|    Mar 26 Sun, 2017 6:56 am
FLASH NEWS

ക്ഷീരമേഖലയില്‍ കടാശ്വാസ പദ്ധതി കൊണ്ടുവരും: തോമസ് ഐസക്ക്

Published : 10th July 2016 | Posted By: SMR

ആലപ്പുഴ: സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി വാങ്ങി നല്‍കിയ ഉരുക്കള്‍ മരണപ്പെട്ട് കടക്കെണിയിലായ ക്ഷീരകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കടാശ്വാസ പദ്ധതി കൊണ്ടുവരുമെന്ന് ധനകാര്യമന്ത്രി ഡോ. റ്റി എം തോമസ് ഐസക്ക് പറഞ്ഞു. ആര്യാട് ക്ഷീരസംഘം ഹാളില്‍ ക്ഷീരവികസന വകുപ്പ് ആര്യാട് ബ്ലോക്കിലെ 2016-17 വര്‍ഷത്തെ ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമവും കര്‍ഷക സഹായകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷീരമേഖലയെ സ്വയം പര്യാപ്തമാക്കാന്‍ ഭാവനാപൂര്‍ണമായ നടപടികള്‍ സ്വീകരിക്കും. കറവയന്ത്രം കൂടുതലായി ഉപയോഗിച്ച് കറവക്കാരുടെ കുറവ് പരിഹരിക്കണം. ക്ഷീരക്ഷേമനിധിയില്‍ ലഭിക്കുന്ന അംശാദായം പെന്‍ഷന്‍ നല്‍കിത്തുടങ്ങുമ്പോള്‍ തിരിച്ചുനല്‍കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. പാലിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി വരുമാനം കൂട്ടുന്നത് ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക സഹായകേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ നിര്‍വഹിച്ചു. പാല്‍പ്പാത്ര വിതരണ ഉദ്ഘാടനം ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് നിര്‍വഹിച്ചു. ആര്യാട് ബ്ലോക്കിലെ ക്ഷീരകര്‍ഷക ക്ഷേമിനിധിയില്‍ നിന്നുള്ള ധനസഹായം കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍ ജോണ്‍ ജേക്കബ് വള്ളക്കാലില്‍ വിതരണം ചെയ്തു. പാല്‍ സംഭരണത്തിലും ഗുണമേന്മയിലും മുന്നിലെത്തിയ ക്ഷീരസംഘത്തിനും ക്ഷീരകര്‍ഷകനും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കി.
ആര്യാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ്, മാരാരിക്കുളം തെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍, ജില്ലാ പഞ്ചായത്ത് അംഗം പി എ ജുമൈലത്ത്, കൊച്ചുത്രേസ്യ ജയിംസ്, എം എം മോഹനന്‍, സുമ ശശിധരന്‍, അനിത ഗോപിനാഥ്, എല്‍ സുസ്മിത, അജികുമാര്‍ ചിറ്റേഴത്ത് പ്രസംഗിച്ചു.
കന്നുകാലി പ്രദര്‍ശനം, സെമിനാര്‍, വന്ധ്യതാ പരിശോധനാ ക്യാംപ്, ക്ഷീര പ്രശ്‌നോത്തരി, കര്‍ഷക പരിശീലന പരിപാടി എന്നിവയും നടന്നു.

(Visited 39 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക