|    Jul 23 Sun, 2017 4:41 pm
FLASH NEWS

ക്ഷീര വികസന വകുപ്പിന്റെ പാല്‍ പരിശോധനാ ലാബുകള്‍ ഇന്നുമുതല്‍

Published : 7th September 2016 | Posted By: SMR

പാലക്കാട്: ഓണം പ്രമാണിച്ച് കേരളത്തിലേക്ക് മായം കലര്‍ന്നതും നിര്‍ദ്ദിഷ്ട ഗുണനിലവാരം ഇല്ലാത്തതുമായ പാല്‍ വിപണിയിലേക്ക് എത്തുന്നത് തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാളയാര്‍, മീനാക്ഷിപുരം എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാല്‍ പരിശോധനാ ലാബ് സജ്ജമായി. ഇന്നുമുതല്‍ 13 വരെയാണ് ഈ ലബോറട്ടറികളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാല്‍ പരിശോധിക്കുക.
വാളയാര്‍ ചന്ദ്രാപുരത്തെ താല്‍ക്കാലിക കെട്ടിടത്തിലും മീനാക്ഷിപുരത്തെ വാണിജ്യനികുതി ചെക്ക്‌പോസ്റ്റിലുമാണ് ലാബ് ഒരുക്കിയിട്ടുള്ളത്. പരിശോധനാഫലങ്ങള്‍ അപ്പോള്‍ തന്നെ ഓണ്‍ലൈനായി എന്‍ട്രി ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയര്‍ ക്ഷീരവികസന വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പാലക്കാടിന്റെ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധയിനം പാലുകളുടെ ഗുണമേന്മ പരിശോധിക്കുന്നതിന് സിവില്‍ സ്റ്റേഷനില്‍ ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററും സ്ഥാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി പാല്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ലഭ്യമാണ്.
മായം കലര്‍ന്നതോ, നിര്‍ദ്ദിഷ്ട ഗുണനിലവാരമില്ലാത്തതോ ആയ പാല്‍ സാമ്പിളുകള്‍ കണ്ടെത്തിയാല്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കൈമാറുന്നതിന് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഡള്‍ട്ടറന്റ്‌സ്, ന്യൂട്രലൈസേഴ്‌സ്, പ്രിസര്‍വേറ്റീവ്‌സ് എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഈ താല്‍ക്കാലിക ലാബില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ പാലിലെ കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങള്‍ പരിശോധിക്കുന്നതിനും സൗകര്യമുണ്ട്.
പരിശോധനക്കായി ക്ഷീരവികസന വകുപ്പിന്റെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലെ 50 ജീവനക്കാരെ വാളയാര്‍, മീനാക്ഷിപുരം ചെക്ക്‌പോസ്റ്റുകളില്‍ നിയോഗിച്ചിട്ടുണ്ട്. ഏഴു പേരടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും ചെക്ക്‌പോസ്റ്റില്‍ ഉണ്ടായിരിക്കും.
ക്ഷീരവികസന വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി സുരേഷ്‌കുമാര്‍ പാല്‍ പരിശോധന പരിപാടിയ്ക്ക് നേതൃത്വം നല്‍കും. ചെക്ക്‌പോസ്റ്റുകളുടെ ചുമതല ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍ ജെ എസ് ജയസുജീഷിനും ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ചുമതല എ അനുപമയ്ക്കും ആയിരിക്കും. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് രാവിലെ ഒന്‍പതിന് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക