|    Nov 17 Sat, 2018 2:18 pm
FLASH NEWS

ക്ഷീരകര്‍ഷകര്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും: മന്ത്രി കെ രാജു

Published : 1st March 2018 | Posted By: kasim kzm

ഇടുക്കി: ക്ഷീരകര്‍ഷകരുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് വനം- ക്ഷീരവികസന മന്ത്രി കെ രാജു പറഞ്ഞു. ക്ഷീരകര്‍ഷകരുടെയും കുടുംബാംഗങ്ങളെയും മൃഗസമ്പത്തിനെയും ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു. നെറ്റിത്തൊഴു സെന്റ് ഇസിദോര്‍ ചര്‍ച്ച് എസ്എംസി ഹാളില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഈ വര്‍ഷം ഡിസംബറോടെ സംസ്ഥാനം പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കും. കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ പാലുല്‍പാദനത്തില്‍ 17 ശതമാനം വര്‍ധനയുണ്ടായി. ഇപ്പോള്‍ സംസ്ഥാനത്തിന്റെ ആവശ്യകതയുടെ 83-85 ശതമാനം കൈവരിക്കാനായിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഉല്‍പാദന വര്‍ധന ഇക്കാലയളവില്‍ 14.5 ശതമാനമാണ്. ഇപ്പോഴുള്ള 1,82,000 ലിറ്റര്‍ പ്രതിദിന ഉല്‍പാദനം 2,82,000 ലിറ്റര്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തനങ്ങള്‍ നടത്തണം. ക്ഷീരകര്‍ഷക മേഖലക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ന ല്‍കുന്ന പിന്തുണയെ മന്ത്രി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍വര്‍ഷത്തെ 25 ലക്ഷം ധനസഹായത്തില്‍ നിന്ന് മൂന്ന് കോടിയായി തുക ഉയര്‍ത്തി.
സംസ്ഥാനത്തൊട്ടാകെ 2016-17 വര്‍ഷം തദ്ദേശഭരണ സ്ഥാപനങ്ങള്‍ ക്ഷീരമേഖലയില്‍ നീക്കിവച്ച 107 കോടിയാണ്. 2017-18ല്‍ 300 കോടി അധികമായി നല്‍കി 407 കോടിയായി വര്‍ധിപ്പിച്ചു. ഈ സര്‍ക്കാര്‍ ചുമതലയേറ്റശേഷം 152 വെറ്ററിനറി ഡോക്ടര്‍മാരെ നിയമിച്ചു. 85 ബ്ലോക്കുകളില്‍ രാത്രികാല സേവനം ഉറപ്പാക്കി. സംസ്ഥാനത്തും ദേശീയതലത്തിലും കന്നുകാലി സമ്പത്ത് കുറഞ്ഞുവരുകയാണ്. 2012ലെ കന്നുകാലി സെന്‍സസ് പ്രകാരം 2007ലേതില്‍ നിന്ന് 23 ശതമാനം കുറവുണ്ടായി. യഥാര്‍ത്ഥ ക്ഷീരകര്‍ഷകരെ മാത്രം പാല്‍ സൊസൈറ്റികളുടെ ഭരണനിര്‍വഹണം ഏല്‍പ്പിക്കുന്ന വിധം ക്ഷീരസംഘങ്ങളുടെ കാര്യത്തില്‍ മാറ്റമുണ്ടാക്കും. മറ്റുള്ളവരുടെ പാല്‍ അളന്ന് സൊസൈറ്റികളില്‍ തുടരുന്ന രീതി അനുവദിക്കില്ല. ക്ഷീരമേഖലയുടെ വികസനം ലക്ഷ്യമാക്കി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ലിഡാ ജേക്കബ് അധ്യക്ഷയായ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ക്ഷീരമേഖലയിലെ 38 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് പോരായ്മകള്‍ പരിഹരിച്ച് ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കും. ക്ഷീരമേഖലയില്‍ സ്വയം ഓഡിറ്റും ഉദ്യോഗസ്ഥതല ഓഡിറ്റും നിര്‍ബന്ധമാക്കും. ക്ഷീരസംഘങ്ങള്‍ മൂല്യവര്‍ധിത ഉല്‍പാദന മേഖലയിലേക്ക് കടക്കണം. പഞ്ചായത്തുകളില്‍ നിന്നും ആനുകൂല്യങ്ങള്‍ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ഒരുലക്ഷം രൂപയെന്ന വരുമാനപരിധി അഞ്ച് ലക്ഷമാക്കി വര്‍ദ്ധിപ്പിച്ച് ഉത്തരവായി. പാലുല്‍പാദനത്തിനുള്ള ഇന്‍സെന്റീവ് പരിധി 30,000 രൂപയില്‍ നിന്നും 40,000 രൂപയായി വര്‍ധിപ്പിച്ചു.
എറണാകുളം മേഖലയില്‍ ഏറ്റവും കൂടുതല്‍ ഇന്‍സെന്റീവിന് അര്‍ഹമായ നെറ്റിത്തൊഴു ക്ഷീരസംഘത്തിനുള്ള 1,09,290 രൂപയുടെ ചെക്ക് മന്ത്രി സംഘം പ്രസിഡന്റിന് കൈമാറി. വിവിധ ക്ഷീരകര്‍ഷക സംഘങ്ങള്‍ക്കുള്ള വിവിധ പുരസ്‌കാരങ്ങള്‍ മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. ഇ എസ്. ബിജിമോള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍ പി എ ബാലന്‍മാസ്റ്റര്‍, മോളി മൈക്കിള്‍, ശ്രീമന്ദിരം ശശികുമാര്‍, ആഗസ്തി അഴകത്ത്, ജിജി കെ ഫിലിപ്പ്, ഷീബാ ജയന്‍, കെ കെ ശിവരാമന്‍, ബിജി പാപ്പച്ചന്‍, സിബി പാറപ്പായി, കെ ജി ആര്‍ മേനോന്‍, ഡോ. കെ മുരളീധരന്‍, എ ആര്‍ രാജേഷ്, പി വി മാര്‍ക്കോസ് പുതുശ്ശേരിയില്‍, എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss