|    Nov 24 Fri, 2017 5:36 am
FLASH NEWS

ക്ഷീരകര്‍ഷകര്‍ തിരുവോണനാളില്‍ പട്ടിണിസമരം നടത്തും

Published : 10th August 2017 | Posted By: fsq

 

കല്‍പ്പറ്റ: സമഗ്ര ക്ഷീരകര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവോണനാളില്‍ മില്‍മ വയനാട് ഡയറിക്കു മുന്നില്‍ പട്ടിണി സമരം നടത്തുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷകരില്‍നിന്നു വാങ്ങുന്ന ഒരു ലിറ്റര്‍ പാലിന് 16 രൂപ 17 പൈസ ലാഭമുണ്ടാക്കുന്ന മില്‍മ സബ്‌സിഡിയുടെ പേരുപറഞ്ഞും കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്. സബ്‌സിഡി മുഴുവന്‍ എടുത്തുകളഞ്ഞ് ഉല്‍പാദകന് അധികവില നല്‍കണം. 2016 സപ്തംബര്‍ ഒന്നുമുതല്‍ 2017 ആഗസ്ത് 31 വരെ അളന്ന പാലിന് 10 രൂപ അധിക വില ബോണസായി അനുവദിക്കണം. നാലു ഫാറ്റുള്ള പാലിന് കര്‍ഷകന് ലിറ്ററിന് 31 രൂപ 93 പൈസ നല്‍കുമ്പോള്‍ മില്‍മ വാങ്ങുന്നത് 48 രൂപ 10 പൈസയാണ്. മില്‍മയുടെ തീവെട്ടിക്കൊള്ളയ്ക്ക് ക്ഷീരസംഘം പ്രതിനിധികളായി എത്തിയവരും കുടപിടിക്കുന്നു. വയനാട്ടുകാരന്‍ തന്നെയായ ചെയര്‍മാന്‍ ഓണറേറിയം ഇനത്തില്‍ പ്രതിവര്‍ഷം കൈപ്പറ്റുന്നത് 3.60 ലക്ഷം രൂപയാണ്. ഡയറക്ടര്‍മാര്‍ക്ക് സിറ്റിങ് ഫീസ് രണ്ടരലക്ഷം രൂപ. ഇതു മുഴുവന്‍ സഹിക്കേണ്ടത് പാവപ്പെട്ട ക്ഷീരകര്‍ഷകരാണ്. കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ നിരവധി പേര്‍ ഇപ്പോള്‍ ക്ഷീരമേഖലയെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍, മില്‍മ കടുത്ത ചൂഷണമാണ് തുടരുന്നത്. മറ്റു ജില്ലകളില്‍ കര്‍ഷകര്‍ക്ക് പാല്‍ പ്രാദേശിക വിപണിയില്‍ നല്ല വിലയ്ക്ക് വില്‍ക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍, വയനാട്ടില്‍ പ്രാദേശികമായി വില്‍പന നടക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് മില്‍മയെ ആശ്രയിക്കാതെ തരമില്ല. കഴിഞ്ഞ വര്‍ഷത്തെ വിലവര്‍ധനയില്‍ മാത്രം മില്‍മ മലബാര്‍ മേഖലയുടെ ലാഭം ആദ്യ ലാഭത്തിനു പുറമെ ഏഴുകോടി രൂപയാണ്. കാലിത്തീറ്റക്കടക്കം വന്‍ തോതില്‍ വിലവര്‍ധിച്ചിട്ടും കര്‍ഷകന് പാലിന് കൂടുതല്‍ വില നല്‍കാന്‍ മില്‍മ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തില്‍ നടത്തുന്ന പട്ടിണി സമരത്തിന് ബഹുജനങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും പിന്തുണ നല്‍കണമെന്നു ഭാരവാഹികളായ കെ ജി ജോര്‍ജ്, വേണു ചെറിയത്ത്, കെ വിജോയ്, എന്‍ സി ജോണ്‍, ജോസ് മങ്കുത്തേല്‍ അഭ്യര്‍ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക