്ടപ്പെടുത്തുന്നത് പൂര്‍ത്തീകരിക്കാത്തതിനാല്‍ മിക്ക വീട്ടുകാരും അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടുമില്ല.പുറ്റിങ്ങല്‍ ക്ഷേത്രപരിസരത്തെ വീടുകളില്‍ വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ഉള്‍പ്പടെ തുടരുന്നുണ്ട്. . ടാങ്കറുകളിലും ജലം എത്തിക്കുന്നുണ്ട്.
കുപ്പിവെള്ള വിതരണമാണ് കൂടുതലായും നടക്കുന്നത്. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. വരും ദിവസങ്ങളിലും ഇത് തുടരാന്‍ തന്നെയാണ് തീരുമാനം. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മെഡിക്കല്‍ ക്യാംപ് ഇപ്പോഴും തുടരുകയാണ്. ഹോമിയോ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പോലിസ് സ്റ്റേഷന് സമീപത്തെ അങ്കണവാടിയിലും മെഡിക്കല്‍ ക്യാംപ് നടന്നു. സ്വകാര്യ സംഘടനകളുടെ ആഭിമുഖ്യത്തിലും മെഡിക്കല്‍ ക്യാംപ് നടക്കുന്നുണ്ട്. അതേസമയം ക്ഷേത്രപരിസരത്ത് താമസിക്കുന്നവരില്‍ നല്ലൊരു പങ്കിനും ഇപ്പോഴും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. വീട്ടമ്മമാര്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്നു. ചെറിയ ശബ്ദംപോലും അവരെ അലോസരപ്പെടുത്തുകയാണ്. ഇവര്‍ക്ക് സ്ഥിരമായി കൗണ്‍സലിങ് നടത്താനാണ് ആരോഗ്യവകുപ്പ് അധികൃതരുടെ തീരുമാനം. ക്ഷേത്രപരിസരം ഇപ്പോഴും പോലിസ് കാവലിലാണ്. നിരവധി പോലിസ് വാഹനങ്ങള്‍ ഇടതടവില്ലാതെ ഇവിടേയ്ക്ക് വന്നുപോകുന്നു. ദുരന്തസ്ഥലം നേരില്‍ കാണുന്നതിന് വിദൂര പ്രദേശങ്ങളില്‍ നിന്നുപോലും നൂറുകണക്കിന് ആള്‍ക്കാരാണ് ദിനംപ്രതി പുറ്റിങ്ങല്‍ക്ഷേത്രമൈതാനത്ത് എത്തുന്നത്.
കഴിഞ്ഞ പത്തിന് പുലര്‍ച്ചെ നടന്ന വെടിക്കെട്ടില്‍ 108 പേരാണ് ഇതുവരെ മരിച്ചത്. അമ്പതോളം പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. 114 പേര്‍ മരിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും പേരുകള്‍ ആവര്‍ത്തിച്ചതാണെന്ന് അധികൃതര്‍ വിശദീകരിച്ചിരുന്നു. 16 പേരെ ഇപ്പോഴും കണ്ടെത്തനായിട്ടില്ല. ഒമ്പതു പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss